കോഴിക്കോട്:  മുടി വിവാദത്തിൽ പിന്മാറാനാവാതെ കാന്തപുരം എ പി അബൂബക്കർ മുസലിയാരും കൂട്ടരും. നേരത്തെ കാന്തപുരം സുന്നി ഗ്രൂപ്പിന്റെ ആസ്ഥാനമായ കോഴിക്കോട് കാരന്തുർ മർക്കസിൽവെച്ച് മുടിവെള്ളം വിതരണംചെയ്തതും, തനിക്ക് ഒരു പുതിയ ഒരുമുടികൂടി കിട്ടിയിട്ടുണ്ടെന്ന കാന്തപുരത്തിന്റെ അവകാശവാദവും വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രവാചകന്റെ തിരുകേശമെന്ന് തെറ്റിദ്ധരിപ്പിച്ച് വൻ ആത്മീയ ചൂഷണമാണ് കാന്തപുരം നടത്തുന്നതെന്ന് സമസ്തയടക്കമുള്ള സംഘടനകൾ ആരോപിച്ചിരുന്നു. അതിനിടയിലാണ് തന്റെ കൈയിലുള്ള മുടി വിടരുന്നുണ്ടെന്നും മൊട്ട് പുറത്തുവരുന്നുമെന്നുമുള്ള കാന്തപുരത്തിന്റെ വാക്കുകൾ പുറത്തുവരുന്നത്. ഒരുകാലത്ത് തന്റെ സന്തതസഹചാരിയായ ജിഷാൻ മാഹിയുമായുള്ള സംഭാഷണത്തിലാണ് കാന്തപുരം ഇക്കാര്യം വ്യക്താമക്കുന്നത്. ഈ ഓഡിയോ ക്ലിപ്പ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആയിരിക്കയാണ്.

തന്റെ കൈയിലുള്ളത് യഥാർഥ കേശം തന്നെയാണെന്ന് സമർഥിക്കുന്നതിനായിട്ടാണ് കാന്തപുരം ഈ തന്ത്രങ്ങൾ നടത്തുന്നതെന്നാണ് കാന്തപുരത്തിന്റെ കടുത്ത വിമർശകരായ EK വിഭാഗം സുന്നികൾ അടക്കമുള്ളവർ പറയുന്നത്. അതേസമയം യഥാർഥ കേശം തന്നെയാണ് കാന്തപുരത്തിന്റെ കൈയിലുള്ളതും തിരുകേശം വിരിയുന്നത് സംബന്ധിച്ച് ചരിത്രത്തിൽ ഉണ്ടെന്നുമാണ് കാന്തപുരത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ പ്രവാചക കേശം വിരിയുന്നതായി ലോകത് ഒരൊറ്റ ഹദീസിലും ഇല്ല എന്നാണ് നാസർ ഫൈസി കൂടത്തായിയെപ്പോലുള്ള ഇസ്ലാമിക പണ്ഡിതർ പറയുന്നത്. മറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്ന ചില തിരുകേശങ്ങൾ സംബന്ധിച്ചു ഇമാം അബ്ദുൽ ഗനിയ്യുൽ നബൽസി ഇന്ത്യയിൽ ഉള്ള ചില തിരുകേശങ്ങൾ ചലിക്കുന്നു അത് വളരുന്നു എന്ന് കേട്ടപ്പോൾ അതിൽ ഒന്നും അത്ഭുതപ്പെടാനില്ലന്ന് പറയുകയുണ്ടായി.

