- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിഗ് ശതമാനത്തിൽ കണ്ണൂർ കോൺഗ്രസ്സിൽ കലാപം; സുധാകരനും ഡി.സി.സിക്കുമെതിരെ കുറ്റ പത്രമൊരുങ്ങുന്നു; മണൽ-വിദ്യാഭ്യാസ മാഫിയക്കളും കോൺഗ്രസ്സ് സ്ഥാനാർത്ഥികളായെന്നാരോപണം
കണ്ണൂർ: കണ്ണൂർ കോൺഗ്രസ്സിൽ ഇനി കലാപത്തിന്റെ നാളുകൾ. പോളിങ് ശതമാനം കുറഞ്ഞതിനെ ഡി.സി.സി.യേയും കെ.സുധാകരനേയും പഴിചാരി എതിർ ഗ്രൂപ്പുകാർ രംഗത്ത്. ജില്ലയിലെ ശരാശരി വോട്ടിങ് ശതമാനത്തിനും ഏറെ പിന്നിലാണ് കണ്ണൂർ കോർപ്പറേഷനിൽ പോളിങ് നടന്നത്. കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിയെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എ
കണ്ണൂർ: കണ്ണൂർ കോൺഗ്രസ്സിൽ ഇനി കലാപത്തിന്റെ നാളുകൾ. പോളിങ് ശതമാനം കുറഞ്ഞതിനെ ഡി.സി.സി.യേയും കെ.സുധാകരനേയും പഴിചാരി എതിർ ഗ്രൂപ്പുകാർ രംഗത്ത്. ജില്ലയിലെ ശരാശരി വോട്ടിങ് ശതമാനത്തിനും ഏറെ പിന്നിലാണ് കണ്ണൂർ കോർപ്പറേഷനിൽ പോളിങ് നടന്നത്.
കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിയെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് പോളിഗ് ശതമാനം ആശ്വാസകരമല്ല. കണ്ണൂർ ഡി.സി.സി.ക്കും മേലെ കെ.സുധാകരൻ നേരിട്ടിടപെട്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ചാണ് കോൺഗ്രസ്സ് മത്സര രംഗത്തിറങ്ങിയത്. മറ്റു ഗ്രൂപ്പുകാരുടെ അഭിപ്രായങ്ങൾ പാടെ നിരസിച്ച് കോൺഗ്രസ്സിന്റെ ഔദ്യോദിക സ്ഥാനാർത്ഥികൾക്കെതിരെ റിബലുകളെ ക്ഷണിച്ചു വരുത്തുന്ന നടപടിയും സുധാകരന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയ സമയത്തു തന്നെ കണ്ണൂരിലെ കെപിസിസി. ഭാരവാഹികൾ അടക്കമുള്ളവർ കെപിസിസി. നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പരമ്പരാഗത കോൺഗ്രസ്സുകാർ വോട്ട് ചെയ്യാൻ എത്തിയില്ല എന്നതാണ് പോളിഗ് ശതമാനം കുറയാൻ കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോൺഗ്രസ്സിനും യു.ഡി.എഫിനുമാണ് എന്നും മുൻതൂക്കമുള്ളത്. സ്ഥാനാർത്ഥി നിർണ്ണയം തൊട്ട് ഡി.സി.സി.യും കെ.സുധാകരനും അവരുടെ അപ്രമാധിത്വത്തിനു വേണ്ടി തന്നിഷ്ടം പോലെയാണ് സീറ്റ് നൽകിയത്. കോൺഗ്രസ്സുമായി പുലബന്ധം പോലുമില്ലാത്തവർ സി.പി..ഐ.(എം), സീറ്റ് നിഷേധിച്ചവർ തുടങ്ങി പാർട്ടി വിരുധർ പോലും കോൺഗ്രസ്സ് ടിക്കറ്റിൽ കണ്ണൂർ കോർപ്പറേഷനിൽ സ്ഥാനാർത്ഥികളാണ്. ഇതെല്ലാം കൊണ്ട് പരമ്പരാഗതമായി കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നവർ നല്ലൊരു ശതമാനം വോട്ടെടുപ്പിൽ നിന്നും മാറി നിന്നു. എൽ.ഡി.എഫിലെ ചില മികച്ച സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ്സ് കുടുംബത്തിൽ നിന്നും വോട്ട് ചോരുകയുമുണ്ടായി.
