ഹൃദയത്തിൽ പട്ടട എരിയുന്നവർ-2

ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നു തട്ടിയുണർത്തിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് അവൾ പൂമുഖത്തേക്ക് മടിച്ച് മടിച്ച് നടന്നത്. അപരിചിതരായ ഞങ്ങളെ കണ്ടവൾ ഞടുക്കത്തോടെ അകത്തേയ്ക്ക് ഓടിപ്പോയി. അകത്ത് സാന്ത്വനത്തിന്റെ മൃദുമർമരം.

' അബൂബക്കറുടെ മോളാണ്... സുഹാന.' അളിയൻ ഹാഷിം പരിചയപ്പെടുത്തി.
' ഓൾക്ക് ഇപ്പോളും പേടി മാറീട്ടില്യ. ഓളെല്ലാം കണ്ടിരുന്നു' ഹാഷിം കൂട്ടിച്ചേർത്തു.

കൊലപാതക രാഷ്ട്രീയം ഉറഞ്ഞു തുള്ളുന്ന തലശേരിയിൽ അക്രമി സംഘത്തെ കണ്ട് ഹൃദയം പൊട്ടി മരിച്ച ധർമ്മടം വെള്ളൊഴുകാൽ നാദിയ സ്റ്റോഴ്‌സ് ഉടമ പി.വി അബൂബക്കറുടെ മകളാണ് സുഹാന.

അബൂബക്കർക്ക് പ്രായം 52. സുഹാനയ്ക്ക് രണ്ട് വയസ്. അദ്ദേഹത്തിന്റെ ഏക മകൾ.

ഒരു പൊരുത്തക്കേടുണ്ടെന്ന മട്ടിൽ ഞാൻ ഹാഷിമിനെ നോക്കി.
'അതു ശരിക്കും ഓന്റെ കുട്യല്യ. ദത്തെടുത്തതാ. പിറന്നയന്ന് കിട്ടിയതാ.' ഹാഷിം സംശയം നിവാരണം ചെയ്തു.

ആരോ തിരസ്‌ക്കരിച്ച ഈ ഓമനക്കുട്ടി ഒരു രാജകുമാരിയെ പോലെയാണ് അബൂബക്കറിന്റെ ശബ്‌നം എന്ന വീട്ടിൽ വളരുന്നത്. അബൂബക്കർ അവളുടെ ഉപ്പയും മറിയുമ്മ അവളുടെ ഉമ്മയും. അറബിക്കഥയിലെപ്പോലെ പെട്ടെന്നാണ് അവളെ ഈ ദമ്പതികൾക്ക് ലഭിച്ചത്. ഊഷരഭൂമി പോലെ വിരസമായിരുന്ന 'ശബ്‌നം' പൊടുന്നവേ പൊട്ടിച്ചിരികളാലും കിളിക്കൊഞ്ചലാലും കോൾമയിർകൊണ്ടു. അവളുടെ കുഞ്ഞിക്കാലിലെ ചിലങ്കകളും കുഞ്ഞിക്കയ്യിലെ കരിവളകളും മത്സരിച്ചു കൊഞ്ചിയാടി.

അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ ഒക്ടോബർ 26ന് അബൂബക്കറിന്റെ കടയുടെ മുമ്പിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ അക്രമികൾ എത്തിയത്. ജീപ്പിലാണ് അഞ്ചംഗ സംഘം വന്നത്. കൈകളിൽ നീട്ടിപ്പിടിച്ച കൊടുവാൾ. ചിലരുടെ കൈകളിൽ ബോംബ്. ആർഎസ്എസുകാരുടെ കട തിരക്കി എത്തിയ അവരുടെ സംഹാര നൃത്തം കണ്ട് അബൂബക്കർ കടയിൽ നിന്ന് പുറത്ത് ചാടി. ഷട്ടർ വലിച്ചു താഴ്‌ത്തുന്നതിനിടയിൽ കുഴഞ്ഞു വീണു. നിമിഷങ്ങൾക്കകം മരണം.

അബൂബക്കറിന്റെ ഭാര്യ മറിയുമ്മ അന്ന് തളർന്ന് വീണതാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടും അവർക്ക് നടന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. മുഖവും പൊത്തി ഒരേയൊരു കിടപ്പ്. ആരെയും കാണുന്നില്ല. ഭക്ഷണം കഴിക്കില്ല. ഭർത്താവ് മരിച്ചാൽ 41 ദിവസം മുറിയിലിരിക്കുക എന്നൊരു ചടങ്ങ് മലബാറിലുണ്ട്. മറിയുമ്മ മറയിലിരിക്കുകയാണ്. ആ മുറിയിലിരിപ്പ് എത്രനാൾ നീളുമെന്ന് ആർക്കുമറിയില്ല.

