- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാല വിവാദ സിലബസ് മരവിപ്പിച്ചു; നടപടി സിലബസിനെതിരെ വിവാദം ശക്തമായതിനെത്തുടർന്ന്; പ്രതിഷേധ ഭാഗമായി വിസിയെ തടഞ്ഞ് കെഎസ്യു
കണ്ണൂർ: സർവകലാശാലയിലെ വിവാദ സിലബസ് മരവിപ്പിച്ചു. പ്രതിഷേധവുമായി എത്തിയ കെഎസ്യു പ്രവർത്തകരെ വൈസ് ചാൻസലർ അറിയിച്ചതാണിത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ റിപ്പോർട്ട് വരുന്നതുവരെ സിലബസ് പഠിപ്പിക്കില്ല. അഞ്ചംഗ സമിതി സിലബസ് പരിശോധിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. അഞ്ച് ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകും.
സർവകലാശാല സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വിസിയെ കെഎസ്യു പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പബ്ലിക് അഡ്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആരാണ് ഹിന്ദു, ബഞ്ച് ഓഫ് തോട്ട്സ്, വീ ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ് തുടങ്ങിയ പുസ്തകങ്ങളാണ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ദിവസവും കെ.എസ്.യു സർവകലാശാല ആസ്ഥാനത്ത് സിലബസ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടക്കുകയാണെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രവർത്തകരും കഴിഞ്ഞ ദിവസം സർവകലാശാലയിലേക്ക് മാർച്ച് നടത്തിയിരുന്നു.കണ്ണൂർ സർവകലാശാലയിലെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോൾവാൾക്കർ അടക്കമുള്ളവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരേയാണ് കെ.എസ്.യു.വും എം.എസ്.എഫും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബുധനാഴ്ച ചേർന്ന സർവകലാശാല സെനറ്റ് യോഗത്തിൽ ഡോ. ആർ.കെ. ബിജു അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. സിലബസ് താൻ പരിശോധിച്ചശേഷമേ മറുപടി പറയാനാവൂ എന്ന വിശദീകരണത്തോടെ പ്രമേയം വി സി. മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞവർഷമാണ് ബ്രണ്ണൻ കോളേജിൽ എം.എ. ഗവേണൻസ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതിൽ ഈവർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്' എന്ന പേപ്പറിൽ ചർച്ചചെയ്തു പഠിക്കാൻ നിർദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്. സിലബസിൽ കാവിവത്കരണം എന്ന ആരോപണം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