തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസർ നിയമന കേസിൽ ഗവർണറും സർക്കാറും രണ്ടു തട്ടിലാണ്. അതുകൊണ്ടു തന്നെ ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ എത്തുമ്പോൾ ഒരു പ്രതിസന്ധിയും കൂടി ഉടലെടുക്കുന്നുണ്ട്. നിയമന കേസിൽ ചാൻസലറായ ഗവർണർക്കായി അഡ്വക്കേറ്റ് ജനറൽ(എ.ജി.) കെ. ഗോപാലകൃഷ്ണകുറുപ്പ് ഹൈക്കോടതിയിൽ ഹാജരാകില്ല. സർക്കാരിനുവേണ്ടി അദ്ദേഹം ഹാജരാകുമ്പോൾ ഗവർണർ പ്രത്യേകം അഭിഭാഷകനെ വച്ചായിരിക്കും കേസ് നടത്തുക. ഇത്തരം സംഭവങ്ങൾ അത്യപൂർവ്വമാണ്.

ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്തിയശേഷം അഭിഭാഷകന്റെ കാര്യം തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിനു വേണ്ടി എ.ജി.യും ഗവർണർക്കായി മറ്റൊരു അഭിഭാഷകനും എത്തുന്നതോടെ വി സി. നിയമനപ്രശ്‌നം കോടതിയിൽ കൂടുതൽ കടുക്കുമെന്നും ഉറപ്പാണ്. ഗവർണർക്കുവേണ്ടി ഹാജരാകാൻ രാജ്ഭവൻ എ.ജി.യോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതേ കേസിൽ സർക്കാരിന് നിയമോപദേശം നൽകുകയും ഹാജരാകുകയും ചെയ്യുന്ന എ.ജി. ഗവർണർക്കുവേണ്ടിയും ഹാജരാകുന്നതിലെ വൈരുധ്യം കണക്കിലെടുത്താണ് പിന്മാറിയത്.

വി സി. നിയമനത്തിൽ സർക്കാരിന്റെയും ഗവർണറുടെയും വ്യത്യസ്ത നിലപാടുകളും എ.ജി.യുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് ഗവർണർ കത്തുനൽകിയതും പിന്മാറ്റത്തിനു കാരണമായി. കണ്ണൂർ വി സി. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിൽ തെറ്റില്ലെന്ന നിയമോപദേശമാണ് എ.ജി. സർക്കാരിനു നൽകിയത്. ഇതും ഉൾപ്പെടുത്തിയാണ് പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയത്.

എന്നാൽ, എ.ജി.യുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നും സമ്മർദത്തിനു വഴങ്ങിയാണ് പുനർനിയമനം അംഗീകരിക്കേണ്ടി വന്നതെന്നും ഗവർണർ വ്യക്തമാക്കിയതോടെ വിവാദമായി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കും ചാൻസലർക്കും നോട്ടീസ് അയക്കുകയും ചെയ്തു. സർക്കാരിനുള്ള നോട്ടീസ് കൈപ്പറ്റിയെങ്കിലും ചാൻസലർക്കുള്ളത് എ.ജി. വാങ്ങിയില്ല. ഇതേത്തുടർന്ന് പ്രത്യേക ദൂതൻവശമാണ് ഗവർണർക്ക് നോട്ടീസ് നൽകിയത്.

പുനർനിയമനം ചട്ടവിരുദ്ധമാണെന്നും കണ്ണൂർ വി സി.ക്ക് തുടരാൻ അർഹതയില്ലെന്നും കാട്ടി സർവകലാശാലാ സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസുമാണ് ഹർജി നൽകിയത്. ഗവർണർ സ്വന്തംനിലയ്ക്ക് നിയമോപദേശം തേടുന്നതും അഭിഭാഷകനെ നിയോഗിക്കുന്നതും തെറ്റല്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. എന്തായലും സർക്കാറിനെ സംബന്ധിച്ച് ഏറെ പ്രധാനമുള്ളതാകും ഈ കേസിലെ വിധി.

കണ്ണൂർ വിസിയുടെ ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനം നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പുനർ നിയമനത്തിൽ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെയാണ് അപ്പീൽ കോടതി ഹർജിയിൽ സ്വീകരിച്ചതോടെയാണ് കേസിൽ വീണ്ടും വിവാദം ഉയർന്നത്.

ക്വാ വാറന്റോ ഹർജി തള്ളിയതിനെതിരേ സർവകലാശാലാ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരിക്കുന്നത്. ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമില്ലെന്നാണ് അപ്പീലിൽ പറയുന്നത്. അതിനാൽ യുജിസി. മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റി. 60 വയസ്സ് കഴിഞ്ഞയാളെ വി സി.യായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനർ നിയമന കാര്യത്തിൽ പ്രായം ബാധകമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ തെറ്റാണെന്നും അപ്പീലിൽ പറയുന്നു.