കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കാരന്തൂർ മർകസിൽ ഇന്ന് നടക്കുന്ന മുടിവെള്ള വിതരണത്തിനെത്തിയത് പതിനായിരങ്ങൾ. ഇന്ന് പുലർച്ചെ മുതൽ ആയിരക്കണക്കിന് വാഹനങ്ങളാണ് മർകസിലേക്കെത്തുന്നത്. ഇതിനെ തുടർന്ന് കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. അതീവ രഹസ്യമായി മർകസിലെ സ്ഥിരം സന്ദർശകരിലേക്ക് വിവരങ്ങൾ കൈമാറിയാണ് ഇന്ന് വെള്ളം വിതരണം ചെയ്യുന്ന അറിയിപ്പ് നൽകിയത്. പ്രവാചകന്റെ തിരുകേശമെന്ന് കാന്തപുരം അവകാശപ്പെടുന്ന മുടിയിട്ട വെള്ളമാണ് കുപ്പിയിലാക്കി ഇന്ന് മർകസിൽ വിതരണം ചെയ്യുന്നത്. സിറാജ് ദിനപ്പത്രത്തിൽ പോലും ഇത് സംബന്ധിച്ച് അറിയിപ്പോ വാർത്തകളോ ഉണ്ടായിരുന്നില്ല. പുലർച്ചെ മുതൽ കാരന്തൂർ, കുന്ദമംഗലം ഭാഗങ്ങളിൽ പതിവിന് വീപരീതമായി വാഹനപ്പെരുപ്പം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ പോലും വിവരം അറിയുന്നത്. റോഡിലുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാൻ മർകസിലെ വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്. മാധ്യമങ്ങൾക്ക് അകത്തേക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫോട്ടെയെടുക്കുന്നതിനും വിലക്കുണ്ട്.

പലഘട്ടങ്ങളിലായി ഈ വെള്ളമാവശ്യപ്പെട്ടവരോടും, സ്ഥിരമായി മർകസിൽ വരുന്നവരോടും സംഭാവന നൽകുന്നവരോടും ഇന്ന് വരാൻ വേണ്ടി പറയുകയായിരുന്നു. കാന്തപുരം നേരിട്ടാണ് വെള്ളം വിതരണം ചെയ്യുന്നത്. ആയിരം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഒരുകുപ്പി വെള്ളത്തിന് സംഭാവനയായി മർകസിന് ലഭിക്കുന്നുണ്ട്. ഇപ്പോഴും പതിനായിരങ്ങളാണ് മർകസിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ അറിയിപ്പ് ലഭിക്കാത്തവർക്ക് ഇന്ന് വെള്ളം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടില്ല. എങ്കിലും ഇന്ന് വിതരണമുണ്ടെന്ന് കേട്ടറിഞ്ഞും നിരവധിയാളുകൾ എത്തുന്നുണ്ട്. മർകസ് നോളെജ് സിറ്റി, തിരുകേശം സ്ഥാപിക്കാനുള്ള പള്ളിയുടെ നിർമ്മാണം എന്നിവക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് ഇന്ന് ഇത്തരത്തിലൊരു മുടിവെള്ള വിതരണം സംഘടിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം. ഏതായാലും ഇപ്പോഴും പതിനായിരക്കണക്കിനാളുകളാണ് മർകസിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങളുണ്ടാകുന്നുണ്ടെങ്കിലും നിമിഷ നേരംകൊണ്ട് അവ പരിഹരിക്കാനും മർകസിലെ വളണ്ടിയർമാർക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നുപോലും നിരവധിയാളുകൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്.

