- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ശരിയ സിറ്റിയും ശരിയ സ്റ്റാർ ഹോട്ടലുകളും; ആയിരംകോടി ചെലവിൽ മുന്നൂറ് ഏക്കറിൽ ഉയരുന്ന ഉപഗ്രഹ നഗരം; തോട്ടഭൂമി തരം മാറ്റി അനധികൃത നിർമ്മാണം; കെട്ടിടപെർമിറ്റില്ല, ബിൽഡിങ്ങ് റൂൾസും ബാധകമല്ല; ഷാനി പ്രഭാകരന്റെ വീടിന്റെ തൊട്ടടുത്താണെങ്കിലും വാർത്ത വരില്ല; തിരുകേശപ്പള്ളി സ്ഥാപിക്കുന്നതും ഇവിടെയെന്ന് അഭ്യൂഹം; കാന്തപുരത്തിന്റെ നോളജ് സിറ്റി ഒരു സമാന്തര ലോകമോ?
കോഴിക്കോട്: ഭൂമി തരംമാറ്റാനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒടുവിൽ ആത്മഹത്യചെത്ത പറവൂരിലെ മത്സ്യത്തൊഴിലാളി സജീവനെ കേരളം മറന്നിട്ടുണ്ടാവില്ല. തന്റെ പേരിയുള്ള നാല്സെന്റ്ഭൂമിയിൽ നിലം എന്ന് എഴുതിപ്പോയതുകൊണ്ട് ഒരു ലോൺ കിട്ടാൻപോലും കഴിയാതെ ആയതോടെയാണ്, സജീവൻ അതൊന്ന് പുരയിടം എന്നാക്കി മാറ്റാൻ റവന്യൂ-വില്ലേജ് ഓഫീസുകൾ കയറി ഇറങ്ങിയതും, ഒടുവിൽ രക്ഷയില്ലാതെ മരണത്തിൽ അഭയം തേടിയതും.
അത്രക്ക് സങ്കീർണ്ണമാണ് ഇവിടുത്തെ നിയമ സംവിധാനം എന്നിരിക്കേ, എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഇവിടെ ആയിരം കോടിയുടെ ഒരു ഉപഗ്രഹ നഗരം ഉയരുന്നുവെന്നത് വിശ്വസിക്കാൻ കഴിയുമോ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നോളജ് സിറ്റിയിൽ നിർമ്മാണം നടക്കുന്നത് നിയമവിരുദ്ധമായാണെന്ന് വാർത്തകൾ പുറത്തുവന്നിട്ട് ദിവസങ്ങളായി. ഏഷ്യാനെറ്റ് ലേഖകൻ സന്ദീപ് തോമസാണ് വിവരാവകാശം അടക്കമുള്ള വിവിധ രേഖകൾ വെച്ച് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. പക്ഷേ എന്നിട്ടും പിണറായി സർക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ല.
പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ മുൻകൈയെടുത്ത് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കാൻ പോകുന്ന ടൗൺഷിപ്പാണ് മർകസ് നോളജ് സിറ്റിയെന്നാണ് ഔദ്യോഗിക ഭാഷ്യം. 2012 ഡിസംബർ 24നാണ് ഇതിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നത്. സമസ്ത പ്രസിഡന്റ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാളാണ ഉദ്ഘാടനം നിർവഹിച്ചത്.
1000 കോടി രൂപ ചെലവിൽ 300 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. എൻജിനീയറിങ്ങ്, മെഡിസിൻ, സയൻസ്, മാനേജ്‌മെന്റ് കോളേജുകൾ, ആർട്ട് കോളേജ്,ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളേജ് ,സ്പെഷ്യൽ സ്‌കൂൾ തുടങ്ങിയവ അടങ്ങുന്ന എഡ്യുക്കേഷൻ സിറ്റി ഈ പദ്ധതിയുടെ ഭാഗമാണ്. നഴ്‌സിങ്, മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ കോളെജുകൾ; ഗവേഷണ സൗകര്യങ്ങൾ എന്നിവയുള്ള ഹെൽത്ത് സിറ്റിയും ഇവിടെ സ്ഥാപിക്കപ്പെടും. ഇസ്ലാമിക പഠനത്തിനും അറബിക് ഭാഷയ്ക്കും പ്രാമുഖ്യം നൽകുന്ന ശരിയ സിറ്റി, ഷോപ്പിങ് മാളുകൾ, ശരിയ നിയമപ്രകാരമുള്ള സ്റ്റാർ ഹോട്ടലുകൾ എന്നിവയടങ്ങിയ കൊമേഴ്‌സ്യൽ സിറ്റിയും ഇവിടെയുണ്ടാവുമെന്ന് ഇതിന്റെ അണിയറ ശിൽപ്പികൾ പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.
