മാഹി: പള്ളൂരിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയത് ആർ എസ് എസുകാരാണെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ എട്ടു പേരാണുണ്ടായിരുന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഒ.പി രജീഷ്., മസ്താൻ രാജേഷ്, കാരിക്കുന്നേൽ സുനി, മഗ്‌നീഷ് എന്നീ നാല് ആർഎസ്എസ് പ്രവർത്തകരുടെ പേര് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.

ഇവർ ഒളിവിലാണ്. ആക്രമത്തിന് പിന്നിൽ എട്ട് അംഗ സംഘം ഉണ്ടായിരുന്നു. നാലു പേർ ചേർന്ന് ബാബുവിനെ വീട്ടിലേക്ക് കയറുന്നത് തടഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ മറ്റ് നാലു പേർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത കൊലയാണെന്നും അധികം വെട്ടുകളില്ലാതെ കഴുത്തിന് കൃത്യമായി വെട്ടിക്കൊല്ലുകയാരുന്നുമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആർഎസ്എസ് പ്രവർത്തകൻ ഷമോജിനെ വെട്ടിയത് ആറംഗം സംഘമാണെന്നും പൊലീസ് അറിയിച്ചു.

അതിനിടെ കൊല്ലപ്പെട്ട സിപിഎം. നേതാവും മുൻ മാഹി മുൻസിപ്പൽ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബു നിരവധി സാമൂഹിക ഇടപെൽ നടത്തിയിരുന്ന വ്യക്തിയായിരുന്നു. പാർട്ടിക്ക് അപ്പുറത്ത് ജനങ്ങൾ സംഘടിപ്പിച്ച് മുന്നേറുന്നതിനിടെയാണ് മരണമെത്തുന്നത്. അദ്ദേഹം ദേശീയ പാതാ ബൈപാസ് കർമ്മസമിതി കൺവീനറായിരുന്നു. മാഹിലൂടെ കടന്നു പോകുന്ന ബൈപാസിന് സ്ഥലം വിട്ട് കൊടുക്കുന്നവർക്കുള്ള നഷ്ടപരിഹാര തുക നേടിയെടുക്കുന്ന ശ്രമത്തിനിടയിലാണ് അദ്ദേഹം കൊലക്കത്തിക്കിരയായത്.

ബൈപാസ് വിഷയത്തിൽ രാഷ്ട്രീയമോ നിറമോ നോക്കാതെ എല്ലാവർക്കും ഒപ്പമിരുന്ന് ചർച്ച നടത്താനും സമരം നയിക്കാനും ബാബു മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. ബൈപാസ് കാര്യത്തിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന യോഗങ്ങളിലും ഇതര രാഷ്ട്രീയക്കാർക്കൊപ്പം ബാബു വേദി പങ്കിട്ടിരുന്നു. ബാബുവിന്റെ ഇടപെടൽ എല്ലാവരും അംഗീകരിക്കുകയും ചെയ്തു. എന്നാൽ പത്ത് വർഷം മുമ്പ് ആർ.എസ്. എസ്. പ്രവർത്തകരുടെ ഇരട്ട കൊലയുടെ പ്രധാന ആസൂത്രകൻ എന്ന നിലയിലാണ് എതിരാളികൾ ഇദ്ദേഹത്തെ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ അവർ ബാബുവിനെ മുമ്പും ആക്രമിക്കാൻ ഒരുങ്ങിയിരുന്നു.