മുടിപ്പള്ളി എവിടെ സ്ഥാപിക്കുമെന്നത് ഇപ്പോഴും അവ്യക്തം

പ്രവാചകന്റെ തിരുകേശം സ്ഥാപിക്കാനെന്ന് പറഞ്ഞ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നാൽപത് കോടി പിരിച്ച് നിർമ്മിക്കാൻ ഉദ്ദേശിച്ച തിരുകേശപ്പള്ളിയെന്ന ഷെഹ്‌റെ മുബാറക് മസ്ജിദ് എവിടെയെന്ന് ആർക്കുമറിയില്ല. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മർകസുസ്സഖാഫത്തുസ്സുന്നിയ്യക്ക് കീഴിലാണ് മുടിപ്പള്ളിയെന്ന് വിളിപ്പേരുള്ള ഷെഹ്‌റെ മുബാറക് മസ്ജിദിന്് 2012ൽ കോഴിക്കോട് സ്വപ്നനഗരിയിൽ ശിലയിട്ടത്. നാൽപ്പതിനായിരത്തോളം പേരിൽ നിന്ന് ആയിരം രൂപ വീതവും പുറമേ മറ്റ് പിരിവുകളുമായി 40 കോടിയോളമാണ് സമാഹരിച്ചത്. പതിനായിരക്കണക്കിന് പ്രവർത്തകരെ സാക്ഷ്യം നിർത്തി ഉള്ളാൾ തങ്ങളാണ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. അതുകഴിഞ്ഞ് ഇത്രകാലമായിട്ടും എവിടെയാണ് പള്ളിയും ഇസ്ലാമിക് ഹെറിറ്റേജ് വില്ലേജും വരുന്നതെന്ന് പുറത്തുവിടാൻ മർകസ് അധികൃതരോ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ തയ്യാറായിട്ടില്ല.

കാന്തപുരത്തിന്റെ വാക്കും കേട്ട് പണം നൽകിയവർക്ക് പോലും ഇതെവിടെയാണ് നിർമ്മിക്കുന്നത് എന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല. മർക്കസ് അധികൃതരുമായി ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന മറുപടി അറിയിക്കേണ്ടവരെയെല്ലാം ഞങ്ങൾ അറിയിച്ചിട്ടുണ്ടെന്നാണ്. എന്നാൽ ആരെയാണ് അറിയിച്ചതെന്ന് കൃത്യമായിപ്പറയാൻ അവരാരും തയ്യാറാകുന്നുമില്ല. അതോ നാൽപത് കോടി പിരിച്ചെടുത്ത് പദ്ധതി തന്നെ ഉപേക്ഷിച്ചോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. നാടൊട്ടാകെ ഫ്‌ളക്‌സുകളും ബാനറുകളും വെക്കാൻ തന്നെ പകുതിയിലധികം തുക ചെലവായിട്ടുണ്ട്. എന്നാൽ ഇപ്പോൾ എവിടെയും ഷഹ്‌റെ മുബാറക് പള്ളിയെകുറിച്ചുള്ള യാതൊരു പരസ്യങ്ങളും കാണാനില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചെന്ന് തന്നെ വേണം കരുതാൻ. എന്തായി കാര്യങ്ങൾ, എവിടെയെത്തി പള്ളിനിർമ്മാണമെന്ന് ചോദിക്കുമ്പോൾ പറയുന്നതാകട്ടെ ആരോടും തിരിച്ചുകൊടുക്കേണ്ട പണമൊന്നും ഞങ്ങൾ വാങ്ങിയിട്ടില്ലെന്നുമാണ്.

എന്താണ് ഷഹ്‌റെ മുബാറക്?

പ്രവാചകന്റെ തിരുകേശമെന്ന് കാന്തപുരവും അനുയായികളും അവകാശപ്പെടുന്ന മുടി സ്ഥാപിക്കാനായി 40 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന പള്ളിയും അനുബന്ധ സ്ഥാപനങ്ങളുമാണ് ഷഹ്‌റെ മുബാറക്. അഹമ്മദ് ഖസ്‌റജി എന്ന വിദേശ രാജാവ് നൽകിയ മുടിയാണ് കാന്തപുരത്തിന്റെ പക്കലുള്ളത്. ഇത് സ്ഥാപിക്കാനായിട്ടാണ് ഈ പള്ളി നിർമ്മിക്കുന്നത്. എന്നാൽ ഈ മുടിയുടെ ആധികാരികത തന്നെ സംശയത്തിന്റെ നിഴലിലാണ്. ഈ മുടിയുടെ വിശ്വാസ്യത തെളിയിക്കാനാവശ്യമായ രേഖകൾ (സനദ്) വ്യാജമായി നിർമ്മിച്ചതാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. വ്യാജരേഖയുണ്ടാക്കാനായി കാന്തപുരം മർകസ് സ്‌കൂളിലെ ഒരു അദ്ധ്യാപകനോട് ആവശ്യപ്പെടുകയും അയാളതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ അയാളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതും പിന്നീടയാൾ ഇക്കാര്യങ്ങളെല്ലാം വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതുമാണ്. ഇത്തരത്തിൽ ഈ മുടിയുടെ ആധികാരിത തന്നെ ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലായിരുന്നു അതിനെയെല്ലാം മറച്ചുവെക്കാനും പിളർപ്പിലേക്ക് പോയ സംഘടനയെ പിടിച്ചുനിർത്താനും പുതിയ തന്ത്രവുമായി കാന്തപുരമിറങ്ങിയത്.

