കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്താൻ കളക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന ഉഭയകക്ഷി സമാധാന യോഗം തീരുമാനിച്ചു. അക്രമങ്ങൾ പടരാതിരിക്കാൻ പ്രാദേശിക തലത്തിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകുമെന്ന് ബിജെപി, സിപിഎം നേതാക്കൾ ഉറപ്പുനൽകിയതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കളക്ടർ മിർ മുഹമ്മദലി വിളിച്ചുചേർത്ത ഉഭയകക്ഷി യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.പി. സഹദേവൻ, എ.എൻ. ഷംസീർ എംഎൽഎ, എം. സുരേന്ദ്രൻ (സിപിഎം), എം. സി.പവിത്രൻ, പി. സത്യപ്രകാശ് (ബിജെപി), കെ. പ്രമോദ്, കെ.വി. ജയരാജൻ (ആർഎസ്എസ്) എന്നിവരും പങ്കെടുത്തു.

പള്ളൂർ ന്യൂമാഹി മേഖലയിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകങ്ങളും തുടർന്നു നടന്ന സംഘർഷത്തെക്കുറിച്ചും ഉഭയകക്ഷി യോഗം വിശദമായി ചർച്ച നടത്തിയതായി കെ.പി. സഹദേവൻ മാധ്യമങ്ങളോട് പറഞ്ഞു. സമാധാന അന്തരീക്ഷം ഉണ്ടാക്കാനും അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഇരുപാർട്ടികളും യോജിച്ചുനീങ്ങും. ഓരോ പാർട്ടികളും അവരുടെ അണികളെ ഇക്കാര്യം ബോധ്യപ്പെടുത്തും. സിപിഎം ബിജെപിയും തുടർന്നും സമാധാനം ഉണ്ടാക്കാൻ അണികൾക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പള്ളൂരിലെ രണ്ടു കൊലപാതകവും നിർഭാഗ്യവും വേദനാജനകവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ ശക്തമായി അപലപിക്കുന്നു. വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അത് ഇരുപാർട്ടികളും പരിശോധിക്കും. താഴെതട്ടിൽ പരിപൂർണമായ സമാധാനം ഉണ്ടാക്കാൻ പ്രയത്‌നിക്കും. ഇക്കാര്യങ്ങൾ അണികൾ അംഗീകരിക്കുമെന്നാണ് വിശ്വാസം. സമാധാനം ഉറപ്പാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണം. ഇക്കാര്യം ഭരണകൂടത്തിന്റെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തും. മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകുമെന്ന് എസ്‌പിയും കളക്ടറും അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണത്തെപ്പറ്റി ചർച്ച ചെയ്തില്ല. അന്വേഷണം പുരോഗമിക്കുകയാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.

കളക്ടർ വിളിച്ചുചേർത്ത സമാധാനയോഗം വൈകുന്നേരം ആറിന് കളക്ടറേറ്റിൽ ചേരുമെന്നാണ് അറിയിപ്പുണ്ടായത്. അഞ്ചരയോടെ ചർച്ച റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്പട കളക്ടറേറ്റിൽ എത്തിയിരുന്നു. എന്നാൽ 6.15 ആയിട്ടും കളക്ടറോ രാഷ്ട്രീയ നേതാക്കളോ എത്തിയില്ല. തുടർന്ന് മാധ്യമ പ്രവർത്തകർ പൊലീസിലും മറ്റും വിളിച്ച് അന്വേഷിച്ചപ്പോഴാണ് രഹസ്യമായി ചർച്ച കളക്ടറുടെ ക്യാമ്പ ഓഫീസിലേക്ക് മാറ്റിയതായി അറിയുന്നത്. നിരവധി സമാധാന ചർച്ചകൾ കണ്ണൂരിൽ നടന്നിട്ടുണ്ടെങ്കിലും കളക്ടറുടെ ക്യാമ്പ ഓഫീസിൽ ഇതാദ്യമാണ്. തുടർന്ന് മാധ്യമ പ്രവർത്തകർ കളക്ടറുടെ വസതിയിലെത്തി.

എന്നാൽ കളക്ടറുടെ വീടിന്റെ ഗെയിറ്റ് അടച്ചു. മാധ്യമ പ്രവർത്തകരെ അകത്തു കടത്തിവിടാൻ കളക്ടറുടെ നിർദ്ദേശ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. കളക്ടറുടെ വീട്ടിൽ അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. 6.15ന് ആരംഭിച്ച ഉഭയകക്ഷി ചർച്ച 7.50 വരെ നീണ്ടുനിന്നു. ടൗൺ സിഐ ടി.കെ. രത്‌നകുമാർ, എസ്‌ഐ ശ്രീജിത്തുകൊടേരി എന്നിവരും മാധ്യമപ്രവർത്തകരോടൊപ്പം കളക്ടറുടെ വസതിയുടെ ഗെയിറ്റിനു മുന്നിൽ കാത്തിരുന്നു. ചർച്ച കഴിഞ്ഞ് പൊലീസ് മേധാവിയാണ് ആദ്യം ഇറങ്ങിയത്. തുടർന്ന് സിപിഎം നേതാക്കളായ കെ.പി. സഹദേവനും എ.എൻ. ഷംസീർ എംഎൽഎയും പിറകിലായി ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശും പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചു.