- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമനിർദ്ദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതി വന്നതോടെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു; കണ്ണൂരിൽ ഒരു വാർഡിൽ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം; ആന്തൂറിനും മലപ്പട്ടത്തിനും പിന്നാലെ തലശ്ശേരി മമ്പള്ളിക്കുന്ന് വാർഡിലും ഇടതിന് എതിരില്ല
കണ്ണൂർ: ജില്ലയിൽ ഒരു വാർഡിൽ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം. തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെയാണു സിപിഎം സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രികയിൽ നാമനിർദ്ദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതി വന്നതോടെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു.നാമനിർദ്ദേശകനായ കോൺഗ്രസ് അനുഭാവി പരാതി നൽകിയതു സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങിയാണെന്നു കോൺഗ്രസ് ആരോപിച്ചു. സിപിഎം കോട്ടയായ മമ്പള്ളിക്കുന്നിൽ കഴിഞ്ഞ തവണ സിപിഎം 671, കോൺഗ്രസ് 96, ബിജെപി 65 എന്നതായിരുന്നു വോട്ടുനില. ഇത്തവണ ബിജെപിക്കു സ്ഥാനാർത്ഥിയില്ല. ഇതോടെ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ച വാർഡുകളുടെ എണ്ണം 16 ആയി.
കണ്ണൂർ ജില്ലയിലും പതിനഞ്ചോളം സീറ്റിൽ സിപിഎം പ്രതിനിധികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആന്തൂർ നഗരസഭയിലെ ആറു ഡിവിഷനുകളിൽ സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും സിപിഎം പ്രതിനിധികൾ മാത്രമാണ് നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. തളിപ്പറമ്പ്, കയ്യൂർ- ചീമേനി തുടങ്ങിയിടത്തും എതില്ലാ ജയം സിപിഎം നേടിയിരുന്നു. കണ്ണൂരിൽ സ്വതന്ത്രവും നിർഭയവുമായി തെരഞ്ഞെടുപ്പ് നടത്താൻ സിപിഎം അനുവദിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു.
ആലപ്പുഴ കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിലും എതിർ സ്ഥാനാർത്ഥികളുടെ പത്രിക സൂഷ്മ പരിശോധനയിൽ തള്ളിപ്പോയതോടെ സിപിഎം സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎം സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച കെ.എ. പ്രമോദ് ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്റെയും ബിജെപി സ്ഥാനാർത്ഥിയുടെയും പത്രികകളാണ് തള്ളിയത്.
മറുനാടന് ഡെസ്ക്