ഇതിന്റെ മറവിലാണ് തന്റെ കയ്യിലുള്ള കേ ശങ്ങൾക്കും വളർച്ച ഉണ്ടെന്ന് തെളിയിക്കാൻ കാന്തപുരം ശ്രമിച്ചിട്ടുള്ളത് എന്ന് മറുഭാഗം പറയുന്നു അതോടൊപ്പം ആ വിരിഞ്ഞ കേശങ്ങൾ എന്തുകൊണ്ട് പൊതുസമക്ഷം കാണിക്കാൻ അദ്ദേഹം സന്നദ്ധന ആവുന്നില്ല എന്നും അവർ ചോദിക്കുന്നു അതേസമയം ആരുടെയും ശരീരാവശിഷ്ടങ്ങൾക്ക് യാതൊരു അത്ഭുദവും കാണിക്കാൻ കഴിയില്ലെന്നും, പിണറായി വിജയൻ പറഞ്ഞപോലെ ഇത് വെറും ബോഡിവേസ്റ്റ് മാത്രമാണെന്നുമാണ് ഇത്തരം ചർച്ചകളിൽ സ്വതന്ത്ര ചിന്തകരും ശാസ്ത്രപ്രചാരകരും ചൂണ്ടിക്കാട്ടുന്നത്. മുടി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്ന ചർച്ചതന്നെ അപമാനകരമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

എന്താണ് ഷഹ്‌റെ മുബാറക്?

പ്രവാചകന്റെ തിരുകേശമെന്ന് കാന്തപുരവും അനുയായികളും അവകാശപ്പെടുന്ന മുടി സ്ഥാപിക്കാനായി 40 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന പള്ളിയും അനുബന്ധ സ്ഥാപനങ്ങളുമാണ് ഷഹ്‌റെ മുബാറക്. അഹമ്മദ് ഖസ്‌റജി എന്ന വിദേശ രാജാവ് നൽകിയ മുടിയാണ് കാന്തപുരത്തിന്റെ പക്കലുള്ളത്. ഇത് സ്ഥാപിക്കാനായിട്ടാണ് ഈ പള്ളി നിർമ്മിക്കുന്നത്. എന്നാൽ ഈ മുടിയുടെ ആധികാരികത തന്നെ സംശയത്തിന്റെ നിഴലിലാണ്. ഈ മുടിയുടെ വിശ്വാസ്യത തെളിയിക്കാനാവശ്യമായ രേഖകൾ (സനദ്) വ്യാജമായി നിർമ്മിച്ചതാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. വ്യാജരേഖയുണ്ടാക്കാനായി കാന്തപുരം മർക്കസ് സ്‌കൂളിലെ ഒരു അദ്ധ്യാപകനോട് ആവശ്യപ്പെടുകയും അയാളതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ അയാളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതും പിന്നീടയാൾ ഇക്കാര്യങ്ങളെല്ലാം വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതുമാണ്. ഇത്തരത്തിൽ ഈ മുടിയുടെ ആധികാരിത തന്നെ ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലായിരുന്നു അതിനെയെല്ലാം മറച്ചുവെക്കാനും പിളർപ്പിലേക്ക് പോയ സംഘടനയെ പിടിച്ചുനിർത്താനും പുതിയ തന്ത്രവുമായി കാന്തപുരമിറങ്ങിയത്.

അതായിരുന്നു പ്രവാചകന്റേതെന്ന് കാന്തപുരം മാത്രം അവകാശപ്പെടുന്ന പ്രസ്തുത മുടി സൂക്ഷിക്കാനായി നിർമ്മിക്കുന്ന പള്ളി. എതിർവിഭാഗമായ ഇകെ സുന്നിവിഭാഗവും എപി സുന്നിയിലെ തന്നെ വിമതവിഭാഗവുമെല്ലാം എതിർപ്പുകളും വിമർശനങ്ങളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ തന്നെയായിരുന്നു 2012 ജനുവരി 30ന് ലോകത്താകെയുള്ള തന്റെ അനുയായികളെയും കോഴിക്കോടെത്തിച്ച് കാന്തപുരം പ്രഖ്യാപിത ഷഹ്‌റെ മുബാറക്കിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. കോഴിക്കോട് നഗരത്തെയാകെ നിശ്ചലമാക്കി സ്വപ്നനഗരിയിൽ നടന്ന പരിപാടിയിൽ കാന്തപുരത്തിന് മുടി നൽകിയെന്ന് പറയുന്ന വിദേശി അഹമ്മദ് ഖസ്‌റജി പറഞ്ഞത് മുടിയുടെ ആധികാരികതയിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തന്റെ കൊട്ടാരത്തിൽ വന്നാൽ അതിന്റെ രേഖകൾ കാണിച്ച് തരാമെന്നായിരുന്നു. എന്നാൽ ആരും അതന്വേഷിച്ച് പോയില്ലെന്നതും സനദ് എന്ന് പറയപ്പെടുന്ന ആധികാരികത തെളിയിക്കുന്ന രേഖ കൃത്രിമമായി നിർമ്മിച്ചതാണെന്നും പറഞ്ഞാണ് മർകസിലെ ജീവനക്കാർ പരസ്യമായി വിളിച്ച് പറഞ്ഞ് സംഘടന വിട്ടത്.

