ചിലരെ കുറച്ചുകാലത്തേക്ക് പറ്റിക്കാം.എന്നാൽ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവിലല്ലോ. കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കൈയിലുള്ള തിരുകേശത്തെചൊല്ലിയുള്ള വിവാദവും ഇങ്ങനെ തന്നെയാണ്. ആത്മീയ ചൂഷണങ്ങളെ എക്കാലവും എതിർക്കുന്ന മാധ്യമ ധർമ്മംവെച്ച് മറുനാടൻ മലയാളി ഈ വാർത്ത കൊടുത്തപ്പോഴൊക്കെ, കാന്തപുരത്തിന്റെ അനുയായികൾ കൂട്ടത്തോടെ ഓഫീസിലേക്ക് ഫോൺചെയ്ത് തെറിപറഞ്ഞും, ഫേസ്‌ബുക്കിലൂടെയും മറ്റും സൈബർ ലിഞ്ചിങ്ങ് നടത്തുകയും ഞങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുകേശത്തിന്റെ മുഴവൻ ഉള്ളുകള്ളികളും മനസ്സിലാക്കാനും ഈ തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമം തുടങ്ങിയത്. ജിഷാൻ മാഹിയുടെ പരമ്പര മൂന്നാം ഭാഗം

കോഴിക്കോട്: ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു പോവുകയാണ്. വ്യക്തമായി ബോധ്യപ്പെട്ട ഇനിയൊരു അസത്യം എങ്ങനെ നീക്കം ചെയ്യാം എന്നതായിരുന്നു ഞങ്ങളുടെ ഉള്ളിലൂടെ കൂലംകഷമായി നടന്ന് കൊണ്ടിരുന്ന ചർച്ച. ആ സമയത്ത് തന്നെ കാന്തപുരം വ്യാജമായി കോട്ടയ്ക്കലിൽ നിന്ന് വായിച്ച് കബളിപ്പിച്ച സനദ്‌ന്റെ നിജസ്ഥിതിയും സംഘടനയിലെ നെടുംതൂണായ സാക്ഷാൽ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർക്ക് വ്യക്തമായി ബോധ്യപ്പെട്ടിരുന്നു.

അദ്ദേഹവുമായി സുദീർഘമായ നീണ്ട സംഭാഷണങ്ങൾ തന്നെയായിരുന്നു പലപ്പോഴും ഫോണിലൂടെ ഈ വിഷയത്തിൽ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ശിഷ്യരിൽ പെട്ട മറ്റു പല പ്രമുഖരുമായും ഇത് പങ്കുവച്ചിരുന്നു കാന്തപുരത്തിന്റെ മറ്റൊരു പ്രധാന ശിഷ്യനും പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ റഷീദ് സഖാഫി ഏലംകുളം ഒരുദിവസം അദ്ദേഹം ഫോണിൽ വിളിച്ചു കൊണ്ട് കാന്തപുരം വായിച്ച സനദ് വ്യാജമാണെന്ന് പറഞ്ഞു പൊട്ടിച്ചിരിച്ച ആ ചിരി ഇന്നും കാതുകളിൽ മുഴങ്ങുകയാണ്.

ഇങ്ങനെയൊക്കെ കള്ളത്തരങ്ങൾ ആണെന്ന് ബോധ്യപ്പെട്ട് പൊട്ടിച്ചിരിച്ച ആളുകൾ ഇന്നും കാന്തപുരത്തിന് കൂടെയാണ് എന്നതാണ് ഏറെ രസകരം. ഇക്കാര്യങ്ങളൊക്കെ രഹസ്യമായി നടന്നുകൊണ്ടിരിക്കുമ്പോൾ ഇ കെ വിഭാഗം സുന്നികളെ അടക്കം കാന്തപുരം രംഗത്തുകൊണ്ടുവന്ന ഈ വ്യാജ മുടികൾ ക്കെതിരെയുള്ള ശക്തമായ സമരത്തിലായിരുന്നു...

