കോഴിക്കോട്: എല്ലാകാലത്തും രാഷ്ട്രീയനേതാക്കളെ ചാക്കിടുന്നതിൽ പ്രത്യേക വിരുതുള്ള വ്യക്തിയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.അതുകൊണ്ടുതന്നെ കാന്തപുരം വിഭാഗം സുന്നികളുടെ ശക്തിപ്രകടനവും സംസ്ഥാന സമ്മേളനവുമായി മാറാറുള്ള, കോഴിക്കോട് കാരന്തൂരിലെ മർക്കസ് സമ്മേളനത്തിനും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെ തിരക്കാണ്. വർഷങ്ങൾക്കുമുമ്പ് ചേകന്നുർ മൗലവി കേസിൽ കാന്തപുരം ആരോപണ വിധേയനായി കഴിയവേ, ബിജെപി നേതാവ് ഒ.രാജഗോപാൽ മർക്കസ് സന്ദർശിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു.

അത്രക്ക് നന്നായി പി.ആർ വർക്ക് ചെയ്യാൻ അറിയുന്ന കാന്തപുരമാണ് ഇപ്പോൾ മുസ്‌ലീലീഗിന്റെ സമ്മർദത്തെ തുടർന്ന് യു.ഡി.എഫിൽനിന്ന് ഭീഷണി നേരിടുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പിലടക്കം മുസ്‌ലീം ലീഗിനെതിരെ പ്രവർത്തിച്ചതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവർ സമ്മേളനത്തിൽനിന് വിട്ടുനിന്നതെന്നാണ് കേൾക്കുന്നത്. മാത്രമല്ല യു.ഡി.എഫിന്റെ ഒരു പ്രമുഖ നേതാവും മർക്കസിൽ ഇത്തവണ എത്തിയിട്ടില്ല. ഇന്നലെ കോഴിക്കോട് ഉണ്ടായിരുന്നിട്ടും പ്രതിപക്ഷനേതാവ് ചെന്നിത്തലയടക്കമുള്ള ആരും മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തില്ല. അതേമസയം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഇടതുനേതാക്കൾ കഴിഞ്ഞദിവസം മർക്കസ് സെമിനാറിലും മറ്റും പങ്കെടുത്തിരുന്നു.

എന്നാൽ മർക്കസ് സമ്മേളനം യു.ഡി.എഫ് നേതാക്കൾ ബഹിഷ്‌കരിച്ചതായി തനിക്കറിയില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉമ്മൻ ചാണ്ടി നേരിട്ടുവിളിച്ച് ബഹിഷ്‌കരണം ഉണ്ടായിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആര് പങ്കെടുത്താലും ഇല്ലെങ്കിലും സമ്മേളനം വിജയകരമായി നടക്കും. ആര് വരാത്തതിലും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ കാരന്തൂർ മർക്കസ് റൂബി ജൂബിലി സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ചർച്ചചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനും അറിയിച്ചു.

ജനപ്രതിനിധികളെയാണ് അവർ ക്ഷണിച്ചിട്ടുള്ളത്. ക്ഷണിക്കപ്പെട്ടവർ സൗകര്യപ്രദമാണെങ്കിൽ പോകും. അവരോട് ഏതെങ്കിലും യോഗത്തിൽ പോകണമെന്നും പോകരുതെന്നും പാർട്ടി പറയില്ല. വ്യക്തിപരമായി തീരുമാനമെടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹസൻ പറഞ്ഞു. ആയിരങ്ങൾ അണിനിരന്നാണ് മർക്കസ് റൂബി ജൂബിലി സമാപന സമ്മേളനത്തിന് തുടക്കമായത്. മർക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ യു.എ.ഇ ഗവ. ഉപദേഷ്ടാവ് അലി അൽ ഹാഷിമിയാണ് നാലുദിവസം നീളുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

മർക്കസ് ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആമുഖ പ്രഭാഷണം നിർവഹിച്ചു. പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യാതിഥിയായിരുന്നു. ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നിർവഹിച്ചു. റൂബി ജൂബിലി സമ്മേളന സുവനീറുകൾ സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ പ്രകാശനം ചെയ്തു.