- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സലിം: ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്ന ഗായകൻ; അറബിയും ഉറുദുവും കൈയടക്കിയ മാപ്പിളപ്പാട്ടുകളെ മലയാളത്തിലേക്ക് കൈ പിടിച്ചുയർത്തിയ കലാകാരൻ
കണ്ണൂർ: റിയാലിറ്റി ഷോകൾ അരങ്ങു തകർക്കുന്ന കാലത്തും മാപ്പിളപ്പാട്ടിലൂടെ സൂപ്പർ താരമാകാൻ കഴിഞ്ഞ വ്യക്തിയാണ് കണ്ണൂർ സലിം. ശുദ്ധമലയാളത്തിൽ പാട്ടുകളുണ്ടാക്കി പാടിയതിലൂടെ മലബാറുകാരുടെ മനസ്സിൽ സലീമിന് ഇടംപിടിക്കാൻ കഴിഞ്ഞു. പച്ച മലയാളത്തിൽ 'എന്തിനീ കള്ളനാണം' എന്ന കണ്ണൂർ സലീമിന്റെ പാട്ടുകേട്ട മലയാളിക്ക് ഈ ഗായകനെ ഒരിക്കലും മറക്കാനാകി

കണ്ണൂർ: റിയാലിറ്റി ഷോകൾ അരങ്ങു തകർക്കുന്ന കാലത്തും മാപ്പിളപ്പാട്ടിലൂടെ സൂപ്പർ താരമാകാൻ കഴിഞ്ഞ വ്യക്തിയാണ് കണ്ണൂർ സലിം. ശുദ്ധമലയാളത്തിൽ പാട്ടുകളുണ്ടാക്കി പാടിയതിലൂടെ മലബാറുകാരുടെ മനസ്സിൽ സലീമിന് ഇടംപിടിക്കാൻ കഴിഞ്ഞു. പച്ച മലയാളത്തിൽ 'എന്തിനീ കള്ളനാണം' എന്ന കണ്ണൂർ സലീമിന്റെ പാട്ടുകേട്ട മലയാളിക്ക് ഈ ഗായകനെ ഒരിക്കലും മറക്കാനാകില്ല.
അറബിയുടേയും ഉറുദുവിന്റെയും തടവിലായിരുന്ന മാപ്പിളപ്പാട്ടിനെ മലയാളത്തിന്റെ നാട്ടു ഭാഷയിലേക്ക് കൈപിടിച്ചുയർത്തിയതിൽ സലിം വഹിച്ച പങ്ക് മറ്റാർക്കും അവകാശപ്പെടാനാവില്ല. അന്യഭാഷാ പ്രയോഗങ്ങളെയും താളങ്ങളേയും പടിക്കു പുറത്താക്കിയ കണ്ണൂർ സലിം മാപ്പിളപ്പാട്ടിനെ ജനകീയവൽക്കരിച്ചു.
ഭാര്യയേയും മക്കളേയും ഒപ്പം സ്റ്റേജിലെത്തിച്ച് കുടുംബ സമേതം മാപ്പിള ഗാനസദ്യ ഒരുക്കുന്ന കണ്ണൂർ സലിം എല്ലാ റിയാലിറ്റി ഷോകളേയും മറികടന്നിരുന്നു. ഒരു കാലത്ത് മാപ്പിള സമൂഹത്തിനപ്പുറത്തേക്ക് കടന്നുചെന്നിട്ടില്ലാത്ത മാപ്പിളപ്പാട്ടിനെ ജനാധിപത്യവൽക്കരിച്ചതിൽ മുൻനിരക്കാരനായിരുന്നു കണ്ണൂർ സലിം. ആസ്വാദക ലോകത്തേക്ക് മാപ്പിളപ്പാട്ടിനെ കൈ പിടിച്ചുയർത്തുമ്പോഴും പുതുപ്പാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.
സിനിമയ്ക്കകത്തെ കളികളൊന്നും അറിയാത്ത സലിം പതിനഞ്ചിലേറെ സിനിമകളിൽ പാടി. എല്ലാ പാട്ടുകളിലും സലിമിന്റെതായ ഒരു ടച്ചുണ്ടായിരുന്നു. മണിയറ എന്ന ചിത്രത്തിൽ ഖവാലി ശൈലിയിൽ യേശുദാസിനൊപ്പം പാടിയത് സലിമാണെന്ന് അധിമാർക്കുമറിയില്ല. സിനിമയിലെ കളികളിൽ തുടരാൻ സലിം ശ്രമിച്ചുമില്ല. സലിമിന്റെ പാട്ട് കേൾക്കാൻ മലബാറിലെ ശ്രോതാക്കൾ ഒന്നടക്കമുള്ളപ്പോൾ എന്തിന് സിനിമയ്ക്കകത്തെ കളിയെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം.
സംഗീതമായിരുന്നു സലിമിന് എല്ലാം. കുടുംബത്തേയും പാട്ടിനൊപ്പം സഞ്ചരിപ്പിച്ച് വേദികളെ അദ്ദേഹം സമ്പന്നമാക്കി. സലിം വേദി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ ജനഹൃദയങ്ങളിൽ എക്കാലവും നിറഞ്ഞു നിൽക്കും.