അവരെ പ്രതിരോധിക്കാൻ വേണ്ടി കാന്തപുരം പലപ്പോഴും പറഞ്ഞത് ലോകമഹാ പണ്ഡിതന്മാരുടെ സമക്ഷത്തിൽ ആണ് എനിക്ക് അബുദബി സ്വദേശി അഹമ്മദ് ഖസ്രജി മുടികൾ കൈമാറിയിരുന്നത് എന്നാണ് ലോക പണ്ഡിതന്മാർക്ക് അതിൽ എതിർപ്പുണ്ടായിരുന്നെങ്കിൽ അവർ പ്രതികരിക്കില്ലേ? ഇങ്ങനെയാണ് പലപ്പോഴും അദ്ദേഹം മറുഭാഗത്ത് പ്രതിരോധിക്കാൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ അന്ന് ആ വേദിയിൽ പങ്കെടുത്ത ആളുകളുടെ മനസ്സ് അറിയാൻ വേണ്ടിയുള്ള ശ്രമമായിരുന്നു പിന്നീട് ഞാൻ ശ്രമിച്ചത്. അതിനുവേണ്ടി അന്ന് മക്കയിൽ നിന്ന് വന്ന പ്രമുഖനായിരുന്ന പണ്ഡിതൻ ഉമർ കാമിൽ മക്ക. അദ്ദേഹത്തെ കാന്തപുരത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് തന്നെ കോഴിക്കോട് മുക്കം സ്വദേശിയായ ബഷീർ ഹാജിയായിരുന്നു. ഇതേ ബഷീർ ഹാജി തന്നെയാണ് നീണ്ട ഒരുപാട് വർഷങ്ങൾ ഉമർ കാമിലിയുടെ സഹായിയായി കൊണ്ട് മക്കയിൽ ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള മുഴുവൻ രഹസ്യങ്ങളും ബഷീർ ഹാജിക്കു അറിയാം എന്ന് എന്റെ മനസ്സ് പറഞ്ഞു. അങ്ങനെ ബഷീർ ഹാജിയുമായി നീണ്ട മണിക്കൂറുകൾ സംസാരിച്ചു. അതിൽ പ്രസക്തമായ ചില ഭാഗങ്ങൾ ഞെട്ടൽ ഉളവാക്കുന്നതായിരുന്നു.

ശക്തമായി അന്ന് അവിടെ ആ വേദിയിൽ സന്നിഹിതരായ പണ്ഡിതന്മാർ ഒക്കെ ശക്തമായി ഈ വിഷയത്തിൽ സാക്ഷാൽ കാന്തപുരത്തോട് തന്നെ ഉമർ കാമിൽ മക്ക ഈ വിഷയം സൂചിപ്പിച്ചിട്ടും അദ്ദേഹം ഈ തട്ടിപ്പുമായി മുമ്പോട്ട് പോയി പിന്നീട് നമുക്ക് കാണാൻ കഴിയുന്നത്.

ഈ കാര്യങ്ങളൊക്കെ കാന്തപുരം വിഭാഗത്തിലുള്ള പ്രമുഖന്മാരായവരോട് അബ്ദുറഹ്മാൻ സഖാഫി അതുപോലെ പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കൊളത്തൂർ അലവി സഖാഫി, ഏലംകുളം റഷീദ് സഖാഫി ഇവരെയൊക്കെ നിരവധി തവണ ഈ വിഷയങ്ങൾ ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും സംഘടനയുടെ കെട്ടുറപ്പ് നഷ്ടപ്പെടും എന്നുള്ള ഒരൊറ്റ സ്വാർത്ഥ താല്പര്യ മനസ് കൊണ്ടുമാത്രം ഇവരൊക്കെ സത്യത്തിനെതിരെ മുഖംതിരിച്ചു ഈ വ്യാജത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ഈ വ്യാജ കേശത്തിനും ഉള്ള പ്രത്യേകതകൾ എന്തൊക്കെ അതൊക്കെ പ്രവാചക തിരുമേനിയിലേക്ക് ഇവർ പിന്നീട് നടത്തുന്നതായിട്ടാണ് കാണാൻ കഴിഞ്ഞത്. ലോകത്ത് ഒരൊറ്റ പണ്ഡിതനും പറയാത്ത പല വാദങ്ങളും നിലനിൽപ്പിനു വേണ്ടി ഇവർ വാദിച്ചു.

