ഹൃദയത്തിൽ പട്ടട എരിയുന്നവർ-4

തൊരു വീടാണെന്നു പറയാമോ? കളിമൺകട്ടയിൽ തട്ടികൂട്ടിയ ഷെഡ്. കാലിത്തൊഴുത്തിനെക്കാൾ കഷ്ടം. കാർബോർഡു കൊണ്ടുള്ള മറ. ഇവിടെ കട്ടിലില്ല,കസേരയില്ല, അടുക്കളയില്ല, കിടപ്പു മുറിയില്ല. കാറ്റൊന്നാഞ്ഞു വീശിയാൽ നാലു തൂണുകളും വിറയ്ക്കും. മഴയൊന്നു കാര്യമായി പെയ്താൽ വീടിനുള്ളിൽ വെള്ളപ്പൊക്കം.

ചിരുകണ്ടോത്ത് നാണു(60)വും കുടുംബവുമാണു ജീവിതത്തിന്റെ സായം കാലത്തു വിറ പൂണ്ടു നിൽക്കുന്ന കൂരയിൽ പേടിച്ചരണ്ടു താമസിക്കുന്നത്.

രണ്ടു വർഷം മുൻപ് ഒന്നാന്തരം വീട്ടിലാണു താമസിച്ചിരുന്നത്. അത് ഇപ്പോഴുമുണ്ട്. പക്ഷേ കക്ഷി രാഷ്ട്രീയത്തിന്റെ ബലാബലത്തിനിടയിൽ നാണുവിനു നാടും വീടും വിട്ടോടേണ്ടി വന്നു.

ഭാര്യ, കെട്ടുപ്രായമായ മകൾ തുടങ്ങിയവരും നാണുവിനൊപ്പമുണ്ട്. ആർഎസ്എസ് പ്രവർത്തകരായ ആൺ മക്കൾ രണ്ടു പേരും ഒളിവിലാണ്.
ഇപ്പോൾ ആർ.എസ്.എസിന്റെ ശക്തി കേന്ദ്രമായ ഡയമണ്ട് മുക്കിലാണു കുടിൽ കെട്ടി താമസം. രണ്ടു വർഷം മുൻപ് സിപിഎം ശക്തി കേന്ദ്രമായ കിഴക്കേ കതിരൂരിലായിരുന്നു താമസം. ഇരുപതു വർഷം അവിടെ താമസിച്ച് ആ പ്രദേശത്തിന്റെ ഒരു ഭാഗമായി ജീവിച്ചു വരികയായിരുന്നു. പൊടുന്നനവേ എല്ലാം കീഴ്മേൽ മറിഞ്ഞു.

സി പി എം അനുഭാവിയായിരുന്ന മകൻ പ്രശാന്ത്(27) ആർ.എസ്.എസിൽ ചേർന്നതോടെയാണ് സംഭവങ്ങൾക്കു തുടക്കം. കതിരൂരിലെ പുതിയ വീടു നിർമ്മിച്ചുകൊണ്ടിരിക്കയായിരുന്നു അപ്പോൾ.

സിപിഎം പ്രവർത്തകർ ഒരു ദിവസം വന്നു വീടിന്റെ പുതിയ വാതിൽ തല്ലിപ്പൊളിച്ചു. രാത്രിയിൽ കല്ലെറിഞ്ഞു. തുടർന്ന് നാണു വീടു പൂട്ടി സഹോദരിയുടെ വീട്ടിലേക്കു പോയി. ഇതറിഞ്ഞ ഉടനെ ഒരു സംഘം ആളുകളെത്തി വീട് അടിച്ചു നിരപ്പാക്കി. വാതിൽ കൊത്തിപ്പൊളിച്ചു കിണറ്റിലെറിഞ്ഞു. ഉടുതുണിയൊഴികെ അവിടൊന്നും അവശേഷിച്ചില്ല.

അന്നു നാണുവും കുടുംബവും അവിടെനിന്നും ജീവനും കൊണ്ടോടി കുറച്ചു നാൾ സഹോദരിയുടെ വീട്ടിൽ നിന്നു പീന്നീട് വാടക വീടുകളിൽ താമസിച്ചു. ഒടുക്കമാണ് ഡയമണ്ട് മുക്കിൽ ഷെഡ് കെട്ടിയത്.