പ്രവാചകന്റെ മുടി കത്തില്ല, നിഴലുമുണ്ടാവില്ല'

എന്നാൽ സമസ്തയടക്കമുള്ള കാന്തപുരത്തിന്റെ എതിരാളികൾ ഒരുപടികൂടി മുകളിലായിരുന്നു. അവർ മുടിയുടെ ആധികാരികത വിശ്വാസപരമായി തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. പ്രവാചകന്റെ മുടി കത്തുകയോ, നിഴലുണ്ടാക്കുകയോ ഇല്ലെന്നതാണ് വിശ്വാസം. എന്നാൽ ഇത്രയും കാലമായിട്ടും ഈ വെല്ലുവിളി സ്വീകരിക്കാൻ കാന്തപുരം തയ്യാറായിട്ടില്ല എന്നത് തന്നെയാണ് മുടിയുടെ ആധികാരികതയെ സംശയിക്കാൻ ഇടയാക്കുന്നതെന്ന് എസ്‌കെഎസ്എസ്എഫ് നേതാക്കളൊക്കൊ ആരോപിക്കുന്നുണ്ട്.

ഇത്തരത്തിൽ പ്രവാചകന്റേതെന്ന് കാന്തപുരത്തിന് പോലും ഉറപ്പില്ലാത്ത ഒരുമുടിക്ക് വേണ്ടി നിർമ്മിക്കുന്ന പള്ളിക്ക് പിരിവ് നൽകിയ അണികളാണ് സത്യത്തിൽ ഇവിടെ കുഴിയിൽ വീണത്. പള്ളിയും പള്ളിയോട് അനുബന്ധമായി വലിയ കോപ്ലക്‌സുകളും നിർമ്മിച്ച് കേരളത്തിലൊരു ഇസ്ലാമിക് ഹെറിറ്റേജ് നിർമ്മിക്കുമെന്നായിരുന്നു കാന്തപുരത്തിന്റെ അവകാശവാദം. എന്നാൽ ശിലാസ്ഥാപനം കഴിഞ്ഞ് ആറ് വർഷമായിട്ടും കേരളത്തിലേതെങ്കിലുമൊരു വില്ലേജാപ്പീസിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി ക്രമങ്ങളുണ്ടായതായി ആർക്കുമറിയില്ല. ഇത്രയും വലിയൊരു പ്രൊജക്ട് വരുമ്പോൾ അതിന് ഏറ്റവും കുറഞ്ഞത് സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. അതുപോലും എവിടെയും നൽകിയിട്ടില്ലാത്ത പ്രൊജക്ടാണ് സത്യത്തിൽ കാന്തപുരം വിഭാവനം ചെയ്ത ഷഹ്‌റെ മുബാറക്.

