- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരിക്കൂറിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതോടെ താളം തെറ്റിയത് എ ഗ്രൂപ്പിന്; തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ-ഐ ഗ്രൂപ്പുകൾ പോരടിച്ചെങ്കിൽ ഇപ്പോൾ വെടിയും പുകയും എ ഗ്രൂപ്പിലെ തന്നെ മുതിർന്ന നേതാക്കൾ തമ്മിൽ; പി.ടി.മാത്യുവിന് പിന്നാലെ സോണി സെബാസ്റ്റ്യനും ഗ്രൂപ്പ് വിടാൻ ഒരുങ്ങുന്നു
കണ്ണൂർ: അടിയും കിട്ടി പുളിയും കുടിച്ചുവെന്ന വടക്കേ മലബാറിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ലു പോലെ ഒക്കത്തിരുന്ന ഇരിക്കൂർ സീറ്റും പോയി പോരിനിടെ ചങ്ങാതി പി.ടി മാത്യുവിന്റെ പിന്നിൽ നിന്നുള്ള കുത്തുമേറ്റു വ്രണിത ഹൃദയനായി മാറിയ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്യൻ കളം മാറി ചവിട്ടാൻ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം കെ.സുധാകരൻ എംപിയുമായി സോണി, ഇരിക്കൂർ വിഷയത്തെ കുറിച്ചും നാലു പതിറ്റാണ്ട് നിഴലുപോലെ തനിക്കൊപ്പം നടന്ന പി.ടി.മാത്യു തനിക്കെതിരെ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലിലൂടെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു.
കെ.സി ജോസഫ് ഒഴിയുമ്പോൾ ഇരിക്കൂർ സീറ്റ് തനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിട്ടു ഉമ്മൻ ചാണ്ടി അടക്കമുള്ളവർ അതിനു വേണ്ടിയൊന്നും ചെയ്തില്ലെന്ന പരാതി സോണിക്കുണ്ട്. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന മണ്ണിൽ ഡൽഹിയിൽ നിന്നും കെ.സി വേണുഗോപാൽ ഹൈക്കമാൻഡ് പ്രതിനിധിയായി കെട്ടിയിറക്കിയ സജീവ് ജോസഫ് ഇരിക്കൂറിൽ സീറ്റു നേടിയത് എവിഭാഗം നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും കെ .സി ജോസഫിന്റെയും കഴിവുകേടാണെന്ന അതിശക്തമായ വികാരം സോണി സുധാകരനുമായുള്ള ചർച്ചയിൽ ഉന്നയിച്ചതായാണ് വിവരം.
എന്നാൽ ഇരിക്കൂർ എ വിഭാഗത്തിന് അവകാശപ്പെട്ട സീറ്റാണെന്നും സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്നും പാർട്ടിക്കുള്ളിൽ പരസ്യമായി ആവശ്യപ്പെട്ട നേതാവു കൂടിയാണ് സുധാകരൻ. സജീവ് ജോസഫിനെ ഹൈക്കമാൻഡ് താൽപര്യപ്രകാരം സ്ഥാനാർത്ഥിയാക്കുന്നത് മണ്ഡലത്തിന്റെ സന്തുലനാവസ്ഥ തെറ്റിക്കുമെന്ന് തുറന്നടിച്ച സുധാകരൻ ഇരിക്കൂറിലെ കുഴപ്പങ്ങൾക്ക് കാരണം കെ.സി വേണുഗോപാലാണെന്ന് തുറന്നടിച്ചിരുന്നു.
ഇരിക്കൂർ വിഷയത്തിൽ സുധാകരനെടുത്ത നിലപാടാണ് സോണിയെ സുധാകരൻ നേതൃത്വം നൽകുന്ന വിശാല ഐ ഗ്രൂപ്പുമായി അടുപ്പിച്ചതെന്നാണ് സൂചന. സതീശൻ പാച്ചേനിക്ക് ശേഷം സുധാകര വിഭാഗത്തിലേക്ക് കളം മാറ്റി ചവിട്ടുന്ന രണ്ടാമത്തെ നേതാവായി സോണി സെബാസ്റ്റ്യൻ മാറുമോയെന്ന് തെരഞ്ഞെടുപ്പിന് ശേഷമറിയാം. ഇതോടെ ഇരിക്കൂറിലെ സ്ഥാനാർത്ഥി നിർണയവുമായി ഇരിക്കൂർ കോൺഗ്രസിലുണ്ടായ തർക്കം പുതിയ തലങ്ങളിലേക്ക് എത്തുമെന്നുറപ്പായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ-ഐ ഗ്രൂപ്പുകളാണ് തർക്കമെങ്കിൽ ഇപ്പോൾ എ ഗ്രൂപ്പിലെ തന്നെ മുതിർന്ന രണ്ട് നേതാക്കൾ തമ്മിലുള്ള പോരാണ് പുറത്തുവരുന്നത്. ഫേസ്ബുക്ക് വഴി സോണി സെബാസ്റ്റ്യനെതിരേ എയ്തു വിട്ട ഒളിയമ്പ് വിവാദം പുറത്തു വന്നതോടെ യു.ഡി.എഫ് ജില്ലാ ചെയർമാനും ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവുമായ പി.ടി മാത്യു ഗ്രൂപ്പ് വിടാനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നേതൃത്വം നൽകുന്ന വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കാനാണത്രെ മാത്യുവിന്റെ തീരുമാനം. കെ.സി വേണുഗോപാലിന്റെ കണ്ണൂരിലുള്ള വസതിയിൽ വെച്ച് ഇതിനകം രണ്ടു തവണ പി.ടി മാത്യു കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. ഇരിക്കൂറിൽ സിറ്റിങ് എംഎൽഎ കെ.സി ജോസഫ് ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ആ സ്ഥാനത്തേക്ക് പരിഗണിച്ചവരിൽ പി.ടി മാത്യുവും ഉണ്ടായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനായിരുന്നു മറ്റൊരാൾ. സോണിയുടെ പേരിനായിരുന്നു മുൻതൂക്കം കിട്ടിയത്.