തിരുദൂതർക്ക് നിഴൽ ഒരിക്കലും ഉണ്ടാവില്ല എന്നത് പ്രവാചകർക്ക് നൽകപ്പെട്ട അത്ഭുതങ്ങളിൽ ഒന്നായിരുന്നു. ഈ മുടികൾക്ക് നിഴൽ ഉള്ളതുകൊണ്ടുതന്നെ ഇടയ്ക്ക് നിഴൽ ഉണ്ടാവാനും ചാൻസ് ഉണ്ട് എന്ന് സാക്ഷാൽ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രസംഗിക്കേണ്ട വന്നു.
ഇവർക്ക് തുടക്കത്തിലെ ഇതിൽ ഒട്ടും വിശ്വാസമില്ല എന്ന് ബോധ്യപ്പെടുത്തുന്ന പല കാര്യങ്ങളും പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞു. 2005നു ശേഷമാണ് കാന്തപുരത്തിന് ആദ്യമുടി ബോംബെക്കാരൻ ജാലിയാവാലയിൽ നിന്ന് ലഭിക്കുന്നത് എങ്കിലും കാന്തപുരം അതിനുശേഷം ഈ കേശവിവാദം കേരളത്തിൽ ആളിപ്പടർന്ന ഒരു സമയം 2011 വരെ ജാലിയവാലയെ കാന്തപുരം കാണുകയോ, അദ്ദേഹത്തെ ഇങ്ങോട്ട് ക്ഷണിക്കുകയോ ചെയ്തില്ല എന്നുള്ള ഒരു പരമാർഥമാണ്.

ഇവരുടെ സ്ഥാപനത്തിന് എന്തെങ്കിലും ഒരു സംഭാവന നൽകുന്ന അറബി ഉണ്ടെങ്കിൽപോലും അറബിയെ ഇവരുടെ സ്ഥാപനത്തിലേക്ക് ക്ഷണിക്കുക ഏറെക്കുറെ പതിവുള്ള ഒരു കാര്യമാണ്. പക്ഷേ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒന്നായിട്ടാണ് പ്രവാചക തിരുകേശത്തെ പറ്റി കരുതുന്നത്. അത് തന്ന വ്യക്തിയെ ആറുവർഷത്തോളം കാന്തപുരം കാണാനോ അദ്ദേഹത്തെ ഇങ്ങോട്ട് ക്ഷണിക്കാനോ തയ്യാറായില്ല എന്നുള്ളത് തന്നെ ഇവരുടെ മനസ്സ് വായിക്കാൻ എളുപ്പമാകും. കൂടെയുള്ള അണികളെയും അതുപോലെ മറുഭാഗം സുന്നികളെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പച്ചയായ കളവുകൾ പലതും ഇവർ പരസ്യമായി പ്രസംഗിച്ചു അതിൽ പെട്ട ഒരു പച്ച കളവാണ് ഈ മുടികൾ കൈമാറിയ ജാലിയവാല പ്രവാചക കുടുംബത്തിൽ പെട്ട ഒരു സയ്യിദ് (തങ്ങൾ) ആണെന്നത്. കാരണം അദ്ദേഹം പ്രവാചക കുടുംബത്തിൽപെട്ട ആളായിരുന്നില്ല. അത് അദ്ദേഹം തന്നെ നേരിട്ട് കണ്ടവരോടൊക്കെ തുറന്നു സമ്മതിച്ചതുമാണ്. എന്നിട്ടും പ്രവാചക കുടുംബം ആകുമ്പോൾ ഒരു സർവ്വ സമ്മതി ലഭിക്കുമെന്നുള്ള ധാരണയിൽ പച്ചക്കള്ളം തട്ടിവിട്ടു. ഇവരുടെ മറ്റൊരു നേതാവായ ഇപ്പോൾ മലപ്പുറം ഖലീൽ തങ്ങളുടെ സ്ഥാപനത്തിലെ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായ സുലൈമാൻ ഫൈസി കളവു പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്നത് കാണുക.