അതേ സമയം ചരിത്രപരമായി പ്രവാചകന്റെ തിരുശേഷിപ്പുകൾക്ക് അതായത് പ്രവാചകന്റെ മുടി, നഖം പോലുള്ളവക്ക് ഏതെങ്കിലും തരത്തിലുള്ള പവിത്രത പ്രവാചകൻ ജീവിച്ചിരുന്ന കാലത്തോ അതിനോടടുത്ത കാലങ്ങളിലോ ആരെങ്കിലും കൽപിച്ചു നൽകിയിരുന്നതായി എവിടെയും കാണാൻ സാധിക്കില്ല. എന്നാൽ ഇത്തരം ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഈജിപ്ത്, തുർക്കി, ടുനീഷ്യ എന്നിവിടങ്ങളിലെല്ലാം വിശ്വാസികൾ പോകുന്നത് അതൊരു ആരാധന വസ്തുവായി കണ്ടല്ല മറിച്ച് അതിന്റെ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഇവിടെങ്ങളിലെവിടെയും മുടിമുക്കിയ വെള്ളം വിതരണം ചെയ്യുകയോ മറ്റേതെങ്കിലും ചൂഷണങ്ങൾ നടക്കുകയോ ചെയ്യുന്നുമില്ല. മിക്കയിടങ്ങളിലും ഇതൊക്കെ സൂക്ഷിച്ചിരിക്കുന്നതാകട്ടെ മ്യൂസിയങ്ങളിലുമാണ്. ഇതെല്ലാമാകട്ടെ പ്രവാചകന്റേതാണെന്ന് തെളിയിക്കപ്പെടുന്ന കൃത്യമായ ആധികാരിക രേഖയുള്ളവയുമാണ്. ഈ ഒരു സാഹചര്യത്തിലാണ് കൃത്രിമമായി നിർമ്മിച്ച രേഖയാണ് ഉള്ളതെന്ന് അത് സൂക്ഷിച്ചിരിക്കുന്ന മർക്കസിലെ ജീവനക്കാർ തന്നെ പറയുന്ന ഒരുമുടിയുടെ പേരിൽ പതിനായിരങ്ങളെ പറ്റിച്ച് വലിയ വാണിജ്യ സമുച്ചയമുണ്ടാക്കാൻ കാന്തപുരം തയ്യാറെടുത്തത്.

ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ബിസിനസ് ലാഭത്തിലപ്പുറം അദ്ദേഹം ഉദ്ദേശിച്ചത് ഇതിന്റെ വിശ്വാസപരമായ കാര്യങ്ങളെ പ്രചരിപ്പിച്ച് കൊണ്ട് പണമുണ്ടാക്കാൻ തന്നെയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പ്രസ്തുത മുടി മുക്കിയ വെള്ളംവിതരണം ചെയ്തതിലൂടെ 2012ൽ ശിലാസ്ഥാപനം നടത്തിയ ചടങ്ങിൽ ലക്ഷങ്ങളാണ് സംഘാടകർക്ക് വരുമാനം ലഭിച്ചത്. കാന്തപുരത്തിന്റെ പക്കലുള്ളത് ഇനി പ്രവാചകന്റെ മുടിയാണെങ്കിൽ തന്നെ അതിന്റെ ചരിത്രപരമായ പ്രാധാന്യമുൾക്കൊണ്ട് ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പഠനാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനുതകുന്ന രീതിയിൽ ഒരു മ്യൂസിയം നിർമ്മിച്ച് പ്രദർശിപ്പിക്കുകയായിരുന്നു വേണ്ടത്. അല്ലാത്ത തരത്തിൽ അതിനെയൊരു പ്രതിഷ്ഠയാക്കി സ്ഥാപിക്കുന്നത് ഏകദൈവ വിശ്വാസമെന്ന പ്രവാചക സങ്കൽപത്തിൽ നിന്ന് തന്നെ വ്യതിചലിക്കുന്നതാണെന്നാണ് മറ്റ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

വിവാദമായി മുടിവെള്ള വിതരണം

കാരന്തൂർ മർകസിൽ നവംബർ 12ന് നടന്ന മുടിവെള്ള വിതരണത്തിനെത്തിയത് പതിനായിരങ്ങളാണ്.പുലർച്ചെ മുതൽ ആയിരക്കണക്കിന് വാഹനങ്ങളാണ് മർകസിലേക്കെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. പ്രവാചകന്റെ തിരുകേശമെന്ന് കാന്തപുരം അവകാശപ്പെടുന്ന മുടിയിട്ട വെള്ളമാണ് കുപ്പിയിലാക്കി വിതരണം ചെയ്തത്. സിറാജ് ദിനപ്പത്രത്തിൽ പോലും ഇത് സംബന്ധിച്ച് അറിയിപ്പോ വാർത്തകളോ ഉണ്ടായിരുന്നില്ല. പുലർച്ചെ മുതൽ കാരന്തൂർ, കുന്ദമംഗലം ഭാഗങ്ങളിൽ പതിവിന് വീപരീതമായി വാഹനപ്പെരുപ്പം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാർ പോലും വിവരം അറിയുന്നത്.

