രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ പുത്തരിയല്ലെ. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും അണികളും ഇവിടെ കൊല്ലപ്പെടുന്നു. കണ്ണൂരിൽ ഇത് ഒരു വാർത്തയെ അല്ലാതെയായി മാറിയിരിക്കുന്നു. സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും പ്രവർത്തകർ ഇവിടെ തുടരെ തുടരെ കൊല്ലപ്പെടുകയാണ്. പണ്ട് ജമ്മു കാാശ്മീരിൽ നിന്നും അതിനും മുമ്പ് പഞ്ചാബിൽ നിന്നും കേട്ടതു പോലെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ വാർത്തയാണ് ഇന്ന് കണ്ണൂരിൽ നിന്നും പുറത്ത് വരുന്നത്.

എന്നാൽ ഇപ്പോൾ കണ്ണൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ മരണവാർത്ത സൃഷ്ടിച്ച അലയൊലികൾ അങ്ങനെ അങ്ങ് അവസാനിക്കുന്നില്ല. അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങൾ ഏത് രാഷ്ട്രീയ പാർട്ടി നടത്തിയാലും അത് വലിയ രീതിയിൽ ചർച്ചയാകുന്നു. സിപിഎമ്മും ബിജെപിയും തമ്മിലാണ് കൊലപാതകങ്ങൾ നടത്തുന്നതെങ്കിൽ അത് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവസാനിക്കുന്നു. എന്നാൽ ഒരു കോൺഗ്രസുകാരൻ കൊല്ലപ്പെട്ടത് സാധാരണയിൽ കവിഞ്ഞ ഒരു വാർത്തയാണ്. കാരണം കൊല്ലുന്നതും കൊല്ലപ്പെടുന്നതും കോൺഗ്രസുകാരുടെ സാധാരണ അജണ്ടയിലുള്ള പ്രക്രീയ അല്ല. അതാണ് ഷുഹൈബിന്റെ കൊലയ്ക്ക് ഇത്രയും വാർത്താ പ്രാധാന്യം ലഭിച്ചത്.

മാത്രമല്ല ഷുഹൈബിന്റെ കൊലപാതകത്തിന് പറഞ്ഞിരിക്കുന്ന രാഷ്ടരീയ കാരണം കണ്ണൂരിലെ സാധാരണ രാഷ്ട്രീയ കൊലയ്ക്ക് പറയുന്ന കാരണവുമല്ല. നിസാരമായ ഒരു തർക്കത്തിന്റെ പുറത്താണ് ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വളരെ വിചിത്രമായ ഒരു കാര്യം കൂടി അരങ്ങേറി. സാധാരണ ഗതിക്ക് സിപിഎം കാരോ ആർഎസ്എസുകാരോ കൊല്ലപ്പെട്ടാൽ പ്രതികളെ കൊണ്ടു നൽകുന്നത് അതത് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.

കൊല്ലുന്നതിന് മുമ്പ് കൊലയാളിയെ സംബന്ധിച്ച പട്ടിക കൊല്ലുന്ന പാർട്ടിക്കാർ ഉണ്ടാക്കുകയും ഈ പട്ടിക പൊലീസിൽ ഏൽപ്പിക്കുകയും പൊലീസ് സെറ്റിട്ട് പ്രതിയെ അറസ്റ്റ് നടത്തുകയും ചെയ്യുമായിരുന്നു. കണ്ണൂരിൽ ഒരു സിപിഎംകാരൻ പ്രതിയായാൽ ജയിലിൽ കിടക്കാനും ഉത്തരവാദിത്തം എടുക്കാനും പറ്റുന്നവരുടെ പട്ടിക സിപിഎം പൊലീസിൽ നൽകുന്നു. അല്ലെങ്കിൽ ആർഎസ്എസുകാർ പൊലീസിൽ നൽകുന്ന കാഴ്ചയാണ് കണ്ടു പോരുന്നത്. ഒടുവിൽ കോടതിയിൽ ചെല്ലുമ്പോൾ ഇവർ കുറ്റവിമുക്തരാകുന്നു. കാരണം ഇവരല്ല കൊലയാളികൾ എന്നതു കൊണ്ട് തന്നെ. അധവാ ഇവർ ശിക്ഷിക്കപ്പെട്ടാൽ ഭരിക്കുന്ന സർക്കാർ വാരിക്കോരി ആനുകൂല്യം നൽകുന്നു. ടി പി വധക്കേസിലെ പ്രതികൾ ജയിലിൽ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളും പരോളും ഇതിന് ഉദാഹരണമാണ്.

ആ പഴയ കാലം കടന്ന് ഇന്ന് പ്രതിയെ പാർട്ടി സെക്രട്ടറി തന്നെ കൊണ്ടു പോയി പൊലീസിൽ ഹാജരാക്കുന്നു എന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തി. ഷുഹൈബിന്റെ കൊലപാതകത്തിലെ പ്രതികൾ എന്നു പറഞ്ഞ് പ്രതികളെ കൊണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് അവിടുത്തെ ലോക്കൽ കമ്മറ്റി സെക്രട്ടറി തന്നെയാണ്. ഈ അവസ്ഥയാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യം കുറിക്കാത്തത്.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മാത്രമമാണ് നഷ്ടം. എന്നാൽ ഇവരുടെ കുടുംബത്തിനു സാമ്പത്തിക സഹായം നൽകിയും രക്തസാക്ഷിയായി ആദരിച്ച് അവരെ ഇരുപാർട്ടികളും നിലനിർത്തി പോരുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും നിലനിൽപ്പിന് വേണ്ടി വെട്ടി വെട്ടി കൊല്ലുകയാണ് ആർഎസ്എസുകാരും സിപിഎംകാരും.

കൊല്ലപ്പെടുന്നവരാവട്ടെ സാധാരണക്കാരും കീഴ്ജാതിയിൽപ്പെട്ടവരും. ഒരു നേതാവും പോലും കൊല്ലപ്പെടുന്നില്ല. എന്നാൽ പാവപ്പെട്ട അണികൾക്കാണ് രക്ത സാക്ഷികളുടെ പരിവേഷം കിട്ടുന്നത്. ഇത് അവസാനിപ്പിക്കണമെങ്കിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണം. പ്രത്യേകിച്ച് സിപിഎമ്മും ആർഎസ്എസും തീരുമാനിക്കണം. കൊല്ലുന്നവനെ കുടുംബത്തിൽ കയറ്റാതിരിക്കാൻ കുടുംബക്കാരും കൊല്ലുന്നവനെ പാർട്ടിയിൽ നിർത്താതിരിക്കാൻ രാഷ്ട്രീയക്കാരും തീരുമാനിച്ചാൽ മാത്രമേ കണ്ണൂരിലെ രക്തക്കറമായുകയുള്ളു.