വാഷിങ്ടൺ: വംശീയ വിദ്വേഷം വർദ്ധിച്ചുവരുന്ന അമേരിക്കയിൽ വിവാദമായ കൊലപാതക കേസിൽ വിധി പുറത്തുവന്നു. വംശീയ വിദ്വേഷത്തോടെ ഇന്ത്യൻ ടെക്കിയെ കൊലപ്പെടുത്തിയ കേസിൽ മുൻ യുഎസ് നാവിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അമേരിക്കൻ ഫെഡറൽ കോടതി. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീനിവാസ് കുച്ചിഭോട്ട്‌ലയെ വെടിവെച്ച് കൊന്ന സംഭവത്തിലാണ് 52കാരനായ ആദം പുരിന്റണിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

അമേരിക്കയിലെ കാൻസസിലെ ഒരു ബാറിൽ 2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകു എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു മുൻ യുഎസ് നാവിക ഉദ്യോഗസ്ഥനായ ആദം പ്യൂരിന്റൻ ഇന്ത്യൻ പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. ആദം നടത്തിയ വെടിവെപ്പിൽ ശ്രീനിവാസ് കുച്ചിഭോട്ട്‌ല കൊല്ലപ്പെടുകയും സുഹൃത്തായ അലോക് മദാസനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കേസിന്റെ വിചാരണ കാലയളവിൽ ആദം പ്യൂരിന്റൻ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. കഴിഞ്ഞദിവസം വിചാരണ പൂർത്തിയാക്കിയ കേസിൽ ആദം പ്യൂരിന്റൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഫെഡറൽ ജഡ്ജ് ശിക്ഷാവിധിയും പ്രസ്താവിച്ചത്. പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതുകൊണ്ട് തന്റെ ഭർത്താവിനെ തിരികെ നൽകാനാവില്ലല്ലോ എന്നായിരുന്നു ശ്രീനിവാസ് കുച്ചിഭോട്ട്‌ലയുടെ ഭാര്യ ദുമല ശ്രീനിവാസിന്റെ പ്രതികരണം. അതേസമയം, വംശീയവിദ്വേഷത്തിനെതിരായ ശക്തമായ സന്ദേശമാണ് ഈ വിധിയെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തിയ ഒലാത്തെ പൊലീസിനോടും കോടതിയിൽ വാദിച്ച ഡിസ്ട്രിക്ട് അറ്റോർണി ഓഫീസറോടും നന്ദിയുണ്ടെന്നും ദുമാല പറഞ്ഞു.

അമേരിക്കൻ ഇന്ത്യക്കാരിൽ ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കൊലപാതകമായിരുന്നു ശ്രീനിവാസ് കുച്ചിഭോട്ട്‌ലയുടേത്. ഫെബ്രുവരിയിൽ കൻസാസ് ഒലാതെയിലെ ബാറിൽവച്ച് ഇന്ത്യക്കാരനായ ശ്രീനിവാസ് കുചിഭോത്ലയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ മുൻ നാവിക ഉദ്യോഗസ്ഥനായ ആദം പ്യൂരിന്റനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണാ വേളയിൽ ആദ്യഘട്ട വിചാരണയ്ക്കിടെയാണ് താൻ നിരപരാധിയാണെന്ന് ആദം വാദമുന്നയിച്ചത്.

ശ്രീനിവാസ് കുച്ചിബോട്ല കൻസാസിലെ ഒലാതെയിൽ ഗാർമിൻ ഹെഡ്ക്വാട്ടേഴ്‌സിൽ ജിപിഎസ് സിസ്റ്റംസ് നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 2014 ൽ ആണ് ശ്രീനിവാസ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സുനയന ദുമലയും ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.