- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവോര കച്ചവടക്കാരന്റെ ഉന്തുവണ്ടിയും പഴങ്ങളും ചവിട്ടിത്തെറിപ്പിച്ച് പൊലീസ്; കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുജനത്തിനു യാത്രാ തടസ്സം ഉണ്ടാക്കിയതിനും കേസും; കണ്ണൂർ പൊലീസിന്റെ അതിക്രമത്തിന്റെ വീഡിയോ കാണാം
കണ്ണൂരിൽ തെരുവോര കച്ചവടക്കാരന്റെ ഉന്തുവണ്ടിയും പഴങ്ങളും ചവിട്ടിത്തെറിപ്പിച്ച് പൊലീസ്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് കണ്ണൂരിലെ മാർക്കറ്റിൽ തെരുവോരത്ത് കച്ചവടം നടത്തിയയാളുടെ ഉന്തുവണ്ടിയും പഴങ്ങളും പൊലീസ് ചവിട്ടിത്തെറിപ്പിച്ചത്. സംഭവം ചിലർ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
തെരുവോരത്ത് ഉന്തുവണ്ടിയിൽ പഴക്കച്ചവടം നടത്തുന്നയാളുമായി ടൗൺ എസ്ഐ ബി.എസ്.ബാവിഷും സംഘവും വാക്കേറ്റമുണ്ടാകുന്നതും യുവാവിനെ തട്ടിമാറ്റുന്നതും വിഡിയോയിൽ കാണാം. പ്രകോപിതനായ എസ്ഐ ബാവിഷ് തിരികെ വന്നു ഉന്തുവണ്ടിൽ ചവിട്ടിയതോടെ പഴങ്ങൾ നിലത്ത് വീഴുകയും ചെയ്തു. സമീപത്തുണ്ടായവരാണു മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിച്ചത്.
സംഭവത്തെ കണ്ണൂർ ഡിസ്ട്രിക്ട് മർച്ചന്റ്സ് ചേംബർ അപലപിച്ചു. വഴിയോര കച്ചവടക്കാരോട് ഉത്തരേന്ത്യൻ മോഡലിൽ പൊലീസ് നടപടി കൈകൊള്ളുന്നതിനോട് യോജിക്കാനാകില്ല. നിയമപാലകർ തന്നെ പരസ്യമായി നിയമ ലംഘനം നടത്തുന്നത് പരിഷ്കൃത സമൂഹത്തിനു നിരക്കാത്തതാണ്. മാർക്കറ്റിൽ നടന്ന മനുഷ്യാവകാശ ലംഘനത്തെ പറ്റി ഉന്നത തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
പൊതുജനത്തിനു തടസ്സമാകും വിധം കച്ചവടം നടത്തിയതിനാണ് ഇടപെട്ടതെന്ന് കണ്ണൂർ ടൗൺ എസ്ഐ ബി.എസ്.ബാവിഷ് പറഞ്ഞു. നേരത്തേയും ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. റോഡരികിൽ വച്ച പഴങ്ങൾ നീക്കുക മാത്രമാണ് ചെയ്തത്. പഴം മൊത്തവിതരണക്കാരുടെ പ്രതിനിധിയായാണ് ഇയാൾ കച്ചവടത്തിന് എത്തിയത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുജനത്തിനു യാത്രാ തടസ്സം ഉണ്ടാക്കിയതിനും കേസ് എടുത്തെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ കാണാം..
മറുനാടന് ഡെസ്ക്