സോണിയേക്കാളും സീനിയറായ തന്നെ തഴഞ്ഞതിലുള്ള നീരസം എ ഗ്രൂപ്പ് നേതൃത്വത്തോട് പി.ടി മാത്യുവിനുണ്ടായിരുന്നു. ജില്ലയിലെ എ ഗ്രൂപ്പിനോട് ഉമ്മൻ ചാണ്ടി വേണ്ടത്ര പരിഗണന കാട്ടുന്നില്ല എന്ന പരാതിയും ശക്തമായിരുന്നു. ഇരിക്കൂർ സീറ്റ് സംബന്ധിച്ച തർക്കത്തിൽ ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിന് വേണ്ടി നിലകൊണ്ടില്ല എന്ന അഭിപ്രായവും ഭൂരിഭാഗം നേതാക്കൾക്കുമുണ്ട്. അതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെതിരെ കൊപ്രാ സംഭരണത്തിൽ അഴിമതി നടത്തിയെന്ന പ്രചരണം വന്നത്. ഇതിനു പിന്നിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവാണെന്ന് പൊലിസ് അന്വേഷണത്തിലുടെ വ്യക്തമാവുകയായിരുന്നു.
ഇതോടെയാണ് മാത്യുവിനെതിരേയുള്ള പരാതി കടുപ്പിച്ച് സോണിയും രംഗത്തെത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ.സോണി സെബാസ്റ്റ്യനെതിരെ ജോൺ ജോസഫ് എന്ന ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് വ്യാജ പ്രചരണവും ആക്ഷേപ പോസ്റ്റുകളും പുറത്തുവന്നത്. സ്ഥാനാർത്ഥി നിർണയത്തിന്റെ സുപ്രധാന ഘട്ടത്തിലാണ് പ്രചരണം അഴിച്ചുവിട്ടത്. സോണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പി.ടി മാത്യുവിന്റെ വീട്ടിലെ വൈഫൈ ഉപയോഗിച്ചാണ് പോസ്റ്റുകൾ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.
മാർച്ച് മൂന്നിനിട്ട ആദ്യ പോസ്റ്റ് 'അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥി ആയി വരണോ? ഏപ്രിൽ 28നു തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംഭരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർത്ഥി ആയി വരുന്നത് വളരെ ഏറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങളും 'കൂടെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിന്റെ പകർപ്പും കോടതി ഉത്തരവിന്റെ പകർപ്പും ചേർത്തിരുന്നു.
മാർച്ച് 12ന് വീണ്ടും ഈ പ്രൊഫൈൽ ഉപയോഗിച്ച് 'ഇരിക്കൂർ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ട്ടപെട്ടു എങ്കിൽ കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ തന്നെ സ്ഥാനാർത്ഥി ആക്കണം എന്ന് വാശി പിടിച്ചതുകൊണ്ടല്ലേ?' എന്ന പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെതിരെ സോണി സെബാസ്റ്റ്യൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ല് നടത്തിയ അന്വേഷണത്തിൽ 'ജോൺ ജോസഫ്' എന്ന പൊഫൈൽ ഐഡിയുടെ ഐ.പി അഡ്രസ് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവിന്റെ ലാന്റ് ഫോൺ നമ്പറാണെന്ന് മനസിലായത് ഇതോടെയാണ് ആത്മമിത്രങ്ങളായിരുന്ന എ.വിഭാഗത്തിലെ കരുത്തരായ രണ്ടു നേതാക്കളും അകന്നത്.ഇരിക്കുറിലെ പുതിയ സംഭവ വികാസങ്ങൾ എവിഭാഗത്തിനും ഉമ്മൻ ചാണ്ടിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗ്രുപ്പിനുള്ളിലെ ഗ്രൂപ്പുകളിയിൽ ആടിയുലയുകയാണ് കണ്ണുരിലെ എ ഗ്രുപ്പ്.