അതോടെ മകൾ പുഷ്പയുടെ വിവാഹാലോചനകൾ മുടങ്ങി. ഈ ചെറ്റക്കുടിലിലേക്കു ആരെങ്കിലും മിന്നുമാല നീട്ടുമെന്ന് നാണി പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ സിപിഎം നേതാവ് പി.ജയരാജിനെ ആക്രമിച്ച കേസിൽ പ്രശാന്ത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പ്രശാന്ത് ഒളി വിൽ പോയി. ആർ.എസ്.എസാണ് പ്രശാന്തിന് ഒളിവിനു സ്ഥലം ഒരുക്കിക്കൊടുത്തത്.

മറ്റൊരു മകൻ പ്രസന്നനും സിപിഎമ്മിൽ നിന്നും ഭീഷണിയുണ്ട്. പ്രസന്നനും ഒളിവിലാണ്.

അറൂപതു വയസ്സായ നാണു ഒരുപാടു ബാധ്യതകളുടെയും ആകുലതകളുടെയും ലോകത്താണ്. രണ്ടാൺമക്കളും ഒളിവിൽ. വിവാഹപ്രായമെത്തിയ മകൾ. കല്ലുകൊത്തുകാരനായ നാണുവിന് ഇപ്പോൾ ജോലിക്കു പോകാൻ കഴിയുന്നില്ല.കതിരൂരിലെ വീടും സ്ഥലവും വിറ്റാൽ തത്കാലം പിടിച്ചു നിൽക്കാമെന്ന പ്രതീക്ഷ നാണുവിനുണ്ട്. പക്ഷേ വാങ്ങാൻ ആളെത്തുന്നില്ല. അഥവാ വന്നാൽ അവരെ പാർട്ടിക്കാർ തുരത്തും.

ദാസന്റെ മരണത്തോടെ ഇളകി പോയത് ഒരു കുടുംബത്തിന്റെ അടിത്തറ; മീൻകാരനായ ദാസനെ കൊന്നത് ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശരീരം മുഴുവൻ വെട്ടിഞ്ഞുറുക്കി

ഒരു ദുഃഖ സാഗരമാണ് ഈ അമ്മ. മൂന്നു മാസമായിട്ടും വറ്റാത്ത കണ്ണീർച്ചാലുകൾ. മനസ്സിന്റെ താളം തെറ്റി ആശുപത്രിയിൽ അഭയം തേടിയ മരുമകൾ. പറക്കപറ്റാത്ത രണ്ടു പിഞ്ചോമനകൾ.

കഴിഞ്ഞ ഓഗസ്റ്റ് 28-നു കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ദാസന്റെ പറാൽ താഴേവീട്ടിൽ ഗദ്ഗദങ്ങൾ നിലയ്ക്കുന്നില്ല.

എട്ടു വർഷം മുൻപ് മിന്നുകെട്ടിയ ദാസന്റെ പൊടുന്നനവേയുള്ള വിടവാങ്ങൽ പുഷ്പവല്ലിയെ തരിപ്പണമാക്കി. അവൾ പടർന്നു പന്തലിച്ചു പുഷ്പിച്ചു നിന്ന നെടുംതൂണാണ് വെട്ടിയിട്ടത്. മാനസീകമായി തകർന്ന പുഷ്പവല്ലിയെ തലശേരി സഹകരണ ആശുപത്രിയിൽ ഏറെനാൾ ചികിത്സിച്ചു. ഇളയ കുട്ടി നിഖിലി(മൂന്നു വയസ്സ്) നോടൊപ്പം പുഷ്പവല്ലി കതിരൂർ അഞ്ചാം മൈലിലുള്ള സ്വന്തം വീട്ടിലാണിപ്പോൾ.