അതായിരുന്നു പ്രവാചകന്റേതെന്ന് കാന്തപുരം മാത്രം അവകാശപ്പെടുന്ന പ്രസ്തുത മുടി സൂക്ഷിക്കാനായി നിർമ്മിക്കുന്ന പള്ളി. എതിർവിഭാഗമായ ഇകെ സുന്നിവിഭാഗവും എപി സുന്നിയിലെ തന്നെ വിമതവിഭാഗവുമെല്ലാം എതിർപ്പുകളും വിമർശനങ്ങളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ തന്നെയായിരുന്നു 2012 ജനുവരി 30ന് ലോകത്താകെയുള്ള തന്റെ അനുയായികളെയും കോഴിക്കോടെത്തിച്ച് കാന്തപുരം പ്രഖ്യാപിത ഷഹ്‌റെ മുബാറക്കിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. കോഴിക്കോട് നഗരത്തെയാകെ നിശ്ചലമാക്കി സ്വപ്നനഗരിയിൽ നടന്ന പരിപാടിയിൽ കാന്തപുരത്തിന് മുടി നൽകിയെന്ന് പറയുന്ന വിദേശി അഹമ്മദ് ഖസ്‌റജി പറഞ്ഞത് മുടിയുടെ ആധികാരികതയിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തന്റെ കൊട്ടാരത്തിൽ വന്നാൽ അതിന്റെ രേഖകൾ കാണിച്ച് തരാമെന്നായിരുന്നു. എന്നാൽ ആരും അതന്വേഷിച്ച് പോയില്ലെന്നതും സനദ് എന്ന് പറയപ്പെടുന്ന ആധികാരികത തെളിയിക്കുന്ന രേഖ കൃത്രിമമായി നിർമ്മിച്ചതാണെന്നും പറഞ്ഞാണ് മർകസിലെ ജീവനക്കാർ പരസ്യമായി വിളിച്ച് പറഞ്ഞ് സംഘടന വിട്ടത്.

'പ്രവാചകന്റെ മുടി കത്തില്ല, നിഴലുമുണ്ടാവില്ല'

എന്നാൽ സമസ്തയടക്കമുള്ള കാന്തപുരത്തിന്റെ എതിരാളികൾ ഒരുപടികൂടി മുകളിലായിരുന്നു. അവർ മുടിയുടെ ആധികാരികത വിശ്വാസപരമായി തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. പ്രവാചകന്റെ മുടി കത്തുകയോ, നിഴലുണ്ടാക്കുകയോ ഇല്ലെന്നതാണ് വിശ്വാസം. എന്നാൽ ഇത്രയും കാലമായിട്ടും ഈ വെല്ലുവിളി സ്വീകരിക്കാൻ കാന്തപുരം തയ്യാറായിട്ടില്ല എന്നത് തന്നെയാണ് മുടിയുടെ ആധികാരികതയെ സംശയിക്കാൻ ഇടയാക്കുന്നതെന്ന് എസ്‌കെഎസ്എസ്എഫ് നേതാക്കളൊക്കൊ ആരോപിക്കുന്നുണ്ട്.