വില്ലകളും അപ്പാർട്ടുമെന്റുകളുമുള്ള ഹെറിറ്റേജ് സിറ്റിയും സ്ഥാപിക്കപ്പെടും. ഒരു ഇന്റർനാഷണൽ സ്‌കൂളും ഇവിടെയുണ്ടാകും. ഇതിൽ പലതിന്റെയും പണി പൂർത്തിയായി കഴിഞ്ഞു. ചിലത് അവസാനത്തോട് അടുക്കുന്നു. അപ്പോഴാണ് അവിടെ ഒരു കെട്ടിടം തകർന്ന് 25പേർക്ക് പരിക്കേൽക്കുന്നത്. ഇതോടെയാണ് കെട്ടിടത്തിന് അംഗീകാരമില്ല എന്ന കാര്യം അടക്കം പുറത്താവുന്നത്.
അടിമുടി നിയമ ലംഘനങ്ങൾ; ആരും മിണ്ടുന്നില്ല
ഏഷ്യാനെറ്റ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഒന്നാമത് ഇവിടെ നടക്കുന്നത് ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവുകൊടുത്ത തോട്ട ഭൂമിയാണ്, നോളജ് സിറ്റി നിൽക്കുന്നയിടം. ഇത് കരഭൂമിയാക്കി മാറ്റി കെട്ടിടം പണിയാൻ കഴിയില്ല. ഇനി ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒന്നിനും ലൈൻസില്ല. പഞ്ചായത്തിൽനിന്ന് കെട്ടിട പെർമിറ്റ് വാങ്ങിയിട്ടില്ല. ബിൽഡിങ്ങ് റൂളുകൾ ഒന്നും പാലിച്ചിട്ടില്ല. കഴിഞ്ഞ മാസം നോളജ് സിറ്റിയിൽ ഒരു കെട്ടിടം തകർന്നുവീണ് 25ഓളം പേർക്ക് പരിക്കേറ്റിരുന്നു. അപ്പോഴാണ് പഞ്ചായത്തുപോലും അറിയാതെയാണ് ഇവിടെ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന് മനസ്സിലായത്.
തകർന്ന് വീണ കെട്ടിടം 'ഹിൽസിനായി' എന്ന സ്‌കൂൾ കെട്ടിടമായിരുന്നെന്നാണ് ലഭ്യമായ വിവരം. നേരത്തെ ഒരു റബർ എസ്റ്റേറ്റായിരുന്ന പ്രദേശം വെട്ടിവെളിപ്പിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. റബർ ഏസ്റ്റേറ്റിൽ ഇത്തരത്തിൽ വലിയൊരു നഗരം തന്നെ നിർമ്മാക്കാനായി സർക്കാറിൽ നിന്ന് വിവിധ അനുമതികൾ വാങ്ങേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊരു അനുമതിയും മർക്കസ് നോളജ് സിറ്റിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.കർന്നുവീണ കെട്ടിടത്തിന് നിർമ്മാണ അനുമതിയുണ്ടായിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസും സ്ഥിരീകരിക്കുന്നു.