സുഹാനയുടെ ചിലങ്കകൾ പൊട്ടിച്ചിരി നിർത്തി. ഉപ്പയുടെ ദാരുണാന്ത്യത്തിന് ദൃക്‌സാക്ഷിയായിരുന്ന ഈ കുരുന്നും മൗനത്തിന്റെ വാൽമീകത്തിലാണ്. 'ശബ്‌നം' ഇപ്പോൾ നിശബ്ദമാണ്. അനിശ്ചിതത്വത്തിന്റെ മാറാലകൾ ഈ വീടിന്റെ ചുവരുകളിൽ പടർന്നു കഴിഞ്ഞു.

ഒരു സഹോദരി അന്ധ; മറ്റേയാൾ അവിവാഹിത; ഒരാൾ വിധവ; കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മനോജിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം

ബിജെപിയുടെ ശക്തി ദുർഗമായ ഡയമണ്ട് മുക്കിൽ മനോജ് ജീവനോടെ ഇരിക്കുന്നെങ്കിൽ അതും അത്ഭുതമാണ്. മറ്റു പലരേയും പോലെ മനോജിന് ഓടിയൊളിക്കാനാവില്ല. വീടും പറമ്പും ഉപേക്ഷിച്ചു പോകാനും പറ്റില്ല. അത്രമേലാണ് ജീവിത പ്രശ്‌നങ്ങൾ.

മഠത്തുകണ്ടി വീട്ടിലെ പൂഴി പിടിച്ച തിണ്ണയിൽ മനോജുമായി സംസാരിക്കുന്നതിനിടെ പ്രാരാബ്ദങ്ങളുടെ മാറാലകൾ പേറുന്ന വിഹ്വല മുഖങ്ങൾ ഓരോന്നായി വാതിൽ പടിയിൽ നിരന്നു.

ആദ്യം മൂത്ത സഹോദരി കമല. 42 വയസ്. അന്ധയും അവിവാഹിതയുമാണ്. തുടർന്ന് മണിജ. 34 വയസുണ്ട്. അടുത്തയാൾ ശ്രീമതി. ശ്രീമതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് അവൾ ഇപ്പോൾ വീട്ടിലുണ്ട്. അച്ഛൻ നാരായണൻ നേരത്തെ മരിച്ചു പോയി. പ്രായമായ അമ്മയും കൂട്ടത്തിലുണ്ട്.

മണിജയുടെ വിവാഹാലോചന നടക്കുന്നതിനിടിയിലാണ് മനോജിനെ ആർഎസ്എസുകാർ വെട്ടിയത്. അതോടെ വിവാഹാലോചനകൾ നിലച്ചു. പുതുതായി വച്ചു കൊണ്ടിരുന്ന വീടിന്റെ നിർമ്മാണം നിലച്ചു. പണി തീരാത്ത വീട്ടിലാണ് ഇപ്പോൾ താമസം.

ആശാരിപ്പണിക്കാരനായ മോഹനനനാണ് ഈ വീടിന്റെ ആശ്രയം. പക്ഷേ, 1997 ഒക്ടോബർ ആറിന് ശേഷം മോഹനൻ പണിക്കു പോയിട്ടില്ല. ഇനി പോകാനുമാവില്ല.

അന്നു തലശ്ശേരിയിൽ പാർട്ടി യോഗം കഴിഞ്ഞു മടങ്ങുമ്പോൾ രാത്രി 9.30നാണ് ആർഎസ്എസ് ആക്രമണം ഉണ്ടായത്. സിപിഎം നേതാവ് മുല്ലൊളി മോഹനൻ ആിരുന്നു അവരുടെ ലക്ഷ്യം.

മോഹനന്റെ കഴുത്തിന് വെട്ടിയപ്പോൾ വാൾ തിരിഞ്ഞുപോയി. അതടെ മോഹനൻ ഓടി രക്ഷപ്പെട്ടു. തുടർന്നാണ് മനോജിനെ വെട്ടിയത്. കഴുത്തിന് മുകളിലായിരുന്നു മിന്നായം പോലത്തെ വെട്ട്. ഒറ്റവെട്ടിന് താടി മുറിഞ്ഞ് മൂന്ന് അണപ്പല്ലുകൾ തെറിച്ചു പോയി. താഴോട്ട് ഇരുന്നു.

മരണവുമായി ദീർഘനാൾ മല്ലടിച്ചു. ആദ്യം കോഴിക്കോട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. തുടർന്ന് ഓപ്പറേഷൻ നടത്തി. അടിവയറ്റിൽ നിന്നും ഞെരമ്പെടുത്താണ് താടി പിടിപ്പിച്ചത്. ദീർഘനാൾ സംസാരിക്കാൻ കഴിവില്ലായിരുന്നു. ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. ജീവൻ തിരിച്ചു കിട്ടി എങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ ആയില്ല. മൂന്ന് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായി. സിപിഎം ഇത് വഹിച്ചു. ആർഎസ്എസിന്റെ ശക്തി കേന്ദ്രമാണ് ചുറ്റുമെങ്കിലും മനോജിന് ഓടിയൊളിക്കാൻ ഇടമില്ല.

' ഇവരെയും കൊണ്ട് ഞാൻ എങ്ങോട്ടോടും? ഒരു കാക്കയെ പോലും കല്ലെറിയാത്തവനാണ് ഞാൻ. പക്ഷേ വിധി കണ്ടോ?

