- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സവർക്കറുടെ രാഷ്ട്രീയ ചിന്താധാരയെ വിമർശനാത്മകമായി പഠിക്കാം; വേണ്ടത് ധൈഷണിക അക്കാഡമിക് അന്തരീക്ഷം; താലിബാനിസം പാടില്ല! സിലബസിനെ ചൊല്ലിയുള്ള എസ് എഫ് ഐ യിലെ തർക്കം അതിരുവിട്ടു; കണ്ണുരുട്ടിയ സിപിഎം പരസ്യപ്രതികരണം വിലക്കി; കുട്ടി സഖാക്കൾക്കിടയിലെ തർക്കം പാർട്ടി ഗൗരവത്തോടെ എടുക്കുമ്പോൾ
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ സിലബസ് സംബന്ധിച്ച് എസ്എഫ്ഐയിലുണ്ടായ തർക്കത്തിലും പരസ്യപോരിലും സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടു കൂടിയാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടത്.
വിദ്യാർത്ഥി നേതാക്കൾ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് സിപിഎം നേതൃത്വം കടിഞ്ഞാൺ ഏറ്റെടുത്തത്. ഈ വിഷയത്തിൽ പാർട്ടി നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആ കാപ്സ്യൂൾ പ്രകാരം കാര്യങ്ങൾ പറഞ്ഞാൽ മതിയെന്നാണ് സിപിഎം നിർദ്ദേശം. കണ്ണുർ. സർവകലാശാല യൂനിയൻ ചെയർമാൻ ഹസനാണ് സിലബസ് വിഷയത്തിൽ എസ്.എഫ് ഐ യുടെ ആദ്യ പരസ്യ പ്രതികരണവുമായി രംഗത്തു വന്നത്.
എന്നാൽ സിലബസ് സംബന്ധിച്ച് വിവാദമുണ്ടാക്കേണ്ടതില്ലെന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പറഞ്ഞതിനെ തള്ളി സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് രംഗത്തെത്തി. ഇതിനുപിന്നാലെ സച്ചിൻ ദേവിന്റെ അഭിപ്രായത്തെ തള്ളി കേന്ദ്ര സെക്രട്ടേറിയറ്റംഗം നിധീഷ് നാരായണനും പരസ്യ പ്രതികരണം തള്ളിയതോടെയാണ് സംഘടനയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രതീതി പുറത്തുവന്നത്. സർവകലാശാല സിലബസ് വിഷയത്തിൽ വിവാദമുണ്ടാക്കേണ്ടതില്ലെന്നും പിൻവലിക്കേണ്ടതില്ലെന്നുമായിരുന്നു എസ്എഫ്ഐ നേതാവുകൂടിയായ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ. ഹസൻ പ്രതികരിച്ചത്.
സമരം ചെയ്യുന്ന എഐഎസ്എഫിനെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹംവ്യക്തമാക്കിയിരുന്നു. താരതമ്യ പഠനത്തിനുവേണ്ടിയാണ് ഗോൾവാൾക്കറുടെയും സവർക്കറുടെയും രചനകൾ ഉൾപ്പെടുത്തിയതെന്നും വിദ്യാർത്ഥികൾ വിമർശനപരമായി എല്ലാ ഭാഗങ്ങളും പഠിക്കേണ്ടതല്ലേയെന്നുമായിരുന്നു എം.കെ.ഹസൻ പറഞ്ഞത്. ഇതിനുപിന്നാലെ ഹസന്റെ അഭിപ്രായത്തെ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് തള്ളിപ്പറഞ്ഞിരുന്നു.
ആർഎസ്എസ് പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിന്റെ പ്രതികരണം. എം.കെ.ഹസന്റെ പ്രസ്താവന പരിശോധിക്കുമെന്നും സച്ചിൻദേവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര സെക്രട്ടേറിയറ്റംഗം നിധിഷ് നാരായണൻ ഫേസ്ബുക്കിലൂടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരേ പ്രതികരിച്ചത്.
യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പറഞ്ഞതാണു ശരിയെന്നും സവർക്കർ മുന്നോട്ടുവച്ചതുൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയചിന്താധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പറഞ്ഞതിനൊപ്പമാണെന്നും നിധീഷ് നാരായണൻ ഫേസ്ബുക്കിൽ കുറിച്ചു. സവർക്കറുടെ ഒരു പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് ജെഎൻയുവിലെ എംഎ പഠനകാലത്താണെന്നും അതും സംഘ്പരിവാരത്തിന്റെ വലിയ വിമർശകരിൽ ഒരാളായ പ്രഫ. നിവേദിത മേനോൻ പഠിപ്പിച്ച പൊളിറ്റിക്കൽ തോട്ട് എന്ന കോഴ്സിന്റെ ഭാഗമായിട്ടാണെന്നും പറയുന്നു.
അംബേദ്കറിന്റെയും ഗാന്ധിയുടെയും എ.കെ. രാമാനുജന്റെയുമൊക്കെ രചനകൾ ഒപ്പമുണ്ടായിരുന്നു. ആ ക്ലാസിൽ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിന്റെ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാൾ പറയുമെന്ന് തോന്നുന്നില്ല. സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയചിന്താ ധാരകളെയും വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാഡമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ലെന്നുകൂടി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ കെ.എസ്.യു-എം.എസ്.എഫ് സംഘടനകൾ പ്രക്ഷോഭമാരംഭിച്ചതിനെക്കാൾ എസ്എഫ്.ഐയെ പ്രതിരോധത്തിലാക്കിയത് ഒരേ ചേരിയിൽ നിൽക്കുന്ന സിപിഐയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ് ഐ പ്രതിഷേധമാരംഭിച്ചതാണ്.അതുകൊണ്ടുതന്നെ സിലബസ് വിവാദത്തിൽ കൂടുതൽ പ്രതികരണം നടത്തി കുഴപ്പത്തിൽ ചാടേണ്ടെയെന്ന നിലപാടാണ് എസ്.എഫ്.ഐ ക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