മാത്രമല്ല ഈ വിഷയം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ നോളജ് സിറ്റിക്കാർ ആക്രമിക്കാനും ശ്രമിച്ചു. ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകൻ ജോൺസൺ ഈങ്ങാപ്പുഴയുടെ മൊബൈൽ ഫോൺ, സംഭവ സ്ഥലത്തുണ്ടായിരുന്നു നോളജ് സിറ്റിയുടെ അധികൃതർ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ഇയാൾ എടുത്തത ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതായും ആരാപണമുണ്ട്. നേരത്തെ ജില്ലാകല്ടർ നടത്തിയ അന്വേഷണത്തിലും കോടഞ്ചേരി വില്ലേജിൽ നോളജ് സിറ്റിയിലടക്കം വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
പക്ഷേ ഇത്രയും വലിയ ഒരു നിയമലംഘനം നടന്നിട്ടും, കാന്തപുരത്തിന്റെ സ്വാധീനത്തെ ഭയന്ന് മാധ്യമങ്ങൾപോലും ഇത് കണ്ടിലെന്ന് നടിക്കയാണ്. നോളജ് സിറ്റിയിലെ നിയമലഘനം സംബന്ധിച്ച് എഷ്യാനെറ്റ് നടത്തിയ ചർച്ചയിൽ സാമൂഹിക നിരീക്ഷൻ അഡ്വ. ജയശങ്കർ ഇങ്ങനെ തുറന്നടിക്കുന്നു. ''സത്യത്തിൽ കാന്തപുരത്തെ ഭൂപരിഷ്‌ക്കരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിക്കയാണ് വേണ്ടത്. അങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്. മാധ്യമങ്ങൾ പോലും ഈ വിഷയത്തിൽ ഭയക്കുകയാണ്. ഷാനി പ്രഭാകന്റെ വീട് സ്ഥിതിചെയ്യുന്ന ഈങ്ങാപ്പുഴയിൽനിന്ന് നടന്നുപോകാനുള്ള ദൂരമേ ഇവിടേക്കുള്ളൂ. പക്ഷേ ഈ വിഷയത്തിൽ ഒരു 'പറയാതെ വയ്യ' ചെയ്താൽ ഷാനി വിവരം അറിയും. അത്രക്കാണ് കാന്തപുരത്തിന്റെ സ്വാധീനം. ആദ്യദിനം നോളജ് സിറ്റി അപകടം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തൊട്ടടുത്ത ദിവസം തന്നെ, അപകടത്തിൽ പരിക്കേറ്റവർ സുഖം പ്രാപിക്കുന്ന എന്ന മോഡലിൽ പോസറ്റീവായ വാർത്തകൾ ആണ് കൊടുക്കേണ്ടി വന്നത്. ഇപ്പോൾ ഏഷ്യനെറ്റിൽ ഈ വാർത്ത വന്നാൽ തന്നെ, അത് ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ സ്വാധീനം കൊണ്ടാണെന്നും ഈ വാർത്ത റിപ്പോർട്ട് ചെയ്ത സന്ദീപ് തോമസ് ക്രിസംഘിയാണ് എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങൾ വളച്ചൊടിക്കാൻ നീക്കം നടക്കും''- അഡ്വ ജയശങ്കർ ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഏഷ്യാനെറ്റിനെതിരെയും കുപ്രചാരണമായി എ.പി വിഭാഗത്തിന്റെ ചില പ്രവർത്തകർ രംഗത്ത് എത്തിയിരിക്കയണ്. ലേഖകൻ സന്ദീപ് തോമസ് മൂന്നുകോടി രൂപ കോഴ ചോദിച്ചുവെന്നും ഇതു കൊടുക്കാത്തതിന്റെ പ്രതികാരമാണ് ഇപ്പോൾ നടക്കുന്നത് എന്നുമാണ് ആരോപണം. നോളജ് സിറ്റി നിലനിൽക്കുന്ന ഭൂമി പാട്ടത്തിന് നൽകിയ കുടുംബവും നോളജ് സിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. നോളജ് സിറ്റി നിൽക്കുന്നത് തോട്ടഭൂമിയിൽ തന്നെയെന്നും ഇക്കാര്യം മറച്ചുവച്ചാണ് നിക്ഷേപകരിൽ നിന്നും പണം സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെ കൊളായി കുടുംബം ആരോപിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും ഇവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
തിരുകേശപ്പള്ളി വരുന്നത് ഇവിടെ?
പ്രവാചകന്റെ തിരുകേശവും അതു സ്ഥാപിക്കാനായി വിഭാവനം ചെയ്ത ആരാധനാലയം ഷഹ്രെ മുബാറക്കും വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാന്തപുരത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ഷ്ഹരെ മുബാറക് എന്ന തിരുകേശപ്പള്ളിക്ക് ശിലാസ്ഥാപനം നടത്തിയത് 2012ലാണ്. വിശ്വാസികളിൽ നിന്നും അല്ലാതെയുമായി നാൽപതു കോടി രൂപയോളം പള്ളിയുടെ പേരിൽ പിരിച്ചെടുക്കപ്പെട്ടെങ്കിലും, ഇപ്പോൾ അതേക്കുറിച്ച് ഒന്നും കേൾക്കുന്നില്ല.