പാറാൽതാഴെ വീടിന്റെ മുറ്റത്തു ദാസിനെ ദഹിപ്പിച്ച പട്ടടയിൽ പച്ചമണ്ണ് ഉണങ്ങിയിട്ടില്ല. അതിനു ചുറ്റും കെട്ടിയിരിക്കുന്ന കയർ ഇതുവരെ അഴിച്ചിട്ടില്ല. തലയ്ക്കൽ ഒരു ചുവന്ന ചെമ്പരത്തിപൂ വച്ചിരിക്കുന്നു. അത് മൂത്ത മകൾ നിഷ(7) എല്ലാ ദിവസവും അവിടെ മുടങ്ങാതെ വയ്ക്കുന്നതാണ്.

അമ്മ മാധവി(66) ഒരേ കിടപ്പാണ്. എപ്പോഴും തളർച്ച. എണീറ്റാൽ ഉടനെ ഓർമ്മകൾ ഇരമ്പും. പിന്നെ ശരീരം തളരും. വീണ്ടും കിടക്കും.  മൂന്നു സെന്റു സ്ഥത്തുള്ള ഈ കൊച്ചു വീട് പുലർത്തിയിരുന്നത് ദാസനാണ്. മീൻ വിൽപനയായിരുന്നു ദാസന്റെ പണി. പതിവു പോലെ സൈക്കിളിൽ മീൻ വിൽക്കുന്നതിനിടയിലാണ് പതിനഞ്ചോളം വരുന്ന ആക്രമി സംഘം ഇരമ്പി വന്നത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശരീരം മുഴുവൻ വെട്ടിഞ്ഞുറുക്കുകയായിരുന്നു. പറാൽ പ്രദേശത്തു രണ്ടു വർഷത്തിനിടയിൽ നാലു ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ കൊന്നിട്ടുണ്ട്. അതിന്റെ പ്രതികാരമാകാം ദാസന്റെ കൊലപാതകം.

രോഗിയായ അച്ഛൻ ചാത്തു, അനുജന്മാരായ പ്രേമൻ, സജീവൻ തുടങ്ങിയവർ ആശ്രയിച്ചിരുന്ന അത്താണിയാണു പൊടുന്നനവെ ഇല്ലാതായത്.

പാർട്ടി നാലുലക്ഷം രൂപ ഈ കുടുംബത്തിനു നൽകിയിട്ടുണ്ട്. മൂന്നു ലക്ഷം ഭാര്യയ്ക്കും കുട്ടികൾക്കുമാണ്. ഒരു ലക്ഷം അമ്മയ്ക്കും അച്ഛനും. ഈ തുകയുടെ പലിശയാണ് കുടുംബത്തിന്റെ ഏക വരുമാനം.

പാർട്ടി ഏകാധിപത്യത്തിനെതിരെ ആരു വിരലനക്കിയാലും അതു മുറിച്ചു മാറ്റും; ഉറ്റവരെയും ഉടയവരേയും ഉപേക്ഷിച്ച് സഹദേവൻ ഒളിവ് ജീവിതം നയിക്കുന്നത് വെട്ടേറ്റ ശരീരത്തെ ചികിത്സിച്ച് ഭേദപ്പെടുത്താൻ

ശരീരമാസകലം വെട്ടേറ്റ യുവാവ്, നാടും വീടും കുടുംബവും ഉപേക്ഷിച്ചു മറ്റൊരു പാർട്ടി പ്രവർത്തകന്റെ വീടിനു ടെറസിൽ ഒളിവിൽ താമസിച്ചു ചികിത്സ നടത്തുന്നു. കുഞ്ഞിപ്പറമ്പ് കെ.സഹദേവൻ എന്ന 35 കാരനാണ് ഈ ഗതി.

തലശേരി അതിർത്തിയിൽ കയ്യാലി മൈക്കാനോം നാരായണൻ എന്ന ബിജെപി പ്രവർത്തകന്റെ വീടിന്റെ ടെറസിലുള്ള മുറിയാണ് ദീർഘനാളായി സഹദേവന്റെ അഭയസ്ഥാനം.

