കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിൽ 300 ഏക്കർ ഭൂമി തരം മാറ്റി വിൽപ്പന നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ ഒഴിവാക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ നാലാം പ്രതിയായി കാന്തപുരം ഉണ്ടായിരുന്നെങ്കിലും വിജിലൻസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല്. ഇപ്പോൾ സബ് രജിസ്ട്രാർ അടക്കം ഒൻപത് പേരെയാണ് പ്രതിയാക്കിയിട്ടുള്ളത്.

അതേസമയം കാന്തപുരത്തെ ഒഴിവാക്കിയുള്ള വിജിലൻസിന്റെ ഈ അന്വേഷണത്തെ ചോദ്യം ചെയ്ത് വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി. കറുപ്പ തോട്ടത്തിന്റെ 300 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കൽ കോളെജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചത്.

കാന്തപുരം എപി അബുബക്കർ മുസ്ലിയാരടക്കം നാലുപേരെ എതിർ കക്ഷികളാക്കിയായിരുന്നു പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടതും. എന്നാൽ തുടർന്ന് വിജിലൻസ് കേസ് എടുത്തപ്പോൾ ഭൂമി ആദ്യം മറിച്ച് നൽകിയ കാന്തപുരം എപി അബുബക്കർ മുസ്ലിയാർ ഇതിൽ നിന്നും ഒഴിവായി. പരാതിയിൽ കാന്തപുരം ഇല്ലെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. എന്നാൽ പരാതിക്കാരൻ ഇത് നിഷേധിക്കുന്നു കേസിൽ നാലാമത്തെ എതിർ കക്ഷിയാണ് കാന്തപുരമെന്നും അതിലൊരു മാറ്റവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസിൽ കൊടുത്ത പരാതി നിലനിൽക്കണമെങ്കിൽ അതിനകത്ത് ഈ നാലുപ്രതികൾ ഉണ്ടെങ്കിൽ മാത്രമെ പരാതി നിലനിൽക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിൽ അഞ്ചരക്കണ്ടി വില്ലേജിലെ മുൻ സബ് രജിസ്ട്രാർ, കാന്തപുരത്തിൽ നിന്നും ഭൂമി തരം തിരിച്ച് വാങ്ങിയ വ്യക്തി എന്നിവരടക്കം ഒമ്പത് പേരാണ് പ്രതികൾ.