ഇപ്പോൾ പറയുന്നത് കാന്തപുരത്തിന്റെ പ്രസ്റ്റീജ് പ്രോജക്റ്റായ തിരുകേശപ്പള്ളിയുടെ ഇവിടെയാണ് ഉയരുന്നത് എന്നാണ്. നേരത്തെ പ്രവാചകന്റെ മുടിയെന്ന് പറഞ്ഞ് കാന്തപുരം കൊണ്ടുവന്ന കേശം സംരക്ഷിക്കുന്നതിനായി കോഴിക്കോട് സ്വപ്ന നഗരിയിലാണ് വൻ പള്ളിയടക്കമുള്ള സംവിധാനങ്ങൾ വരുന്നത് എന്നാണ് കേട്ടിരുന്നത്. പതിനായിരിക്കണക്കിന് വിശ്വാസികളുടെ സാക്ഷിയാക്കി പള്ളിക്ക് തറക്കല്ലിടുകയും ചെയ്തു. പക്ഷേ അപ്പോഴാണ് മുസ്ലിം സമുദായത്തിന് അകത്തുനിന്നുതന്നെ ഈ തിരുകേശം വ്യാജമാണെന്ന അഭിപ്രായം ഉയർന്നത്. സമസ്ത ഇ കെ വിഭാഗമൊക്കെ ഈ കാര്യം ചൂണ്ടിക്കാട്ടി ശക്തമായ കാമ്പയിനാണ് നടത്തിയത്് ഇതേതുടർന്ന് രാഷ്ട്രീയ വിവാദവും ഉണ്ടായി. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തിരുകേശം എന്ന് പറയുന്നതു ബോഡിവേസ്റ്റ് ആണെന്ന് പറഞ്ഞതും വാർത്തയായിരുന്നു.
ഇതേതുടർന്ന് കാന്തപുരം വിഭാഗം സിപിഎമ്മുമായി ഇടഞ്ഞിരുന്നു. അതുവരെ ഇടതുപക്ഷത്ത് ഉറച്ചു നിന്ന കാന്തപുരം വിഭാഗത്തെ അരിവാൾ സുന്നികൾ എന്നും തണ്ണിമത്തൻ സുന്നികൾ ( പുറമെ പച്ച അകത്ത് ചുവപ്പ് ) എന്നുമൊക്കെയായിരുന്നു എതിരാളികൾ കളിയാക്കിയത്. പിണറായിയുടെ പരാമർശത്തോടെ അടുത്ത തെരഞ്ഞടുപ്പിൽ അവർ കളം മാറ്റി ചവുട്ടി. പക്ഷേ തിരുകേശം ഒറിജിനൽ ആണെന്ന് കാന്തപുരത്തിന് തെളിയിക്കാൻ അയില്ല. പക്ഷേ അദ്ദേഹം ആ കേശം കൊണ്ട് കോടികൾ സമ്പാദിച്ചു. കേശം സൂക്ഷിക്കാനുള്ള പള്ളിയുടെ പേരിൽ കോടികളുടെ പിരിവാണ് നടന്നത്. അതുപോലെ തിരുകേശം ഇട്ട വെള്ളം വാങ്ങാനും വിശ്വാസികൾ ഇടിച്ചുകയറി. വെള്ളം വാങ്ങിയവർ വൻ തുകയും സംഭാവന നൽകി.
തിരുകേശം ഉണ്ടാക്കിയത് വൻ ഭിന്നത
ഷഹ്രെ മുബാറക്ക് എന്ന തിരുകേശപ്പള്ളി വിശ്വാസികൾക്കിടയിലും വൻ ഭിന്നിപ്പാണ് ഉണ്ടാക്കിയത്. സുന്നി ഐക്യത്തിനും ഇത് വിഘാതമായി. അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തിൽ നിന്നും തനിക്കു ലഭിച്ചത് എന്ന പേരിലാണ് കാന്തപുരം പ്രവാചക കേശം വിശ്വാസികൾക്കിടയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതു സന്ദർശിക്കാൻ വിശ്വാസികൾ എത്തിച്ചേരണമെന്നും ഇതു സ്ഥാപിക്കാനായി ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ പള്ളി പണിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. വിശ്വാസികളുടെ കുത്തൊഴുക്കുണ്ടാക്കുന്ന ഒരു വലിയ തീർത്ഥാടന കേന്ദ്രമൊരുക്കുക എന്ന ഉദ്ദേശത്തോടെയുള്ള നീക്കം പക്ഷേ സുന്നി വിഭാഗത്തിനിടയിൽത്തന്നെയുള്ള വിഭാഗീയത ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്.
