കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ നൽകിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചിരുന്നു. സർവ്വകലാശാല ചട്ടങ്ങൾ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ചാൻസിലർക്കാണെന്ന ഗവർണറുടെ സത്യവാങ്മൂലം അംഗീകരിച്ചാണ് ഹൈക്കോടതി നിരീക്ഷണം.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്ട്രാറുടെ നടപടി സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു. ഓഗസ്റ്റ് 11-നായിരുന്നു സർവകലാശാല രജിസ്ട്രാർ ഇൻചാർജ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷണം വന്നതോടെ വിഷയത്തിൽ ഗവർണറുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ്. ചാൻസലർക്കാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരമെന്നായിരുന്നു ഗവർണറുടെ നിലപാട്.

ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളെ നിയമിക്കുക മാത്രമാണ് സർവകലാശാല ചെയ്യേണ്ടത്. എന്നാൽ കണ്ണൂർ സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ട് ശരിവച്ചാണ് നിയമനങ്ങളിൽ ചട്ടലംഘനമുണ്ടെന്ന് കോടതി നിരീക്ഷിച്ചത്.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ടാ 96 ലെയും 98 ലെയും സർവ്വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും ഗവർണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ചട്ടലംഘനം നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് രജിസ്ട്രാർ മുഖേന പ്രത്യേക ദൂതൻ വഴി നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു.

ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം വി വിജയകുമാറും അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റി നിയമം അനുശാസിക്കുന്ന നടപടികൾ മാത്രമാണ് ചെയ്തതെന്ന് വൈസ് ചാൻസിലർ പ്രതികരിച്ചിരുന്നു.