കണ്ണൂർ കോർപ്പറേഷൻ ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് വോട്ടിനിറങ്ങിയത്. എന്നാൽ 69.73 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞപോളിഗ് ശതമാനമാണിത്. ക്രിമിനൽ പശ്ചാത്തലമുള്ളവരും വിദ്യാഭ്യാസ മാഫിയക്കാരും കോൺഗ്രസ്സിന്റെ പേരിൽ മത്സരിക്കുന്നതായി സുധാകരവിരുദ്ധർ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു. പഴയ കണ്ണൂർ മുൻസിപ്പാലിറ്റി പള്ളിക്കുന്ന് പുഴാതി എന്നീ പഞ്ചായത്തുകളും യു.ഡി.എഫ് സ്വാധീന മേഖലയാണ്. എന്നാൽ ഇവിടങ്ങളിൽ നിന്നും പോളിഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിന് ദോഷം ചെയ്യും. ചിറക്കലും ചേലോറയും മാത്രമാണ് എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങൾ. എടക്കാട് ബലാ ബലവും. എന്നിട്ടും എൽ.ഡി.എഫ് ഇപ്പോൾ വിജയ പ്രതീക്ഷയിലാണ്. യു.ഡി.എഫ് ആശങ്കയിലും.
കോൺഗ്രസ്സിലെ സ്ഥാന മോഹികളുടെ ആശാ കേന്ദ്രമാണ് കണ്ണൂർ. അതുകൊണ്ടു തന്നെ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ സ്വാധീനമില്ലാത്ത നേതാക്കൾ സ്ഥാനം തേടിയെത്തുന്നത് കണ്ണൂരിലാണ്. കഴിഞ്ഞ മുൻസിപ്പാൽ ഭരണത്തിൽ ഇങ്ങനെ എത്തിയ ഒരാൾ വൈസ്‌ചെയർമാനായി. അതിന്റെ മറ പിടിച്ച് കിഴക്കൻ മലയോരത്തു നിന്നും ഒരു യുവ നേതാവ് കണ്ണൂരിൽ വോട്ട് ഉറപ്പിച്ച് അങ്കത്തിനിറങ്ങി. കെപിസിസി.യുടെ മഹിളാ ജനറൽ സെക്രട്ടറി പുലബന്ധം പോലുമില്ലാത്ത സ്ഥലത്ത് ഇക്കുറി മത്സരിക്കുകയുണ്ടായി. പ്രാദേശിക പ്രവർത്തകരിൽ അടിച്ചേൽപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രവാഹമായിരുന്നു കോൺഗ്രസ്സിൽ ഉണ്ടായത്. എക്കാലത്തും കോൺഗ്രസ്സിന് വോട്ട് ചെയ്തിരുന്ന കണ്ണൂരിലെ പ്രമുഖ തറവാടുകളിൽ നിന്നുള്ള വോട്ടുകൾ കോൺഗ്രസ്സിൽ നിന്നും ചോർന്നു. പലരും വോട്ട് ചെയ്യാതെ മാറി നിന്നു. ഒരു പരിധി വരെ എൽ.ഡി.എഫിനും ഇതിന്റെ നേട്ടം കൈവരിക്കാനാവുമെന്ന് കരുതുന്നു.
പള്ളിക്കുന്ന് പഞ്ചായത്തിൽ സുധാകരൻ ഗ്രൂപ്പ് വിട്ട പി.കെ. രാഗേഷ് കോർപ്പറേഷനായി മാറിയ കണ്ണൂരിലെ സ്ഥാനാർത്ഥിയാണ്. കോർപ്പറേഷനിലെ ഏഴു വാർഡുകളിൽ റിബലുകളെ നിർത്തി ഡി.സി.സി.യെ വെല്ലു വിളിച്ചാണ് രാഗേഷ് മത്സരിച്ചത്. ആദ്യം രാഗേഷിന് സീറ്റ് നൽകുകയും പിന്നീട് നിഷേധിക്കുകയും ചെയ്ത ഡി.സി.സി. നടപടിക്കെതിരാണ് ഈ മേഖലയിലെ കോൺഗ്രസ്സുകാർ ഏറേയും. രാഗേഷും കൂട്ടരും ജയിച്ചു വന്നാൽ ഡി.സി.സി.ക്കും സുധാകരനുമെതിരേയുമുള്ള പട നീക്കം ശക്തമാകും. ഇവർക്കെതിരെയുള്ള കുറ്റ പത്രം തയ്യാറാക്കുകയാണ് ജില്ലയിലെ മറ്റ് കോൺഗ്രസ്സ് വിഭാഗങ്ങൾ. ഡി.സി.സി.യേയും കെ.സുധാകരനേയും കയറൂരിവിട്ട കെപിസിസി. നിലപാടാണ് ജനങ്ങൾ അംഗീകരിക്കാത്ത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കാരണമായതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.ഏതായാലും കണ്ണൂർ കോൺഗ്രസ്സിൽ ആരോപണ പ്രത്യാരോപണങ്ങളുടേയും കലാപത്തിന്റേയും ദിനങ്ങളാണ്.