കണ്ണൂർ: കണ്ണൂർ ജില്ലയിൽ കഴിഞ്ഞദിവസം ഉരുൾപൊട്ടലും തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. ഇതിൽ വലിയ നാശനഷ്ടമാണ് ജില്ലയിലെ മലയോര പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. നെടുമ്പൊയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ ഒന്ന്. എന്നാൽ ഇവിടെ പ്രവർത്തിച്ചുവരുന്ന ക്വാറികൾ ജനങ്ങൾക്കുള്ളിൽ വീണ്ടും വീണ്ടും ഭീതി ജനിപ്പിക്കുകയാണ്.

നെടുംപൊയിലിലെയും അടുത്ത പ്രദേശമായ മാലൂരിലെയും, ഇരിട്ടിയിലെയും, പേരാവൂരിലെയും ആളുകൾ ഇവിടെയുള്ള ക്വാറികൾക്കെതിരെ ശബ്ദിച്ച് മതിയായ അവസ്ഥയിലാണ്. നിരവധി ക്വാറികളാണ് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് പ്രവർത്തിച്ചുവരുന്നു. 2014 മുതൽ നിരവധി പോരാട്ടങ്ങളും ക്വാറികൾക്കെതിരെ പ്രദേശവാസികൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ ക്വാറുകളുടെ പ്രവർത്തനത്തിന് ഒരു നിയന്ത്രണവും വന്നിട്ടില്ല.

ക്വാറികളുടെ പ്രവർത്തനത്തിൽ പൊട്ടിക്കുന്ന വെടി കാരണം നെടുമ്പൊയിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉഗ്ര ശബ്ദത്തോടെ ആരും ഭയപ്പെടുന്ന രീതിയിലാണ് ഇവിടങ്ങളിൽ വെടി പൊട്ടിക്കാറ്. വീടിന് കേടുപാട് സംഭവിച്ച് പലതവണ ഇതു നന്നാക്കിയ ശേഷം ഇനിയും നന്നാക്കിയിട്ട് എന്ത് കാരണം വീണ്ടും വെടിയുടെ ആഘാതത്തിൽ വീട് വിണ്ടുകീറും എന്ന് പ്രതീക്ഷിക്കുന്നവരും ഇവിടെ ഉണ്ട്. ഇതിന് വീര്യം കൂടാനായി ക്വാറികളിലെ ആളുകൾ എട്ട് അടിയോളം താഴേക്ക് കുഴിച്ച ശേഷം അതിനുള്ളിലാണ് വെടിമരുന്ന് നിറച്ച് പൊട്ടിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ കല്ലുകൾ പൊട്ടുന്നതോടൊപ്പം സമീപപ്രദേശവാസികൾക്കും വലിയ രീതിയിലുള്ളബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്.

പ്രതികരിക്കാൻ ശ്രമിക്കുന്ന ആളുകളെ പണം കൊടുത്ത് വശത്താക്കുകയാണ് ക്വാറികൾ ഈ പ്രദേശത്ത് ചെയ്യുന്നത്. ആളുകൾ പണം സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അവരെ കള്ളക്കേസിൽ കുടുക്കാനും ഇവർ മടിക്കുന്നില്ല എന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. പ്രദേശവാസികളും, നാട്ടുകാരും, മാധ്യമപ്രവർത്തകരും ക്വാറികളിൽ പ്രവേശിക്കാതിരിക്കാൻ ആളുകളെ പണം കൊടുത്ത് ഗുണ്ടാ രൂപേണ ഈ പ്രദേശത്ത് നിർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആർക്കും അങ്ങോട്ടേക്ക് പ്രവേശനമില്ല. പ്രവേശിക്കാൻ ശ്രമിച്ചാലോ കയ്യൂക്ക് കൊണ്ട് നേരിടും.