ഇടതു നിരീക്ഷകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഇതേക്കുറിച്ച് നേരത്തെ പറയുന്നതിങ്ങനെയാണ്.-'എല്ലാ സാംസ്‌കാരിക സംഘടനകളും ഒരേ പോലെ വിമർശനമുന്നയിച്ചപ്പോൾ മുടിപ്പള്ളി എന്ന പദ്ധതി അവർ മരവിപ്പിച്ചു എന്നാണ് ഞാൻ മനസ്സിലാക്കിയത്. പിന്നെ അതേക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. പണ്ട് പ്രഖ്യാപിച്ചതു പോലെ വലിയ ആഘോഷമായി നിർമ്മാണം നടത്തുക എന്ന പദ്ധതി ഏതായാലും അവർക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ ഏതെങ്കിലും തരത്തിൽ അവർ ആ പദ്ധതി തുടരുന്നുണ്ടോ എന്നതിനെക്കുറിച്ച് വലിയ ധാരണയില്ല. പണപ്പിരിവ് നടത്തി പള്ളിയുണ്ടാക്കുന്ന ഘട്ടമെത്തിയപ്പോഴാണ് വിമർശനം വന്നതെന്ന് തോന്നുന്നു. സുന്നികൾക്കിടയിൽ തന്നെ എതിർപ്പുണ്ടായി'- കെഇഎൻ ചൂണ്ടിക്കാട്ടുന്നു.
പ്രവാചകനെ നിന്ദിക്കലും പ്രവാചകനോട് നുണ പറയലുമായാണ് ഇ.കെ. സുന്നി വിഭാഗം കാന്തപുരത്തിന്റെ പ്രസ്താവനകളെ കണ്ടത്. മുടിപ്പള്ളി എന്നത് വലിയൊരു തട്ടിപ്പായിരുന്നെന്നും പണപ്പിരിവു നടന്നതോടെ പള്ളി പണിയാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടെന്നും അവർ വിശ്വസിക്കുന്നു.
സമസ്ത കേരള ജമിയത്തുൽ ഉലമയുടെ മുശവ്വറ അംഗം ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി പറഞ്ഞത് ഇങ്ങനെ: 'പള്ളിയില്ല എന്ന കാര്യം തീർച്ചയാണ്. അതിൽ സംശയമുണ്ടാകേണ്ട കാര്യമൊന്നുമില്ല. പള്ളിപണിയുമെന്ന് അവകാശപ്പെട്ട് തറക്കല്ലിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. സുന്നി ഐക്യത്തിന് ഇത് വിഘാതമാണെന്നത് തീർച്ചയാണ്. പ്രവാചകനോട് കളവു പറഞ്ഞു എന്നതാണ് വിഷയം. പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞു കൊണ്ടുവന്ന മുടിക്കഷ്ണങ്ങൾ ബോംബേയിലെ മാർക്കറ്റിൽ നിന്നും വാങ്ങിയതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ തിരുകേശം ലോകത്തിന്റെ പല ഭാഗങ്ങളിൽ സൂക്ഷിച്ചുവയ്ക്കപ്പെടുന്നുണ്ട്. അതിന് അതിന്റേതായ ശൃംഖല വേണം. ആർക്ക് ആരിൽ നിന്നും കിട്ടി എന്നതിനു തെളിവു വേണം. ഈ ശൃംഖല ഏതാണെന്നാണ് ഞങ്ങൾ വർഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇന്നേവരെ അതിനുത്തരം തരാൻ അയാൾക്കായിട്ടില്ല. പ്രവാചകന്റെ മുടി തന്റെ കൈയിലുണ്ടെന്ന് താൻ പറഞ്ഞാൽ അതിനു മറ്റു തെളിവു വേണ്ടെന്നാണ് അയാളുടെ വാദം. അങ്ങനെയാണെങ്കിൽ എവിടുന്നെങ്കിലും മുടി കൊണ്ടുവരലും, അതു വെള്ളത്തിൽ മുക്കി വിതരണം ചെയ്യലും, അതിന്റെ പേരിൽ പള്ളി പണിയാൻ പിരിവു നടത്തലുമൊക്കെ ആർക്കു വേണമെങ്കിലും ചെയ്യാമല്ലോ.
