കോഴിക്കോട്: മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് കൊടിയുയരവേ, കാന്തപുരം വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത യൂത്ത്‌ലീഗിനെതിരെയും ലീഗിനെതിരെയും ശക്തമായ നിലപാടുമായി എ.പി വിഭാഗം രംഗത്ത്. ഏക സിവിൽ കോഡു വിഷയത്തിൽ ലീഗു വിളിച്ചു ചേർത്ത യോഗത്തിൽ കാന്തപുരം വിഭാഗം പങ്കെടുക്കാത്തതിനെ തുടർന്നു കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ് നേതാക്കളും കാന്തപുരത്തിനെതിരെ പ്രസ്താവനകളിറക്കി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാരന്തൂർ മർക്കസിൽ നിന്നു പഠിച്ചിറങ്ങിയ മതപണ്ഡിതന്മാരുടെ കൂട്ടായ്മയായ സഖാഫി ശൂറ രംഗത്തെത്തിയത്.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് അനുസരിച്ച് മതത്തെ വ്യാഖ്യാനിക്കലോ നിലപാടുകളെടുക്കലോ അല്ല മതപണ്ഡിതന്മാരുടെ ജോലിയെന്ന് സഖാഫി ശൂറ അഭിപ്രായപ്പെട്ടു. മുത്തലാഖിന്റെ വിഷയത്തിൽ മതപണ്ഡിതന്മാർ അഭിപ്രായം പറയട്ടെ എന്ന് കാത്തിരിക്കുന്നവർ മറ്റേതൊക്കെ കാര്യങ്ങളിൽ മതപണ്ഡിതന്മാരുടെ അഭിപ്രായം അനുസരിക്കും എന്നുകൂടി വ്യക്തമാക്കണം. ശരീഅത്തെന്നാൽ വിവാഹവും വിവാഹമോചനവും മാത്രമാണെന്ന തെറ്റിദ്ധാരണയാണ് ചിലർക്കുള്ളത്. ഏക സിവിൽ കോഡിനുവേണ്ടി വാദിക്കുന്നവരിൽ മാത്രമല്ല, അതിനെ പ്രതിരോധിക്കുന്നു എന്നവകാശപ്പെടുന്നവരിൽ ചിലർക്കും ഇതേ നിലപാടാണ് എന്നതാണ് കൗതുകകരം. സലഫികളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ സ്വന്തം പ്രസിഡന്റ് ഉൾപ്പെടുന്ന മതപണ്ഡിതന്മാരുടെ കൂട്ടായ്മയുടെ തീരുമാനം മുഖവിലക്കെടുക്കാത്തവരാണ് ഇപ്പോൾ മുത്തലാഖിന്റെ കാര്യത്തിൽ പണ്ഡിതന്മാരുടെ അഭിപ്രായത്തിനുവേണ്ടി കാത്തുനിൽക്കുന്നത്.

മതനിയമങ്ങളോട് പ്രതിബദ്ധതയുള്ള പണ്ഡിതന്മാരെ ലീഗിന്റെ ആഗ്രഹത്തിനനുസരിച്ച് കിട്ടാത്തതിലുള്ള ജാള്യം മറക്കാനാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെയുള്ള ലീഗ് നേതാക്കളുടെ പ്രസ്താവനകൾ. ലീഗിന്റെ തണൽ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സുന്നി സംഘടനകൾ മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ നിലപാടെടുത്തത്. സംഘ്പരിവാർ രാഷ്ട്രീയത്തോടുള്ള എതിർപ്പ് മുസ്ലിം ലീഗുകാരിൽനിന്ന് പഠിക്കേണ്ട ഗതികേട് സുന്നികൾക്കില്ല. മർകസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് അലി സഖാഫി വള്ളിയാട്, ശുകൂർ സഖാഫി വെണ്ണക്കോട്, സമദ് സഖാഫി മായനാട്, അബൂബക്കർ സഖാഫി വെണ്ണക്കോട്, നാസർ സഖാഫി കരീറ്റിപ്പറമ്പ്, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ലത്തീഫ് സഖാഫി പെരുമുഖം, സാബിത് അബ്ദുല്ല സഖാഫി വാവാട് എന്നിവർ പ്രസംഗിച്ചു.