ഇത്തരത്തിൽ പ്രവാചകന്റേതെന്ന് കാന്തപുരത്തിന് പോലും ഉറപ്പില്ലാത്ത ഒരുമുടിക്ക് വേണ്ടി നിർമ്മിക്കുന്ന പള്ളിക്ക് പിരിവ് നൽകിയ അണികളാണ് സത്യത്തിൽ ഇവിടെ കുഴിയിൽ വീണത്. പള്ളിയും പള്ളിയോട് അനുബന്ധമായി വലിയ കോപ്ലക്‌സുകളും നിർമ്മിച്ച് കേരളത്തിലൊരു ഇസ്ലാമിക് ഹെറിറ്റേജ് നിർമ്മിക്കുമെന്നായിരുന്നു കാന്തപുരത്തിന്റെ അവകാശവാദം. എന്നാൽ ശിലാസ്ഥാപനം കഴിഞ്ഞ് ആറ് വർഷമായിട്ടും കേരളത്തിലേതെങ്കിലുമൊരു വില്ലേജാപ്പീസിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി ക്രമങ്ങളുണ്ടായതായി ആർക്കുമറിയില്ല. ഇത്രയും വലിയൊരു പ്രൊജക്ട് വരുമ്ബോൾ അതിന് ഏറ്റവും കുറഞ്ഞത് സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. അതുപോലും എവിടെയും നൽകിയിട്ടില്ലാത്ത പ്രൊജക്ടാണ് സത്യത്തിൽ കാന്തപുരം വിഭാവനം ചെയ്ത ഷഹ്‌റെ മുബാറക്.

അതേ സമയം ചരിത്രപരമായി പ്രവാചകന്റെ തിരുശേഷിപ്പുകൾക്ക് അതായത് പ്രവാചകന്റെ മുടി, നഖം പോലുള്ളവക്ക് ഏതെങ്കിലും തരത്തിലുള്ള പവിത്രത പ്രവാചകൻ ജീവിച്ചിരുന്ന കാലത്തോ അതിനോടടുത്ത കാലങ്ങളിലോ ആരെങ്കിലും കൽപിച്ചു നൽകിയിരുന്നതായി എവിടെയും കാണാൻ സാധിക്കില്ല. എന്നാൽ ഇത്തരം ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഈജിപ്ത്, തുർക്കി, ടുനീഷ്യ എന്നിവിടങ്ങളിലെല്ലാം വിശ്വാസികൾ പോകുന്നത് അതൊരു ആരാധന വസ്തുവായി കണ്ടല്ല മറിച്ച് അതിന്റെ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഇവിടെങ്ങളിലെവിടെയും മുടിമുക്കിയ വെള്ളം വിതരണം ചെയ്യുകയോ മറ്റേതെങ്കിലും ചൂഷണങ്ങൾ നടക്കുകയോ ചെയ്യുന്നുമില്ല. മിക്കയിടങ്ങളിലും ഇതൊക്കെ സൂക്ഷിച്ചിരിക്കുന്നതാകട്ടെ മ്യൂസിയങ്ങളിലുമാണ്. ഇതെല്ലാമാകട്ടെ പ്രവാചകന്റേതാണെന്ന് തെളിയിക്കപ്പെടുന്ന കൃത്യമായ ആധികാരിക രേഖയുള്ളവയുമാണ്. ഈ ഒരു സാഹചര്യത്തിലാണ് കൃത്രിമമായി നിർമ്മിച്ച രേഖയാണ് ഉള്ളതെന്ന് അത് സൂക്ഷിച്ചിരിക്കുന്ന മർക്കസിലെ ജീവനക്കാർ തന്നെ പറയുന്ന ഒരുമുടിയുടെ പേരിൽ പതിനായിരങ്ങളെ പറ്റിച്ച് വലിയ വാണിജ്യ സമുച്ചയമുണ്ടാക്കാൻ കാന്തപുരം തയ്യാറെടുത്തത്.

ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ബിസിനസ് ലാഭത്തിലപ്പുറം അദ്ദേഹം ഉദ്ദേശിച്ചത് ഇതിന്റെ വിശ്വാസപരമായ കാര്യങ്ങളെ പ്രചരിപ്പിച്ച് കൊണ്ട് പണമുണ്ടാക്കാൻ തന്നെയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പ്രസ്തുത മുടി മുക്കിയ വെള്ളംവിതരണം ചെയ്തതിലൂടെ 2012ൽ ശിലാസ്ഥാപനം നടത്തിയ ചടങ്ങിൽ ലക്ഷങ്ങളാണ് സംഘാടകർക്ക് വരുമാനം ലഭിച്ചത്. കാന്തപുരത്തിന്റെ പക്കലുള്ളത് ഇനി പ്രവാചകന്റെ മുടിയാണെങ്കിൽ തന്നെ അതിന്റെ ചരിത്രപരമായ പ്രാധാന്യമുൾക്കൊണ്ട് ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പഠനാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനുതകുന്ന രീതിയിൽ ഒരു മ്യൂസിയം നിർമ്മിച്ച് പ്രദർശിപ്പിക്കുകയായിരുന്നു വേണ്ടത്. അല്ലാത്ത തരത്തിൽ അതിനെയൊരു പ്രതിഷ്ഠയാക്കി സ്ഥാപിക്കുന്നത് ഏകദൈവ വിശ്വാസമെന്ന പ്രവാചക സങ്കൽപത്തിൽ നിന്ന് തന്നെ വ്യതിചലിക്കുന്നതാണെന്നാണ് മറ്റ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

