കോഴിക്കോട്: മദ്രസകളിൽ യാതൊരു വിധത്തിലുള്ള പീഡനങ്ങളും നടക്കുന്നില്ലെന്നും സ്ത്രീ-പുരുഷ സമത്വം ഇസ്ലാമിക വിരുദ്ധമാണെന്നും പ്രസംഗിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാർക്കെതിരെയായിരുന്നു ഇന്നലെ ചാനലുകളുകളെ ചർച്ചകളും സോഷ്യൽ മീഡിയയിലെ സംവാദനങ്ങളും. കാന്തപുരത്തിന്റെ പ്രസംഗത്തിൽ സ്ത്രീകൾ പ്രസവിക്കാൻ മാത്രമുള്ളവരാണെന്ന് കാന്തപുരം പറഞ്ഞതായിരുന്നു വിവാദത്തിന് ആധാരം. എന്നാൽ, കാന്തപുരത്തിനെതിരെ വാർത്ത നൽകിയെന്ന പേരിൽ അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ മാദ്ധ്യമപ്രവർത്തകരെ തെറിവിളിച്ച് രംഗത്തെത്തി. വാർത്തയ്ക്ക് വേണ്ടി ചാനലുകൾ കാന്തപുരത്തിന്റെ പ്രസംഗം തെറ്റായി വളച്ചൊടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ചാനൽ പ്രവർത്തകർക്കെതിരെ രംഗത്തെത്തിയത്.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇന്നലെ നടത്തിയ പ്രസംഗം സെക്കന്റുകൾക്കുള്ളിൽ വിവാദമായി കത്തിപ്പടരുകയും മണിക്കൂറുകൾക്കുള്ളിൽ പ്രസംഗത്തിന്റെ പൂർണ രൂപം പുറത്താകുകയും ചെയ്തതോടെയാണ് വാർത്ത വളച്ചൊടിച്ചതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങളും പ്രസംഗം ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള ചർച്ചകളും സജീവമായിരിക്കുന്നത്.

ലിംഗ സമത്വവും മദ്രസയിലെ ലൈംഗിക അതിക്രമങ്ങളുമെല്ലാം വിഷയമായിരുന്ന പ്രസംഗം നിമിഷ നേരത്തിനുള്ളിൽ ചാനലുകളിൽ ബ്രൈക്കിംങ് ന്യൂസായും പ്രത്യേക ബുള്ളറ്റിൻ നടത്തിയുമായിരുന്നു പുറത്തു വിട്ടിരുന്നത്. മാത്രമല്ല, പ്രത്യേകം ഉച്ച ചർച്ചളും അന്തി ചർച്ചകളും ഈ വിഷയത്തെ സംബന്ധിച്ച് ചാനലുകൾ നടത്തുകയുമുണ്ടായി. ചാനലുകൾ കാര്യങ്ങൾ പറയാത്ത കാര്യമാണ് പ്രചരിപ്പിച്ചത് എന്നതാണ് കാന്തപുരം അനുയായികളുടെ പക്ഷം.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് ടൗൺഹാളിൽ നടന്ന എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അബൂബക്കർ മുസ്ലിയാർ പ്രസംഗിച്ചത്. സ്ത്രീ പ്രസവിക്കാൻ മാത്രമുള്ളതാണെന്നും വീട്ടിൽ ഒതുങ്ങേണ്ടവളാണെന്നും കാന്തപുരം പറഞ്ഞിരുന്നതായാണ് ചാനലുകളിൽ വാർത്ത നൽകിയത്. ഈ വിഷയം സോഷ്യൽ മീഡിയയിലും അതിവേഗം പ്രചരിച്ചു. വാർത്ത വിവാദമായതോടെ വാർത്ത തെറ്റാണെന്നും സദുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടി കാന്തപുരം വാർത്താകുറിപ്പ് നൽകിയിരുന്നു.

'സമൂഹത്തിലും കുടുംബത്തിലുമുള്ള സ്ത്രീയുടെ സമുന്നതമായ സ്ഥാനത്തേയും മഹത്വത്തെയും അംഗീകരിക്കുന്ന മതമാണ് പരിശുദ്ധ ഇസ്ലാം. മനുഷ്യജനതയുടെ അതിജീവനത്തിനു സ്ത്രീ നിർവഹിക്കുന്ന ധർമം അതീവ മഹത്തരമാണ്. കുടുംബങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും ആതുര ശുശ്രൂഷാ രംഗത്തും ഉൾപ്പടെ മാലാഖമാരെപ്പോലെ സേവനം ചെയ്യുന്ന സ്ത്രീകളുമുണ്ട്. ഇവരെ സമൂഹം അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ സ്ത്രീകളെ ആദരിക്കുന്നതിനോടൊപ്പം പുരുഷനെ അപേക്ഷിച്ച് പ്രകൃതിപരമായ പരിമിതികളുള്ള അവർക്ക് പ്രത്യേക പരിരക്ഷയും പരിഗണനയും അവർക്ക് നൽകേണ്ടതുണ്ട്.

