കണ്ണൂർ: കണ്ണൂർ വിമാനത്താവളം നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ ഉമ്മൻ ചാണ്ടി, കെ ബാബു അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് തലശ്ശേരി വിജിലൻസ് കോടതി തള്ളി. ഇക്കാര്യത്തിൽ വിശദ അന്വേഷണത്തിന് കോടതി നിർദ്ദേശിച്ചു. പുനരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ അസ്താനയോടാണ് കോടിത നിർദ്ദേശിച്ചിരിക്കുന്നത്.

അനധികൃതമായി ഭൂമി കൈമാറിയതിലും ഒരു ലക്ഷം മരങ്ങൾ മുറിച്ചതിലും അഴിമതി ആരോപിച്ച് ഇരിട്ടി സ്വദേശി ജയിംസ് നൽകിയ ഹർജിയാണ് കേസിന് ആധാരം. വിഷയത്തിൽ ത്വരിതാന്വേഷണത്തിന് തലശേരി വിജിലൻസ് കോടതിയുടെ ഉത്തരവിട്ടിരുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച തലശേരി വിജിലൻസ് ഡിവൈഎസ്‌പി അഴിമതി നടന്നിട്ടില്ലെന്നാണ് കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ടാണ് കോടതി തള്ളിയത്. ഇതോടെ മരംമുറയിൽ അന്വേഷണം തുടരും.

ഉമ്മൻ ചാണ്ടിയും ബാബുവും കൂടാതെ ജിജി തോംസൺ, ടോം ജോസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർക്കും കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) എംഡിയായിരുന്ന ചന്ദ്രമൗലിയും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. കിൻഫ്ര എം.ഡി. രാംനാസ്, എൽ.ആൻഡ്.ടി. മാനേജർ സജിൻലാൽ, അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ.കുര്യൻ എന്നിവരും പ്രതിസ്ഥാനത്താണ്. 70 ഏക്കർ ഭൂമി തുച്ഛവിലയ്ക്കാണ് സർക്കാർ കിയാലിന് കൈമാറിയതെന്നും 30,000 റബ്ബർ മരങ്ങൾ മുറിക്കാൻ അനുമതിയുള്ളിടത്ത് സർക്കാരിന് നഷ്ടപരിഹാരം നൽകാതെ 1 ലക്ഷത്തിലധികം മരങ്ങൾ മുറിച്ചെന്നുമാണ് ആരോപണം.

ഈ ഇടപടലിൽ വൻ അഴിമതി നടന്നെന്നാണ് പരാതിക്കാരന്റെ കോടതിയിൽ വാദിച്ചത്. ഇത് പ്രാഥമികമായി ശരിവച്ച് കൂടിയാണ് പുനരന്വേഷണത്തിന് കോടതി ഉത്തവിട്ടത്. അസ്താന വിജിലൻസ് ഡിജിപിയായി ചുമതലയേറ്റ ശേഷം വിജിലൻസിന് കോടതിയിൽ നിന്ന് ലഭിക്കുന്ന ആദ്യ തിരിച്ചടിയാണ് ഇത്. എന്നാൽ താൻ ചുമതലയേൽക്കുന്നതിന് മുമ്പുള്ള കേസെന്ന ആശ്വാസം അസ്താനയ്ക്കുണ്ട്. എന്നാലും മുൻ മുഖ്യമന്ത്രി അടക്കമുള്ളവർ പ്രതിയായ ഈ കേസ് അസ്താനയ്ക്ക് ഭാവിയിൽ കടുത്ത വെല്ലുവിളിയായി മാറും.

