- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് താമര വിരിയിക്കാൻ മത്സരിക്കുന്നത് കാന്തപുരം എ പി സുന്നി അനുയായികൾ; മോദി ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ കാന്തപുരത്തിന് തലവേദനയായി തദ്ദേശ നീക്കുപോകുകൾ; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം കൊഴുക്കുന്നു
മലപ്പുറം: കാന്തപുരം അനുയായികളുടെ ബിജെപി സ്ഥാനാർത്ഥിത്വം കൂടുതൽ വിവാദമാകുന്നു. കാന്തപുരം സുന്നി പ്രവർത്തകരായ ഏതാനും പേർ ബിജെപി സ്ഥാനാർത്ഥികളായി മത്സര രംഗത്ത് വന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ ഇതിനു തൊട്ടു പിന്നാലെയാണ് കാന്തപുരം സമസ്തയുമായുള്ള ഈ സ്ഥാനാർത്ഥികളു
മലപ്പുറം: കാന്തപുരം അനുയായികളുടെ ബിജെപി സ്ഥാനാർത്ഥിത്വം കൂടുതൽ വിവാദമാകുന്നു. കാന്തപുരം സുന്നി പ്രവർത്തകരായ ഏതാനും പേർ ബിജെപി സ്ഥാനാർത്ഥികളായി മത്സര രംഗത്ത് വന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ ഇതിനു തൊട്ടു പിന്നാലെയാണ് കാന്തപുരം സമസ്തയുമായുള്ള ഈ സ്ഥാനാർത്ഥികളുടെ ബന്ധം സ്ഥിരീകരിച്ചു കൊണ്ടുള്ള ഫോട്ടോ പുറത്തു വന്നത്.
ഇതോടെ എ.പി സുന്നികൾക്ക് ബന്ധം നിഷേധിക്കാൻ പറ്റാതെ അവസ്ഥയിലായിരിക്കുകയാണ്. ബിജെപിയുമായും നരേന്ദ്ര മോദിയുമായുള്ള ബന്ധത്തിന്റെ പേരിൽ കാന്തപുരം നേരത്തെയും വിവാദത്തിൽപ്പെട്ടിരുന്നു. എന്നാൽ തദ്ദേശത്തിലെ സ്ഥാനാർത്ഥിത്ത്വത്തിന്റെ പേരിൽ വീണ്ടും കാന്തപുരം വിഭാഗത്തെ വിവാദം വേട്ടയാടുകയാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് പൊന്മുണ്ടം ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അബ്ദുൽ ജലീൽ പനയത്തിൽ എ.പി സുന്നികളുടെ പരിപാടിയിൽ പങ്കെടുത്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് എ.പി സുന്നിളുടെ നേതൃത്വത്തിൽ കുണ്ടൂര് ഉറൂസുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു അബ്ദുൽ ജലീൽ വേദി പങ്കിട്ടിട്ടുള്ളത്. ഇതേ വേദിയിൽ തന്നെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച നേതാക്കളായ ആലിഹാജി, എ.കെ നസീർ എന്നിവരും നന്നമ്പ്ര പഞ്ചായത്ത് 13ാം വാർഡ് ബിജെപി സ്ഥാനാർത്ഥി രാജമണിയും ഉണ്ടായിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം സ്ഥാനാർത്ഥികളെ മത്സര രംഗത്ത് ഇറക്കിയിട്ടുള്ളത്. ഇത്തവണ പുതുതായി രൂപം കൊണ്ട താനൂർ നഗരസഭയിൽ മത്സരിക്കുന്നത് നാല് മുസ്ലിം സ്ഥാനാർത്ഥികളാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി മുസ്ലിംങ്ങൾ ബിജെപിയിൽ ചേർന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുസ്ലിം സ്ഥാനാർത്ഥികളെ ഇറക്കിയുള്ള മത്സരം നടക്കുന്നത്. ഇത്തരത്തിൽ ബിജെപിയിൽ എത്തിയവർ പല പ്രദേശങ്ങളിലും ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറായിട്ടില്ല.