ബഹുഭൂരിഭാഗം മുസ്ലിങ്ങളും ഇതംഗീകരിക്കാത്തതും അതുകൊണ്ടാണ്. കാന്തപുരത്തിനൊപ്പമുള്ള മന:സാക്ഷിയുള്ള ചിലരും ഇതിനെതിരായുണ്ട്. അദ്ദേഹത്തിനൊപ്പം നിൽക്കേണ്ടത് അവർക്കു ചില തരത്തിൽ അനിവാര്യതയായതുകൊണ്ട് അവരിതിൽ മൗനം പാലിക്കുന്നു എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ട് മർക്കസിൽ നിന്നും പിരിഞ്ഞു പോന്നവരുമുണ്ട്. 'എന്റെ കൈയിൽ ഇങ്ങിനെ ഒരു മുടിയുണ്ട്, ആ മുടിക്ക് ഒരു ശൃംഖല നിർമ്മിക്കണം' എന്ന് അദ്ദേഹം യുവപണ്ഡിതനായ ഒരു ജീവനക്കാരനോട് ആവശ്യപ്പെട്ടിരുന്നു. മന:സാക്ഷി അനുവദിക്കാത്തതിനാൽ ആ വ്യക്തി അവിടെനിന്നും പിരിഞ്ഞുപോരുകയാണുണ്ടായത്. 2010-ലും 14ലുമൊക്കെയാണ് ഇതു സംഭവിക്കുന്നത്''- ബഹാവുദ്ദീൻ മുഹമ്മദ് നദ്വി ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്.
മുടി ബോംബയിൽനിന്ന് കാന്തപുരം വാങ്ങിയത്?
എഴുത്തുകാരനും, മാധ്യമം മുൻ അസോസിയേറ്റ് എഡിറ്ററുമായ ഒ അബ്ദുല്ല മുമ്പ് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. -''ബോബെയിൽ നിന്നും കാന്തപുരം ഈ മുടി വാങ്ങിയത് കണ്ടവരുമുണ്ട്, അവരത് വിളിച്ചു പറയുന്നുമുണ്ട്. ഇതൊരു തട്ടിപ്പാണ്. കാന്തപുരം അബൂബക്കർ മുസല്യാർ മനസ്സിൽക്കാണുന്നത്, അദ്ദേഹം നിര്യാതനായിക്കഴിഞ്ഞാൽ ഈ പള്ളി ഒരു വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്നാണ്. അതിനു വേണ്ടിയാണ് നാല്പതു കോടി രൂപ ചെലവിട്ട് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. പള്ളിയുടെ ചിത്രങ്ങൾ മലബാറിലെ ഓരോ കവലകളിലും പതിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അവരതിനെ തള്ളിപ്പറയുന്നു. പള്ളിയുണ്ടാക്കാമെന്ന് ആരു പറഞ്ഞു, ഞങ്ങളത് ഏറ്റിട്ടില്ലല്ലോ എന്നുള്ള വാദങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. നോളജ് സിറ്റിയോടു ചേർന്ന് ഒരു വലിയ പള്ളിയുണ്ടാക്കുകയും, ആ പള്ളിയോടു ചേർന്ന് കേശം എന്ന് അവർ പറയുന്ന വസ്തു സൂക്ഷിക്കുകയും ചെയ്താൽ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി അതു മാറ്റിയെടുക്കാനാകുമെന്നാണ് അവരുടെ ലക്ഷ്യം. അതിലൂടെ വലിയൊരു വരുമാനമാണ് അവർ പ്രതീക്ഷിക്കുന്നത്.