കഴിഞ്ഞ ജൂലൈ എട്ടിനു പത്തിരുപതുപേർ സംഘം ചേർന്നു സഹദേവനെ വെട്ടുകയായിരുന്നു. ആദ്യത്തെ വെട്ടു തലയ്ക്ക് അതു തടഞ്ഞു. പിന്നെ മരണ ഭയത്തോടെ ഓടി. പക്ഷേ അവർ വളഞ്ഞു പിടിച്ചു തലയ്ക്കടിച്ചു. സഹദേവൻ നിലം പൊത്തി. തുടർന്നു തുരുതുരാ വെട്ടി. തുടർന്നു നാട്ടുകാർ ഓടിക്കൂടി. അതുകൊണ്ടു മരിച്ചില്ല.

രണ്ടു കാലിന്റെയും എല്ലുകൾ പൊട്ടി. കൈവിരലിന്റെയും എല്ലു പൊട്ടി. 23 ദിവസം ആശുപത്രിയിൽ കിടന്നു. രണ്ടു കാൽ മുഴുവൻ പ്ലാസ്റ്റർ ഇട്ടിരുന്നു. ആറാഴ്‌ച്ച കഴിഞ്ഞപ്പോൾ ഒരുകാലിലെ പ്ലാസ്റ്റർ അഴിച്ചു. ഇപ്പോൾ ഊന്നു ഉപയോഗിച്ചു നടന്നു തുടങ്ങി. പ്ലാസ്റ്ററിട്ട കാലിൽ ചെറിയ പഴുപ്പുണ്ട്. ശരീരത്തിലെ മുറിവുകൾ ഉണങ്ങി.

ഭാര്യ സുമയും ഒൻപതു വയസ്സുള്ള കുട്ടി ആതിരയും സുമയുടെ എറഞ്ഞോളി ചുങ്കത്തുള്ള വീട്ടിലാണ്. പാട്യത്താണു സഹദേവന്റെ തറവാട്. അവിടെ സി പി എം ശക്തി കേന്ദ്രമായതിനാലാണു വേറ്റുമേലിൽ വാടകയ്ക്കു വീടെടുത്തത്. അതിപ്പോൾ പൂട്ടിയിരിക്കുന്നു. വാടകവീട്ടിൽ താമസിക്കുമ്പോഴാണു വെട്ടേറ്റത്.

കാൽ പൂർണമായി സുഖപ്പെട്ടാൽ വേറ്റുമേലിലേക്കു തിരിച്ചു പോകുമെന്നു സഹദേവൻ പറയുന്നു. നേരത്തെ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. അതിനി നടക്കില്ല. യമഹാ എൻജിൻ പാർട്സ് വിതരണം ചെയ്യാനാണ് പരിപാടി. പക്ഷേ അവിടെ സി പി എം ഭീഷണിയുണ്ട്. കൊല്ലാനാണ് അന്നവർ വെട്ടിയത്. നാട്ടുകാർ ഓടിക്കൂടിയതു കൊണ്ടു രക്ഷപ്പെട്ടു.

പാർട്ടിയുടെ ഔദാര്യത്തിലാണ് ചികിത്സയും മറ്റു ചിലവുകളും. പക്ഷേ, അത് അനന്തമായി കിട്ടില്ല. 'ജീവിതത്തിലേക്കു തിരിച്ചു പോകണം അവിടെ കാത്തിരിക്കുന്നത് മരണമാണെങ്കിലും'- സഹദേവൻ പറയുന്നു. കതിരൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെയാണ് പ്രശ്നം തുടങ്ങിയത്. സിപിഎം ശക്തി ദുർഗമായ അവിടെ തിരഞ്ഞെടുപ്പു നടന്നപ്പോൾ സി.പി. എമ്മിനെതിരെ സ്ഥാനാർത്ഥികൾ നിരന്നതാണ് പ്രശ്നം. മാത്രമല്ല എല്ലാ ബൂത്തിലും ബിജെപി ഏജന്റുമാർ ഇരുന്നു.

സിപിഎമ്മിനെതിരെ ആദ്യമായാണ് ഇങ്ങനെയൊരു വെല്ലുവിളി ഉയർന്നത്. പാർട്ടി ഏകാധിപത്യത്തിനെതിരെ ആരു വിരലനക്കിയാലും അതു മുറിച്ചു മാറ്റുക എന്നതാണ് ഇവിടുത്തെ പ്രത്യയ ശാസ്ത്രം.

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

(തുടരും)