പ്രസവവും സന്താന പരിചരണവും സ്ത്രീ സമൂഹത്തിനു പ്രകൃതി നൽകിയ ഏറ്റവും മനോഹരമായ സവിശേഷതകളാണ്. ഈ മഹത്വത്തെ പരാമർശിച്ചു വിശദീകരിച്ച കാര്യങ്ങളാണ് സ്ത്രീ പ്രസവിക്കാൻ ഉള്ളവൾ മാത്രമാണ് എന്ന് ഞാൻ പറഞ്ഞതായി ചിലർ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നത്. ഭൂമിലോകത്തെ മനുഷ്യ കർമ്മങ്ങളിൽ ഏറ്റവും സുകൃതം നിറഞ്ഞ കർമ്മമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇത്തരത്തിൽ സ്ത്രീയുടെ മഹത്വത്തെ കുറിച്ച് പരാമർശിച്ച വിഷയങ്ങൾ 'സ്ത്രീ പ്രസവിക്കാൻ മത്രമുള്ള'വളായി തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകിയ നടപടി ശരിയല്ല. ലിംഗ സമത്വത്തെ കുറിച്ചുള്ള ഉപരിപ്ലവ ചർച്ചകളെ ഞങ്ങൾ ഗൗനിക്കന്നില്ല. ലിംഗ നീതിയെ കുറിച്ച് സമൂഹത്തിലെ സ്ത്രീ പുരുഷ ഉത്തരവാദിത്വങ്ങളെക്കുറിച്ചും പ്രത്യേകമായ കാഴ്ചപ്പാടും അതനുസൃതമായ കർമ്മ പദ്ധതികളുള്ളവരാണ് ഞങ്ങൾ. സുവ്യക്തവും സോദ്ദേശാർത്ഥവുമുള്ള പരാമർശങ്ങളെ സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്ത് അനാരോഗ്യകരമായ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഭൂഷണമല്ല' കാന്തപുരം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

എന്നാൽ കാന്തപുരത്തിന്റെ പ്രസംഗത്തിൽ നിന്നും പ്രസവിക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂ എന്ന വാദം തിരിച്ചിട്ട് സ്ത്രീക്ക് പ്രസവിക്കാൻ മാത്രമെ കഴിയൂവെന്ന തരത്തിൽ വീണ്ടും ചാനലുകൾ പ്രചരണം നടത്തിയയെന്നതാണ് കാന്തപുരം അനുഭാവികളെ പ്രകോപിപ്പിച്ചത്. വിഷയം ചൂണ്ടിക്കാട്ടി പ്രകോപിതരായ എ പി സുന്ി അനുഭാവികൾ ചാനൽ ഓഫീസുകളിലേക്ക് വിളിച്ചും നേരിട്ടെത്തിയും അരിശം തീർത്തു. വാർത്തയുടെ നിചസ്ഥിതി അന്വേഷിക്കാതെ വാർത്ത നല്കിയെന്ന ആരോപണമാണ് കാന്തപുരം അനുയായികൾ നടത്തിയത്. ഇതാദ്യമായാല്ല കാന്തപുരം സ്ത്രീ വിരുദ്ധ പ്രസ്താവനകളുടെ പേരിൽ വിവാദത്തിൽ ആകുന്നത്.

ആണും പെണ്ണും ഒരു ബെഞ്ചിൽ തന്നെ ഇരുന്ന് പഠിക്കണമെന്ന് പറയുന്ന വാശി ഇസ്ലാമിനും സംസ്‌കാരത്തിനും നേരെയുള്ള ഒളിയമ്പുകളാണെന്നായിരുന്നു കാന്തപുരം പറഞ്ഞത്. എന്നാൽ സ്ത്രീകൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങൽ കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് ഇകെ സമസ്തയുടെ വൈസ് പ്രസിഡന്റും ലീഗ് അധ്യക്ഷനുമായ പാണക്കാട് ഹൈദരലി തങ്ങൾ ഇന്നലെ കൊച്ചിയിൽ നടന്ന വനിതാ ലീഗ് ദേശീയ സമ്മേളനത്തിൽ പ്രസ്താവിച്ചത്. ഇതോടെ ഈ പ്രസ്താവനയും മുസ്ലിം സമൂഹത്തിനിടെയിൽ സജീവ ചർച്ചക്ക് ഇടയായിട്ടുണ്ട്.