ഇത് മതത്തിന്റെ കാതലിനു വിരുദ്ധമായിക്കൊണ്ട് വ്യക്ത്യാരാധന, വ്യക്തിപൂജ എന്നിവയിലേക്കാണ് നീങ്ങുന്നത്. ഇസ്ലാം കഠിനമായി നിരോധിക്കുന്ന സംഗതിയാണത്. തന്നെ ബഹുമാനിക്കരുത് എന്നു പറഞ്ഞ പ്രവാചകനാണ് നമുക്കുള്ളത്. അദ്ദേഹം ഒരു മനുഷ്യൻ മാത്രമാണെന്ന് ഖുർആൻ തന്നെയാണ് പറയുന്നത്. പ്രവാചകൻ സാധാരണ മനുഷ്യനാണെന്നൊക്കെ പറഞ്ഞാൽ ഇവർക്കു ദേഷ്യം പിടിക്കും. പക്ഷേ, ദേഷ്യം പിടിച്ചിട്ട് കാര്യമില്ല. ഖുർആൻ പറയുന്നതാണിത്. എല്ലാ അർത്ഥത്തിലും ഇവർ നടത്തുന്നത് ആത്മീയചൂഷണമാണ്. പക്ഷേ സർക്കാരോ രാഷ്ട്രീയപ്പാർട്ടികളോ ഇവർക്കെതിരെ ഒന്നും പറയില്ല. കാരണം അവർക്കു വലുത് വോട്ടു ബാങ്കാണ്. ഇയാളുടേയും അനുയായികളുടേയും വോട്ടുകൾ പാഴാക്കാൻ അവർക്കു താത്പര്യം കാണില്ലല്ലോ. അതുകൊണ്ട് ഇവിടുത്തെ യുക്തിവാദികൾ പോലും ഇതിനെതിരെ രംഗത്തു വരാൻ പോകുന്നില്ല. അവർക്കെല്ലാം അവരുടേതായ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ഈ വക കാര്യങ്ങളെല്ലാം സമ്പുഷ്ടമായി ഇവിടെ വളരാനാണ് സാധ്യത'- അബ്ദുള്ള പറയുന്നു. മുജാഹിദ് പ്രസ്ഥാനം, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരെല്ലാം തിരുകേശത്തിന് ഇതിനെതിരാണ്.
അതുകൊണ്ട് എല്ലാം അയിരിക്കണം സ്വപ്ന നഗരയിൽ തിരുകേശപ്പള്ളി മാത്രം യാഥാർഥ്യമായില്ല. ഇപ്പോൾ ഈ നോളജ് സിറ്റിയിലെ പള്ളിയിലാണ് അത് വരുന്നത് എന്നാണ് അറിയുന്നത്. അങ്ങനെ വരുമ്പോൾ വൻ തീർത്ഥാടക പ്രവാഹം ഇവിടെയുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. തിരുകേശത്തിന്റെ പേരിൽ സിപിഎമ്മുമായി തെറ്റിയത് പത്തുവർഷം മുമ്പുള്ള കഥ. പക്ഷേ ഇപ്പോൾ രണ്ടാം പിണറായി സർക്കാറിനെ അധികാരത്തിൽ ഏറ്റാൻ ഏറ്റവും കൂടുതൽ ശ്രമിച്ചതും കാന്തപുരം വിഭാഗമാണ്. പിണറായി ഭരിക്കുമ്പോൾ കാന്തപുരത്തിനെതിരെ ഒരു നിയമ നടപടിയും ഉണ്ടാവില്ലെന്ന് ഏവർക്കും അറിയാം.
ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും റവന്യൂ മന്ത്രി ഒരു അന്വേഷണവും പ്രഖ്യപിച്ചിട്ടില്ല. മാത്രമല്ല റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനായ കാനം രാജേന്ദ്രൻ ഇവിടെ ഈയിടെ സന്ദർശിക്കുകയും ചെയ്തു. അതുപോലെ സിപിഎമ്മിന്റെ ഉന്നതരായ നേതാക്കളും, വ്യവസായ-പൗര പ്രമുഖരുമൊക്കെ ഇവിടുത്തെ നിത്യസന്ദർശകരാണ്.