ജില്ലാ പഞ്ചായത്തിലേക്കും താനൂർ നഗരസഭയിലുമാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്ന മുസ്ലിം സ്ഥാനാർത്ഥികളുള്ളത്. മുസ്ലിം ലീഗിന്റെ ശക്തികോട്ടയായ മലപ്പുറത്ത് മുസ്ലിം സ്ഥാനാർത്ഥികൾ ബിജെപിക്കു വേണ്ടി മത്സരിക്കുന്നത് ലീഗിനും വെല്ലുവിളിയാണ്. എന്നാൽ ഈ സ്ഥാനാർത്ഥികൾ കാന്തപുരം സമസ്തയുടെ അനുയായികളാണെന്നതാണ് കൂടുതൽ വിവാദമായിരിക്കുന്നത്.
താനൂർ നഗരസഭയിലെ 16ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് റഫീഖ് കാന്തപുരം വിഭാഗത്തിന്റെ കീഴിഘടകങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും മുമ്പ് സംഘടനാ പ്രവർത്തനങ്ങളുമായി സഹകകരിച്ചിരിന്ന ആളാണെന്നുമാണ് സോഷ്യൽ മീഡിയാ പ്രചരണം. കൂടാതെ 12ാം ഡിവിഷനിൽ ബിജെപി സ്വതന്ത്രനായി മത്സരിക്കുന്ന മുസ്തഫ ഹാജിക്കും എ.പി സുന്നികളുമായി അടുത്ത ബന്ധമുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളും കാന്തപുരം വിഭാഗത്തിന്റെ വിവിധ പരിപാടികളും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റഫീഖിന്റെ ഫേയ്‌സ്ബുക്ക് വാളിൽ ഉണ്ട്. മാത്രമല്ല, എ.പി സുന്നി സ്ഥാപനമായ പനങ്ങാട്ടൂർ നൂറുൽ അമീൻ സുന്നി മദ്രസിലാണ് അദ്ദേഹത്തിന്റെ മക്കൾ പഠിക്കുന്നതെന്നും എ.പി വിഭാഗവുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ന്യൂനപക്ഷ മോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് റഫീഖ്. ബിജെപി സ്വതന്ത്രനായി മത്സരിക്കുന്ന മുസ്തഫഹജിയുട മകൻ കാന്തപുരം വിഭാഗത്തിന്റെ പ്രാദേശിക ഭാരവാഹിയുമാണ്.
കഴിഞ്ഞ ഒന്നര വർഷമായി ബിജെപിയുമായി ബന്ധമുള്ള ഇവർ താനൂർ സ്വദേശിയായ ബാദുഷ തങ്ങളുടെ നേതൃത്വത്തിലാണ് ആറു മാസം മുമ്പ് ബിജെപി മെമ്പർഷിപ്പ് എടുത്തിട്ടുള്ളത്. ചില വാഗ്ദാനങ്ങളും നീക്കു പോക്കുകളും ബാദുഷാ തങ്ങളുടെ ബിജെപി പ്രവേശനത്തോടെ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. ബാദുഷാ തങ്ങൾ കഴിഞ്ഞ നിയമസഭയിൽ അബ്ദുറബ്ബിനെതിരെ ബിജെപിക്കു വേണ്ടി മത്സരിച്ചിരുന്നു. ഇയാളുടെ ഡ്രൈവറാണ് ഇപ്പോൾ മത്സരിക്കുന്ന റഫീഖ്. മുസ്ല്യാർ വേഷത്തിലാണ് റഫീഖ് വീട് വീടാന്തരം പ്രചരണത്തിനിറങ്ങിയിട്ടുള്ളതും ഫ്ളാക്‌സുകളിൽ നിറഞ്ഞു നിൽക്കുന്നതും.
ബിജെപിക്ക് വിജയ സാധ്യതയുള്ള സീറ്റുകളിൽ അല്ലെ ഈ സ്ഥാനാർത്ഥികളുടെ മത്സരമെന്നതും പ്രത്യേകതയാണ്. മുസ്ല്യാരും തങ്ങളും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് രംഗത്തുള്ളത് കാന്തപുരം വിഭാഗത്തിനാണ് മറുപടി പറയേണ്ടി വന്നിരിക്കുന്നത്. അതേസമയം ഈ സ്ഥാനാർത്ഥികൾക്ക് എ.പി സമസ്തയുടെ സംഘടനകളുമായി ബന്ധമില്ലെന്ന് പ്രാദേശിക ഘടകങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഒദ്യോഗികമായി ബന്ധം നിഷേധിച്ച് വാർത്താകുറിപ്പ് ഇറക്കാനോ വാർത്താ സമ്മേളനം നടത്താനോ ഇവർ തയ്യാറായിട്ടില്ല.