വിവാദം കത്തിയതോടെ യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവും മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ നിർബന്ധിതരായിരിക്കയാണ്. 'രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണർത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് ഇന്നലൊയാണ് കോഴിക്കോട്ട് കൊടി ഉയർന്നത്. ടാഗോർ ഹാൾ വളപ്പിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പതാക ഉയർത്തി.

ഭാഷാ സംരക്ഷണത്തിന് ജീവാർപ്പണം ചെയ്ത മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ ഓർമകൾ ഉണർത്തിയുള്ള മുദ്രാവാക്യങ്ങളുടെ അന്തരീക്ഷത്തിലാണ് പതാക ഉയർന്നത്. സംസ്ഥാന സെക്രട്ടറി സി.കെ. സുബൈർ, അബ്ദുറഹ്മാൻ രണ്ടത്താണി, എം.എ. റസാഖ്, പി.കെ.കെ. ബാവ, ഉമ്മർ പാണ്ടികശാല, എൻ.സി അബൂബക്കർ, യു.എ. ലത്തീഫ്, സി.കെ.വി. യൂസുഫ്, നജീബ് കാന്തപുരം, സംസ്ഥാന ട്രഷറർ കെ.എം. ഗഫൂർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എംപി ഉദ്ഘാടനം ചെയ്യും. ലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.

കഴിഞ്ഞ ദിവസം സംസ്ഥാന സമ്മേളന വിവരം അറിയിക്കനായി കോഴിക്കോട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എ.പി വിഭാഗം സുന്നികൾക്കെതിരെ ആഞ്ഞടിച്ച് യൂത്ത്‌ലീഗ് രംഗത്തത്തെിയത്.ഏക സിവിൽകോഡ് വിഷയത്തിൽ കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന കാന്തപുരം സുന്നി വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പറഞ്ഞു. യോഗത്തിൽ പങ്കെടുത്താൽ നരേന്ദ്ര മോദിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഭയമാണ് കാന്തപുരത്തിന്.സംഘ്പരിവാറിന്റെ സൂഫി സമ്മേളനത്തിൽ പങ്കെടുത്ത അത്തരം ആളുകളെ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നെന്ന് പറയുന്ന സിപിഐ (എം) തള്ളിപ്പറയാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും ജനറൽ സെക്രട്ടറി സി.കെ. സുബൈറും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിരോധിക്കാൻ പാടില്‌ളെന്നാണ് യൂത്ത്‌ലീഗിന്റെ നിലപാടെന്നും പി.എം സാദിഖലി അതേ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് സ്ത്രീകൾക്ക് എതിരല്ല. ആ ചൂണ്ടയിൽ കൊത്തില്‌ളെന്ന കുഞ്ഞാലിക്കുട്ടിയുടെ അതേ നിലപാടാണ് യൂത്ത് ലീഗിനും. മുത്തലാഖ് വിഷയത്തിൽ മതപണ്ഡിതരാണ് അഭിപ്രായം പറയേണ്ടതെന്ന നിലപാടാണ് യൂത്ത് ലീഗിനുള്ളത്. മുത്തലാഖ് വേണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ബിജെപി മന്ത്രിമാർ നടത്തിയ അതേ പ്രസ്താവനയാണ് ജലീലിൻേറതും. ഇദ്ദേഹത്തെ മുന്നിൽ നിർത്തി കളിക്കുകയാണ് സിപിഐ.(എം) ചെയ്യുന്നത്.സലഫികളെ തീവ്രാദികളായി കാണാൻ യൂത്ത്‌ലീഗ് തയാറല്ല. ഞങ്ങൾക്കു പരിചയമുള്ള സലഫികൾ സമാധാന വാദികളാണ്.ഇതിന്റെ പേരിൽ ആരെങ്കിലും തീവ്രാദാദത്തിലേക്ക് പോയിട്ടിണ്ടെങ്കിൽ അവരെയാണ് ചികിൽസികണ്ടത്. സഫഫിസത്തെ അംഗീകരിക്കുകയാണെന്നും സാദിഖലി പറഞ്ഞിരുന്നു.