കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ചുറ്റുമതിലിന് മുകളിലൂടെ മദ്യം എത്തിച്ച് നൽകിയ സംഭവം വൻ വിവാദമാകുന്നു. ജയിലിനകത്തേക്ക് മതിലിന് മുകളിലൂടെ മദ്യം എറിഞ്ഞ് കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ജയിൽ ഡിജിപി ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടു.മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കൊടും കുറ്റവാളികളേയും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളേയും പാർപ്പിച്ചിരിക്കുന്ന സെൻട്രൽ ജയിലിൽ തടവുകാർക്ക് വഴിവിട്ട സഹായം നൽകുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ഇതിനുള്ള തെളിവാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
ജയിലിനകത്തേക്ക് രണ്ടു പേർ മദ്യക്കുപ്പി വലിച്ചെറിയുന്നതാണ് വീഡിയോയിൽ കാണുന്നത്. മദ്യം മാത്രമല്ല, മയക്കുമരുന്നും മൊബൈൽ ഫോണും ഇത്തരത്തിൽ തടവുകാർക്ക് ഇഷ്ടംപോലെ ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. മൊബൈൽ ഫോണിലൂടെ തടവുകാരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് പുറത്ത് നിന്നുള്ളവർ സാധനങ്ങൾ എത്തിക്കുന്നത്. ചെരുപ്പുകളിൽ ഒളിപ്പിച്ചാണ് സിംകാർഡുകളും മൊബൈൽഫോണും എത്തിക്കുക.

സന്ദർശകരെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ പ്രത്യേക സംവിധാനമൊന്നും ജയിലിലില്ല. സുരക്ഷാ ക്യാമറകളിൽ പലതും പ്രവർത്തനരഹിതമാണ്. രാഷ്ട്രീയ ആക്രമങ്ങളിൽ പ്രതികളായിട്ടുള്ള 200 പേരുൾപ്പടെ 1100 ഓളം തടവുകാരുണ്ട് കണ്ണൂർ സെൻട്രൽ ജയിലിൽ.നേരത്തെ,യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സബ് ജയിലിൽ കഴിയുന്ന ആകാശ് തില്ലേങ്കരിക്ക് ജയിൽ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായം ചെയ്തതായി പരാതി ഉയർന്നിരുന്നു. കേസിലെ മുഖ്യപ്രതി ആകാശ് തില്ലേങ്കരിയെ കാണാനെത്തിയ യുവതിക്ക് മണിക്കൂറുകളോളം ജയിലിനകത്ത് സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് പരാതിയുയർന്നത്. കൂത്തുപറമ്പ് സ്വദേശിനിയായ യുവതിക്കാണ് ജയിലിൽ ആകാശ് തില്ലേങ്കരിയെ കാണാൻ മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം സമയം അനുവദിച്ചത്. തടവുകാർക്ക് സന്ദർശകരുമായി കൂടിക്കാഴ്ച നടത്താൻ പ്രത്യേക സമയവും ചട്ടങ്ങളുമുണ്ടെങ്കിലും ഇതൊന്നും സ്‌പെഷൽ സബ് ജയിലിലെ സിപിഎം തടവുകാർക്ക് ബാധകമല്ലെന്നാണ് പുറത്തുവന്നത്.

ആഭ്യന്തര വകുപ്പിന് ജയിൽ വകുപ്പിനോട് ചിറ്റമ്മ നയമാണെന്ന് നേരത്തെ ജയിൽ ഡിജിപി ശ്രീലേഖ വിമർശിച്ചിരുന്നു. പലതവണ പരാതി പറഞ്ഞ് പൊലീസ് മേധാവിക്ക് കത്തയച്ചിട്ടും നടപടിയില്ല. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലിൽ പാർപ്പിക്കുന്നു. ജയിലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടിയില്ല. അന്തേവാസികളുടെ എണ്ണം കൂടി ജയിൽ നിറയാറായി. ഇതുമൂലം കൂടുതൽ തടവുകാരെ പരോളിൽ വിടുകയാണ്. ഇതൊഴിവാക്കുന്നതിനായി സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.