ഹിന്ദുഐക്യവേദിയും പോപ്പുലർ ഫ്രന്റും നേർക്കുനേർ
ഹിന്ദുഐക്യവേദി മാത്രമാണ് നിലവിൽ നോളജ് സിറ്റിക്കെതെിരെ നിലപാട് എടുത്തിട്ടുള്ളത്. മർക്കസ് നോളജ് സിറ്റിയിലെ അനധികൃത നിർമ്മാണത്തിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചർ ഫെയ്‌സ് ബുക്കിലെഴുതിയ കുറിപ്പിലാണ് വ്യക്തമാക്കിയത്. ''പണത്തിനു മേലെ പരുന്തു പറക്കുമോ എന്നറിയില്ല. പക്ഷേ ഹിന്ദു ഐക്യവേദി പറക്കും അല്ല പറന്നേ മതിയാകൂ.കോഴിക്കോട്ടെ നോളേജ് സിറ്റിയും അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന നിയമ ലംഘനങ്ങൾക്കെതിരേ ഹിന്ദു ഐക്യവേദി ഒരു പോർമുഖം തുറക്കുന്നു. നിയമപരമായും ജനകീയമായും ഞങ്ങൾ ആ വിഷയം ഏറ്റെടുക്കുന്നു. ചുവന്ന കുന്നുകളിൽ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന ദുരവസ്ഥ അറിയാം. പക്ഷേ ഭയന്നാൽ പറ്റില്ലല്ലോ! ഈത്തപ്പഴത്തിന്റെ സ്‌നിഗ്ദ്ധതയിലും വിമാന ടിക്കറ്റിന്റെ ധാരാളിത്തത്തിലും പിന്മാറാൻ ഞങ്ങൾക്കാകില്ല.. ഒരാളു കൂടി ആഫ്രിക്കയിൽ സ്വർണം വാരാൻ പോകുമായിരിക്കും. പക്ഷേ സ്വർണ്ണത്തിളക്കമില്ലാത്ത സാധാരണക്കാരനോടൊപ്പം ഞങ്ങളുണ്ട്.'' എന്നു ആമുഖം പറഞ്ഞാണ് ശശികല കുറിപ്പ് പോസ്റ്റ് ചെയ്തത്.
എന്നാൽ നോളജ് സിറ്റിക്ക് പിന്തുണയുമായി പോപ്പുലർ ഫ്രണ്ടും പി ഡി പിയും രംഗത്തുവന്നു. മർക്കസ് നോളജ് സിറ്റിക്കെതിരായ കടന്നാക്രമണത്തിലൂടെ മുസ്ലിം സ്ഥാപനങ്ങളെ തകർക്കാനുള്ള ആർഎസ്എസ് നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ ആവശ്യപ്പെട്ടു.കെ പി ശശികലയുടെ നേതൃത്വത്തിൽ ആർഎസ്എസ്, നോളജ് സിറ്റിക്കെതിരെ നടത്തിയിട്ടുള്ളത് ആസൂത്രിത ആരോപണമാണ്. മുസ്ലിം സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. നിയമപരമായി പ്രവർത്തിക്കുകയും കേന്ദ്രസംസ്ഥാന സർക്കാരിലെ വിവിധ ഏജൻസികളുടെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പെടുന്നതുമായ മർക്കസ് നോളജ് സിറ്റിക്കെതിരെ വിദ്വേഷ പ്രചാരണമാണ് നടത്തിയിട്ടുള്ളതെന്നും ഇവർ ആരോപിക്കുന്നു. അതേസമയം ജനങ്ങളുടെ ആത്മീയ പരോഗതിപോലെ വിദ്യാഭ്യാസ പുരോഗതിയും, ലക്ഷ്യമിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നുതെന്നും, എല്ലാം നിയമവിധേയമാണെന്നുമാണ് നോളജ് സിറ്റിയുടെ പ്രതികരണം.
ഇതിൽ തീർപ്പ് കൽപ്പിക്കേണ്ടത് പോപ്പുലർ ഫ്രണ്ടും ഹിന്ദു ഐക്യവേദിയും ഒന്നുമല്ല ഈ നാടുഭരിക്കുന്ന സർക്കാർ എവിടെ. അവരുടെ നിലപാട് എന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വാൽക്കഷ്ണം: തിരുകേശമെന്ന പേരിൽ പ്രചാരണം വന്നപ്പോൾ അത് ബോഡിവേസ്റ്റ് എന്ന് തുറന്നു പറയാൻ ആർജ്ജവം കാട്ടിയ നേതാവാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. ഇന്ന് അതേ പിണറായി മുഖ്യമന്ത്രിയാണ്. ബ്രണ്ണൻ തള്ളുകളിൽ മാത്രമല്ല, ഭരണത്തിലും താൻ യഥാർഥ ഇരട്ടച്ചങ്കനാണെന്ന് പിണറായി തെളിയിക്കേണ്ടത് ഇതിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