ബോഡിവേസ്റ്റ് എന്ന് പറഞ്ഞ ധൈര്യം പിണറായി ഇപ്പോഴും കാട്ടുമോ?

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം ഇതിലേക്ക് നൽകിയ ആയിരം രൂപ തിരിച്ചുവാങ്ങി പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത്. പിന്നാലെ മുടിയുടെ ആധികാരികത ചോദ്യം ചെയ്ത് എസ്‌കെഎസ്എസ്എഫ് വിഭാഗവും രംഗത്തെത്തി. കാന്തപുരത്തിന്റെ അനുയായികൾക്കിയടയിലും വിള്ളലുകളുണ്ടായി. തിരിച്ചുനൽകേണ്ട പണം ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്നു കാന്തപുരം പറയുമ്പോഴും പണംനൽകിയ നിരവധിയാളുകൾ ദിനേന മർകസിൽ വിളിച്ച്, എന്തായി പള്ളിപ്പണിയെന്ന് ചോദിക്കുന്നുണ്ട്.

തന്റെ അനുയായികളുടെ പണമാണെങ്കിൽ പോലും 40 കോടി കൈക്കലാക്കിയ കാന്തപുരം നടത്തിയത് വിശ്വാസത്തെ മുന്നിൽനിർത്തിയുള്ള സാമ്പത്തിക തട്ടിപ്പാണെന്ന ആരോപണവും ഉയരുന്നുണ്ട്. തിരുകേശമെന്ന് കാന്തപുരം അവകാശപ്പെടുന്ന മുടിയെ ബോഡിവേസ്റ്റെന്ന് തുറന്ന് പറയാൻ ധൈര്യം കാണിച്ച പിണറായി വിജയൻ നാൽപത് കോടി രൂപ നിക്ഷേപം സ്വീകരിച്ച് നിക്ഷേപകർക്ക് കൃത്യമായ വിവരങ്ങൾ പോലും നൽകാത്ത കാന്തപുരത്തിനെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം കൂടി കാണിക്കേണ്ടതുണ്ടെന്ന് സമസ്തയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ കാന്തപുരം സ്വമേധയാ വ്യക്തമാക്കണം വിശ്വാസികളെ ഉപയോഗിച്ച് നേടിയ ഈ നാൽപത് കോടിയുടെ കണക്ക്. അതുപയോഗിച്ച് എവിടെയെങ്കിലും ഏതെങ്കിലും നിർമ്മിതികൾ ഉണ്ടാക്കിയോ എന്നും അദ്ദേഹം വ്യക്തമാക്കണമെന്ന് എതിരാളികൾ ആവശ്യപ്പെടുന്നുണ്ട്.

ഇപ്പോൾ ഇതാ പള്ളിയുടെപേരിൽ മറ്റൊരു വിശ്വാസ ചൂഷണം കൂടി നടക്കുകയാണ്. അതാണ് മുടിവെള്ള വിതരണം. ഈ തട്ടിപ്പിലൂടെ കാന്തപുരം കൈക്കലാക്കുന്നത് കോടികളാണ്. നിലവിലുള്ള ഡ്രഗ്്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് വെച്ചുകൊണ്ടുതന്നെ എതൊരു പൊലീസുകാരനും ഇത്തരം ചൂഷണങ്ങൾക്കെതിരെ കേസ് എടുക്കാമെങ്കിലും ആരും അനങ്ങുന്നില്ല. മഹാരാഷ്ട്രാ മോഡൽ അന്ധവിശ്വാസ നിർമ്മാർജന ബിൽ കേരളത്തിലും വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും നടപ്പായിട്ടില്ല.