കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആദിവാസി മേഖലയിൽ പെൺകുട്ടി മരിച്ചതിനു പിന്നിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. രണ്ടു ദിവസം മുൻപാണ് ആദിവാസി മേഖലയിലെ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പീഡന പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ എത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിൽ വീടിനടുത്തുള്ള ബന്ധുവും രണ്ടുകുട്ടികളുടെ പിതാവായ വ്യക്തിയുമായി കുട്ടി പ്രണയത്തിലാണ് എന്നു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടിയുടേതുകൊലപാതകമാണോ എന്ന സംശയവും ശക്തമാണ്.

ഇയാൾ വീട്ടിൽ വരാറുണ്ട് എന്നും ചൈൽഡ് ലൈനിൽ കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കുട്ടിയുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയത്. എന്നാൽ തന്നെ ആരും പീഡിപ്പിച്ചിട്ടില്ല എന്നും തനിക്ക് ഒരു പരാതിയും ഇല്ല എന്നും കുട്ടി പൊലീസിന് മൊഴി നൽകി. ആറളം എസ് ഐ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുത്തത്.

പിന്നീട് വൈകിട്ട് 5 മണിയോടെ കുട്ടി വീട്ടിലെ മുറിക്കുള്ളിൽ കയറി വാതിലടച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് കുട്ടിയുടെ അമ്മയും മൂന്ന് മക്കളും കണ്ണൂരിലെ സഹോദരിയോടൊപ്പം ആയിരുന്നു താമസിച്ചു വന്നത്. ഇത് ആദിവാസികൾക്കായി വിട്ടുനൽകിയ ഭൂമിയായിരുന്നു. മറ്റു മൂന്നു മക്കൾ പിതാവിനോടൊപ്പം വയനാടാണ് ആണ് താമസം.

ആത്മഹത്യ ചെയ്ത കുട്ടി വയനാട് താമസിച്ച സമയത്തും കണ്ണൂരിലെ ഈ അയൽവാസിയും നേരത്തെ പറഞ്ഞ ബന്ധുവുമായ വ്യക്തി ഇവിടെ വരാറുണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വീട്ടുകാർക്ക് വിട്ടുനൽകി. കുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്താണ് എന്ന് പൊലീസ് പരിശോധിക്കും.

കുട്ടി പ്രണയത്തിൽ ആയിരുന്ന ആളുമായി കേന്ദ്രീകരിച്ച് വരുംദിവസങ്ങളിൽ അന്വേഷണം നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കയ്യിൽ ലഭിച്ച ശേഷമായിരിക്കും ഈ കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് പൊലീസ് തീരുമാനമെടുക്കുക.