ക്വാറികളുടെ വലിയതോതിലുള്ള പ്രകൃതി ചൂഷണവും, അനുവദിച്ചതിലും അധികമായുള്ള വെടിവെക്കലുകളും കാരണമാണ് നെടുംപൊയിൽ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിയത് എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. കാലങ്ങളായി ഇത്തരത്തിലുള്ള വെടിയുടെയും പ്രകൃതി ചൂഷണത്തിന്റെയും സമ്മർദ്ദം പ്രകൃതിക്ക് താങ്ങാൻ പറ്റാത്തതാണ് ഈ പ്രദേശത്ത് വലിയ ദുരന്തത്തിന് കാരണമായത് എന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ക്വാറികൾക്കെതിരെ പ്രതികരിക്കാൻ പോലും പലർക്കും പേടിയാണ്. എന്തും ചെയ്യാൻ മടിക്കാത്ത ആളുകളാണ് ഇവർ എന്ന് നാട്ടുകാർ തന്നെ പറയുന്നു.

ഇപ്പോൾ കണ്ണൂർ ജില്ലയിൽ ക്വാറുകളുടെ പ്രവർത്തനം ഈ മാസം 15 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഈ നിർത്തിവയ്ക്കൽ താൽക്കാലികമായി ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന പ്രതിഷേധത്തിന്റെ വായ അടപ്പിക്കാനുള്ള നടപടിയാണ് എന്ന് നെടുംപൊയിൽ പ്രദേശവാസികൾ പറയുന്നു. പലതവണ അധികാരികളുടെ അടുത്ത് പരാതിപ്പെട്ടെങ്കിലും ആരും നാട്ടുകാരുടെ ആവശ്യത്തിന് ചെവിക്കൊണ്ടില്ല. രാഷ്ട്രീയക്കാരടക്കം ക്വാറികളുടെ താല്പര്യത്തിനനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ഇനിയും ഇത്തരത്തിലുള്ള വലിയ പ്രകൃതിക്ഷോഭങ്ങൾ ഈ പ്രദേശത്തുണ്ടാകുമോ എന്ന് ഭയപ്പെട്ടിരിക്കുകയാണ് മിക്ക നാട്ടുകാരും. പല രീതിയിലുള്ള പ്രതിഷേധങ്ങൾ നാട്ടുകാർ നടത്തിയെങ്കിലും ഈ പ്രദേശത്തുള്ള ക്വാറികളുടെ പ്രവർത്തനത്തിന്റെ കാര്യത്തിൽ മാത്രം ഒരു തീരുമാനവും ആയില്ല. പഴയതുപോലെതന്നെ അല്ലെങ്കിൽ അതിലും ശക്തമായി വെടി പൊട്ടിച്ചു കൊണ്ടാണ് ഇപ്പോഴും ഈ ക്വാറികൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത്. അന്ന് രാത്രിയാണ് ഉരുൾപൊട്ടൽ ഉണ്ടാവുന്നതും ഒരു കുഞ്ഞിന്റെതടക്കം മൂന്നുപേരുടെ ജീവൻ നഷ്ടപ്പെടുന്ന സംഭവം ഉണ്ടാവുന്നത്.

ദുരന്തം സംഭവിച്ച ആ ദിവസം പോലും ഈ ക്വാറികളിൽ നിന്ന് ശക്തമായ വെടി ശബ്ദം കേട്ടു എന്നാണ് നെടുംപൊയിൽ പ്രദേശവാസികൾ പറയുന്നത്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുള്ള രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഈ ക്വാറിയിൽ നടക്കുന്നത്. എന്നാൽ ഈ ക്വാറികളുടെ പ്രവർത്തനത്താൽ നിസ്സഹായരാതിരിക്കുന്നത് പ്രകൃതി ദുരന്തം കാരണം എല്ലാം നഷ്ടപ്പെട്ട നാട്ടുകാരാണ്. സ്വന്തം നാട്ടിൽ പ്രകൃതിക്ഷോഭവും കാത്ത് കഴിയേണ്ട അവസ്ഥയിലാണ് ഇപ്പോൾ പ്രദേശവാസികൾ. ആരെടുത്തും പരാതിപ്പെട്ടിട്ട് ഒരു നടപടിയും ഇതിനെതിരെ ഉണ്ടാവുന്നില്ല എന്നത് ഇനി എന്ത് ചെയ്യണം എന്നുള്ള ചോദ്യചിഹ്നമാണ് നാട്ടുകാരുടെ ഉള്ളിൽ ഉണ്ടാക്കുന്നത്.