ആഴമേറിയ മുറിവിന്റെ തടിച്ചി പാടുകളിൽ തടവിക്കൊണ്ട് തനിക്കു ചുറ്റും നിരന്നു നിൽക്കുന്ന നിസഹായരിലേക്ക് വീണ്ടും കണ്ണുകൾ പായിച്ചു മോഹനൻ വീണ്ടും വിധിയെ പഴി ചാരി

അതീവ രഹസ്യമായി തയ്യാറാക്കുന്ന ഹിറ്റ്‌ലിസ്റ്റ് എപ്പോൾ നടപ്പാക്കണം എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുന്നത് ചർച്ച ചെയ്ത്

എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഹിറ്റ്‌ലിസ്റ്റുകൾ അതീവ രഹസ്യമായി തയ്യാറാക്കുന്ന ഹിറ്റ്‌ലിസ്റ്റ് എപ്പോൾ നടപ്പാക്കണം എന്ന് പാർട്ടി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും. ചിലപ്പോൾ കൊല്ലാനാകും തീരുമാനം. അല്ലെങ്കിൽ കയ്യോ കാലോ വെട്ടി മുന്നറിയിപ്പു നൽകാനാകും. മറ്റു ചിലപ്പോൾ വീട വസ്തുവോ നശിപ്പിക്കും. അവിചാരിതമായി നിരപരാധികളും ഇതിൽപ്പെട്ടു പോകാം. അതു പൊടുന്നനവേയുള്ള പ്രത്യാക്രമണത്തിലോ അടയാളം തെറ്റിപ്പോകുന്നതു മൂലമോ ആകാം.

95ൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരായ മാമൻ വാസു, 97ൽ കൊല്ലപ്പെട്ട സുരേന്ദ്രൻ, കഴിഞ്ഞ ഓഗസ്റ്റിൽ ദാരുണമായി വെട്ടേറ്റ സിപിഎം സംസ്ശാന കമ്മറ്റി അംഗം പി ജയരാജൻ എന്നിവർ ആർഎസ്എസ് ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു.

96ൽ കൊല്ലപ്പെട്ട ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പന്ന്യൂർ ചന്ദ്രൻ, 97ൽ കൊല്ലപ്പെട്ട പ്രദീപൻ തുടങ്ങിയവർ സിപിഎം ഹിറ്റ്‌ലിസ്റ്റിൽ പെട്ടവരാണ്. 95ൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കെ. പി സജിത് ലാൽ, 93ൽ കൊല്ലപ്പെട്ട ലോനാപ്പി എന്നിവർ സിപിഎം ലിസ്റ്റിൽ ഉണ്ടായിരുന്നു.

മൂന്ന് കക്ഷികളുടേയും പ്രധാന നേതാക്കൾ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് അറിവായതോടെ ഇവർക്ക് പൊലീസ് സംരക്ഷണം ഏർപ്പാടാക്കി.

ചിലപ്പോൾ അടയാളം തെറ്റി നിരപരാധികൾ കൊലക്കത്തിക്ക് ഇരയാകുന്നു. 1998ൽ ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട ബസ്‌ക്ലീനർ ചെല്ലട്ടൻ ചന്ദ്രനാണ് ഒരു ഹതഭാഗ്യൻ. സ്വകാര്യ ബസിലെ ക്ലീനറായിരുന്നു ചന്ദ്രൻ. തൂവക്കുന്നിൽ വെച്ച് ബസ് തടഞ്ഞിട്ടു ചന്ദ്രനെ വെട്ടി നുറുക്കി. വെറും നാലു ദിവസം മുമ്പാണ് ചന്ദ്രൻ താത്ക്കാലികമായി ക്ലീനർ ജോലിക്ക് കയറിയത്. ബസ് ജീവനക്കാരനും ബിജെപിയുടെ സജീവ പ്രവർത്തകനുമായ മറ്റൊരാളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. കൈയിൽ ചുവപ്പു ചരിടും നെറ്റിയിൽ കുറിയുമുണ്ടായിരുന്ന ചന്ദ്രനെ ആർഎസ്എസുകാരനാണെന്ന് തെറ്റിദ്ധരിക്കുക ആയിരുന്നു.

1980ൽ ഇതു പോലെ മറ്റൊരു സംഭവും ഉണ്ടായി. അന്ന് ബസിൽ നിന്നറക്കിയാണ് കൊന്നത്. ബസിൽ ഇത്രാമത്തെ സീറ്റിൽ ഇരുന്നയാൾ എന്നായിരുന്നു അടയാളം. അക്രമികൾ ലക്ഷ്യമിട്ടിരുന്ന ആൾ നേരത്തെ ബസിൽ നിന്നും ഇറങ്ങി പോയി. ആ സീറ്റിലിരുന്ന മൊകേരിയിലെ മഹ്മൂദിനെ ആളുമാറി വെട്ടിക്കൊന്നു. 19കാരനായ മെഹ്മൂദിനു രാഷ്ട്രീയമേ ഇല്ലായിരുന്നു.

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

(തുടരും)