ക്രമക്കേട് നടന്നെന്ന പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ തലശ്ശേരി വിജിലൻസ് ജഡ്ജി വി.ജയറാം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിയായിരുന്ന കെ.ബാബു എന്നിവരുൾപ്പെടെ ഒമ്പത് പേരെ എതിർകക്ഷികളാക്കിയാണ് പരാതി നല്കിയത്. ഒരു ലക്ഷം മരം മുറിച്ചുമാറ്റിയതിലും ഭൂമി കൈമാറ്റം നടത്തിയതിലും ക്രമക്കേട് നടത്തി, സർക്കാർ ഭൂമി പാട്ടത്തിന് നല്കിയതിൽ ചട്ടം പാലിച്ചില്ല തുടങ്ങിയവയാണ് പരാതി. മരംമുറിയിലൂടെ ലഭിച്ച പണം ആർക്കെല്ലാം ലഭ്യമായി, അനധികൃത ഭൂമി കൈമാറ്റത്തിലൂടെയും പണം കൈമാറ്റത്തിലൂടെയും സർക്കാറിനുണ്ടായ നഷ്ടം, പ്രതികളുടെ ലാഭം, പങ്ക് എന്നിവ അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.

കണ്ണൂർ എയർപോർട്ടിന്റെ സന്തത സഹചാരിയായിരുന്നു അഴിമതി ആരോപണങ്ങളും. കരാറിന്റെ കൺസൾട്ടൻസിയിൽ തുടങ്ങിയ ആരോപണങ്ങൾ മരം മുറി ,ഖനനം എന്നിവ കടന്ന് എത്തി നിൽക്കുന്നത് ഭൂമി ക്രമവിരുദ്ധമായി ലീസിന് നൽകിയത് വഴി വൻ നഷ്ടം സർക്കാരിനുണ്ടായി എന്നും മറ്റുമാണ്. ലോകായുക്തയുടെ ഉത്തരവിൻ പ്രകാരം വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർ റെഡ്ഡി ക്ലീൻ ചിറ്റ് കൊടുത്ത കേസായിരുന്നു മരം മുറി ആരോപണവും മറ്റും. അതിന്റെ ചൂവട് പിടിച്ച് വിജിലൻസ് നൽകിയ അന്വേഷണ റിപ്പോർട്ടാണ് കോടതി തള്ളിക്കൊണ്ട് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ.ഹരീഷ് വാസുദേവൻ മുഖാന്തിരം സമർപ്പിച്ച പരാതിയിൽ വിജിലൻസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ട് തലശ്ശേരി വിജിലൻസ് കോടതിയാണ് പുനരന്വേഷണം ഉത്തരവിട്ടത്.

സർക്കാർ ഏറ്റെടുത്ത് കണ്ണൂർ ഇന്റർനാഷണൽ ഏയർപോർട്ട് ലിമിറ്റഡിന് (കിയാൽ) വിമാനത്താവള നിർമ്മാണത്തിന് കൈമാറിയ രണ്ടായിരത്തോളം ഏക്കർ ഭൂമിയിലെ ഒരു ലക്ഷത്തിലേറെമരങ്ങളാണ് അനധികൃതമായി മുറിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിന്റെയും മരംമുറി നിയന്ത്രണ കമ്മിറ്റിയുടെയും അനുമതിയുണ്ടെന്ന് പറഞ്ഞായിരുന്നു മരം മുറി. ഭൂമികൈമാറ്റം ചെയ്തതിൽ ഉദ്യോഗസ്ഥർ അനധികൃതമായി ഇടപെട്ടെന്നും ഭൂമി പാട്ടത്തിന് നൽകിയത് ചട്ടം പാലിച്ചല്ലെന്നും പരാതിയിൽ പറയുന്നു. മരംമുറിയിലൂടെ ആർക്കെല്ലാം പണം ലഭിച്ചുവെന്നും സർക്കാരിനുണ്ടായ നഷ്ടം എത്രയെന്നും അന്വേഷിക്കണമെന്നാശ്യപ്പെട്ട് ജയിംസ് ഹർജി നൽകിയത്.

ഒരു ചട്ടവും പാലിക്കാതെ മരങ്ങൾ മുറിച്ചത് ഉന്നതരുടെ പങ്കോടെയാണെന്ന് നേരത്തെ ആരോപണം ഉയർന്നു. മരംമുറി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജൻ എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.