പലഘട്ടങ്ങളിലായി ഈ വെള്ളമാവശ്യപ്പെട്ടവരോടും, സ്ഥിരമായി മർകസിൽ വരുന്നവരോടും സംഭാവന നൽകുന്നവരോടും ഇന്ന് വരാൻ വേണ്ടി പറയുകയായിരുന്നു. കാന്തപുരം നേരിട്ടാണ് വെള്ളം വിതരണം ചെയ്യുന്നത്. ആയിരം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഒരുകുപ്പി വെള്ളത്തിന് സംഭാവനയായി മർകസിന് ലഭിക്കുന്നുണ്ട്. . മർകസ് നോളെജ് സിറ്റി, തിരുകേശം സ്ഥാപിക്കാനുള്ള പള്ളിയുടെ നിർമ്മാണം എന്നിവക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിലൊരു മുടിവെള്ള വിതരണം സംഘടിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം.

പുതിയ ഒരു മുടികൂടി കിട്ടിയിട്ടുണ്ടെന്ന് കാന്തപുരം

ഈ ചടങ്ങിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ കുണ്ടൂരിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തനിക്ക് പുതിയ മുടി കിട്ടിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. ഇത് കാണാനും പഴയ മുടിയിട്ട വെള്ളം വാങ്ങാനും എല്ലാവരും വരണമെന്ന് അദ്ദേഹം അന്ന് ആഹ്വാനവും നടത്തിയിരുന്നു. മദീനയിൽ നിന്നാണ് പുതിയ മുടി തനിക്ക് കിട്ടിയതെന്നാണ് അദ്ദേഹം ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാൽ അത് ആരിൽ നിന്നാണെന്നോ ഏത് പരമ്പര വഴി കൈമാറി വന്നതാണന്നോ ഒന്നും തെളിച്ച് പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. നേരത്തെ അഹമ്മദ് ഖസ്‌റജി വഴി മുംബൈയിൽ നിന്നാണ് പഴയ മുടി കിട്ടിയതെന്ന് വെളിപ്പെടുത്തൽ മുടിയുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിച്ചതിനാൽ പുതിയ മുടി ലഭിച്ചതിനെ സംബന്ധിച്ചുള്ള പ്രഖ്യാപനം വളരെ കരുതലോടെയായിരുന്നു.

ലോകത്തിലാകമാനമുള്ള പ്രവാചക ശേഷിപ്പുകളെല്ലാം തന്നെ ചെറിയ അളവിലുള്ളതാണ്. എന്നാൽ കാന്തപുരത്തിന്റെ അടുക്കലുള്ളതാകട്ടെ സ്ത്രീകളുടേതിന് സമാനമായ നീളത്തിലുള്ള വലിയൊരു കെട്ട് മുടിയുമാണ്. ലഭിച്ചത് മദീനയിൽ നിന്നാണെന്ന് പറയുകയും ചെയ്തതോടെ പഴയ മുടിയെ സംബന്ധിച്ചുണ്ടായിരുന്ന സംശയങ്ങൾ പുതിയ മുടിയുടെ കാര്യത്തിലുണ്ടാകില്ലെന്നാണ് കാന്തപുരം കരുതുന്നത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളായിട്ടും പുതിയ മുടിയുടെ പ്രദർശനം നടന്നിട്ടില്ല. ഇത് കാണാൻ കൂടിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച പതിനായിരക്കണക്കിന് അനുഭാവികൾ മർകസിലെത്തിയിരുന്നതെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുത്ത് മുടിവെള്ളവും വാങ്ങിയാണ് തിരിച്ചുപോയത്. ഇത് വിശ്വാസചൂഷണമാണെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് മുടി വിരിയുന്നെന്ന് കാന്തപുരം സ്ഥിരീകരിക്കുന്ന ഓഡിയോയും പുറത്തുവന്നത്.