മാഹി: പള്ളൂരിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയത് ആർ എസ് എസുകാരാണെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ എട്ടു പേരാണുണ്ടായിരുന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഒ.പി രജീഷ്., മസ്താൻ രാജേഷ്, കാരിക്കുന്നേൽ സുനി, മഗ്‌നീഷ് എന്നീ നാല് ആർഎസ്എസ് പ്രവർത്തകരുടെ പേര് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.

ഇവർ ഒളിവിലാണ്. ആക്രമത്തിന് പിന്നിൽ എട്ട് അംഗ സംഘം ഉണ്ടായിരുന്നു. നാലു പേർ ചേർന്ന് ബാബുവിനെ വീട്ടിലേക്ക് കയറുന്നത് തടഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ മറ്റ് നാലു പേർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത കൊലയാണെന്നും അധികം വെട്ടുകളില്ലാതെ കഴുത്തിന് കൃത്യമായി വെട്ടിക്കൊല്ലുകയാരുന്നുമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആർഎസ്എസ് പ്രവർത്തകൻ ഷമോജിനെ വെട്ടിയത് ആറംഗം സംഘമാണെന്നും പൊലീസ് അറിയിച്ചു.

അതിനിടെ കൊല്ലപ്പെട്ട സിപിഎം. നേതാവും മുൻ മാഹി മുൻസിപ്പൽ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബു നിരവധി സാമൂഹിക ഇടപെൽ നടത്തിയിരുന്ന വ്യക്തിയായിരുന്നു. പാർട്ടിക്ക് അപ്പുറത്ത് ജനങ്ങൾ സംഘടിപ്പിച്ച് മുന്നേറുന്നതിനിടെയാണ് മരണമെത്തുന്നത്. അദ്ദേഹം ദേശീയ പാതാ ബൈപാസ് കർമ്മസമിതി കൺവീനറായിരുന്നു. മാഹിലൂടെ കടന്നു പോകുന്ന ബൈപാസിന് സ്ഥലം വിട്ട് കൊടുക്കുന്നവർക്കുള്ള നഷ്ടപരിഹാര തുക നേടിയെടുക്കുന്ന ശ്രമത്തിനിടയിലാണ് അദ്ദേഹം കൊലക്കത്തിക്കിരയായത്.

ബൈപാസ് വിഷയത്തിൽ രാഷ്ട്രീയമോ നിറമോ നോക്കാതെ എല്ലാവർക്കും ഒപ്പമിരുന്ന് ചർച്ച നടത്താനും സമരം നയിക്കാനും ബാബു മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. ബൈപാസ് കാര്യത്തിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന യോഗങ്ങളിലും ഇതര രാഷ്ട്രീയക്കാർക്കൊപ്പം ബാബു വേദി പങ്കിട്ടിരുന്നു. ബാബുവിന്റെ ഇടപെടൽ എല്ലാവരും അംഗീകരിക്കുകയും ചെയ്തു. എന്നാൽ പത്ത് വർഷം മുമ്പ് ആർ.എസ്. എസ്. പ്രവർത്തകരുടെ ഇരട്ട കൊലയുടെ പ്രധാന ആസൂത്രകൻ എന്ന നിലയിലാണ് എതിരാളികൾ ഇദ്ദേഹത്തെ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ അവർ ബാബുവിനെ മുമ്പും ആക്രമിക്കാൻ ഒരുങ്ങിയിരുന്നു.

2010 ൽ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത് , ഷിനോജ് എന്നിവരെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ടിപി വധക്കേസ് പ്രതിയായ കൊടി സുനിയും സംഘവുമായിരുന്നു പ്രതികൾ. ഷിനോജിന്റെയും വിജിത്തിന്റെയും കൊലപാതകം ആസൂത്രണം ചെയ്തയാളെന്ന് ആർഎസ്എസ് ആരോപിക്കുന്നത് തണ്ണിപ്പൊയിൽ ബാബുവിനെയാണ്. ന്യൂ മാഹി-പെരിങ്ങാടി റോഡിൽ വെച്ച് അക്രമിക്കപ്പെട്ട ഷമേജ് പത്ത് വർഷം മുമ്പ് വരെ ആർ. എസ്.എസിന്റെ സജീവ പ്രവർത്തനകനായിരുന്നു. എന്നാൽ അടുത്ത കാലത്ത് അനുഭാവിയായി മാത്രം കഴിഞ്ഞു വരികയായിരുന്നു ഷമേജ്. രാഷ്ട്രീയത്തിന്റെ പേരിൽ ഷമേജിന് പ്രത്യക്ഷത്തിൽ ആരും ശത്രുക്കളായി ഇല്ലെന്നായിരുന്നു അറിവ്. കുടുംബ ജീവിതത്തിൽ കൂടുതൽ താത്പര്യമെടുത്ത് കഴിഞ്ഞു വരവേയാണ് ഷമേജ് കൊലക്കത്തിക്ക് ഇരയായത്.

അതിനിടെ സിപിഎം പ്രവർത്തകൻ ബാബുവിന്റെ കൊലപാതകത്തിൽ ആർഎസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ കൊലക്കത്തി താഴെ വയ്ക്കാൻ തയാറല്ലെന്നാണ് ഈ കൊലപാതകത്തിലൂടെ വീണ്ടും തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ആർഎസ്എസ് ആക്രമങ്ങൾക്കെതിരായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിൽനിന്നും പ്രതിഷേധം ഉയർന്നുവരണം. തൊക്കിലങ്ങാടിയിൽ നടന്ന ആർഎസ്എസ് ക്യാമ്പിന് പിന്നാലെയാണ് സിപിഎം പ്രവർത്തകനെ വധിച്ചത്. മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകം നിർഭാഗ്യകരമാണെന്നും ഇത്തരം സംഭവം ഇനി ആർത്തിക്കാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു.

ബാബുവിന്റെ കൊലപാതകത്തിൽ മാഹി പൊലീസിന്റെ ഫലപ്രദമായ അന്വേഷണം വേണം. ആർഎസ്എസിനെ സഹായിക്കുന്ന മാഹി പൊലീസിന്റെ സമീപനം തിരുത്താൻ തയാറാവണം. ഇതിന്റെ പിന്നാലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ണൂരിൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തുന്നു. ഒരു അക്രമസംഭവം നടന്നതിന്റെ പിന്നാലെ പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും കുമ്മനം പറഞ്ഞു.

കണ്ണൂരിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും തമ്മിൽ വ്യത്യാസമൊന്നുമില്ല. രണ്ട് കൊലപാതകങ്ങളിലും പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പ്രതിസ്ഥാനത്ത് നിൽക്കുന്നവരുടെ രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തുകൊലപാതകങ്ങൾ വർധിച്ചുവരികയാണ്. കണ്ണൂരിൽ ഉൾപ്പെടെ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടന്ന ആക്രമ സംഭവങ്ങൾക്ക് മറുപടി പറയാൻ പിണറായി സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കുമ്മനം പറഞ്ഞു.

അക്രമപ്രവർത്തനം നടത്തുന്നവർക്ക് നിർബാധം അത് തുടരാനുള്ള അവസരം ഇപ്പോൾ കേരളത്തിലുണ്ട്. അക്രമവും സംഘർഷവും നടക്കുന്ന മേഖലകളിൽ ജീവിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.