2011 ഓഗസ്റ്റ് മാസം ആണ് ബോംബെയിൽ പോയി എനിക്കും മുടികൾ ലഭിച്ചത്. ആ മുടികൾ നിഴൽ പരിശോധന നടത്തി. കിട്ടിയ മുടികളിൽ നാലെണ്ണം കത്തിച്ചും നോക്കി. 4 മുടികൾ കത്തുകയും എല്ലാ മുടികൾക്കും വ്യക്തമായി നിഴലുണ്ട് എന്ന് ബോധ്യപ്പെടുകയും ചെയ്തു.രണ്ടുവർഷം സംഘടനക്കകത്ത് നിന്നുകൊണ്ടുതന്നെ ഈ ഈ വ്യാജത്തെ തിരുത്തിക്കാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി 2013 ഓഗസ്റ്റ് അവസാനം ഈ വിഷയം ചർച്ച ചെയ്യാൻ വേണ്ടി കാന്തപുരത്തിന്റെ വലം കൈയും സുന്നി യുവജന സംഘത്തിന്റെ സെക്രട്ടറിയായിരുന്ന പേരോട് അബ്ദുറഹ്മാൻ സഖാഫി കുറ്റ്യാടി അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ എന്നെ ക്ഷണിച്ചു. അങ്ങനെ രാത്രി പത്തര മുതൽ നീണ്ട അഞ്ചു മണിക്കൂറുകളോളം അടച്ചുപൂട്ടിയ റൂമിൽ ഈ വിഷയകമായി പലതും സംസാരിച്ചു. നാളെ പലതും മാറ്റി പറയുമെന്ന് തോന്നിയതുകൊണ്ട് തന്നെ മറ്റൊരു യുവ പണ്ഡിതനായ നൗഷാദ് അഹ്സനിയുടെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് അഞ്ചു മണിക്കൂറോളം ഉള്ള സംഭാഷണം ഞാൻ രഹസ്യമായി റെക്കോർഡ് ചെയ്തിരുന്നു. സ്റ്റേജ് കെട്ടികൊണ്ട് കാന്തപുരത്തിന് വേണ്ടി തിരുകേശമാണെന്ന് ഗർജിക്കുന്ന നേതാക്കന്മാർ പക്ഷേ അടച്ചു പൂട്ടിയ മുറിക്കുള്ളിൽ അത് തിരുകേശമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആണ് എന്ന് പറയാനുള്ള ധൈര്യം ഇല്ലാതായി എന്നതാണ് മറ്റൊരു രസാവഹമായ കാര്യം. അഞ്ചുമണിക്കൂർ ചർച്ചക്കിടയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി യോട് ചോദിച്ച ഒരു ചോദ്യം ഇനി കാണുക .

ആ മാസം അവസാനം തന്നെയാണ് ഇതുസംബന്ധിച്ച് പൊട്ടിത്തെറിയുടെ മൂർധന്യത്തിൽ എത്തിയത്. ഈ വിഷയം അങ്ങനെ പല വിഷയങ്ങളും നേതാക്കളുടെ ഇത്തരം കാപട്യങ്ങൾ പലരോടും തുറന്നു പറയേണ്ടിവന്നു. ഇന്നുള്ള അത്ര വ്യാപകമായി ഇന്റർനെറ്റും സോഷ്യൽ മീഡിയ സംവിധാനവും അത്രകണ്ട് അന്ന് ഉണ്ടായിരുന്നില്ല എന്നുള്ളതുകൊണ്ടുതന്നെ പൊതുസമൂഹം ഇവരുടെ കബളിപ്പിക്കൽ തിരിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഇതിൽ ഏറ്റവും രസാവഹമായ ഒരു കാര്യം കാന്തപുരം തന്നെ പറയുന്നുണ്ട്. പ്രവാചക തിരുകേശങ്ങൾക്ക് ഒരിക്കലും നിഴൽ ഉണ്ടാവില്ല എന്ന്. അതേസമയത്ത് അദ്ദേഹത്തിനു കിട്ടി എന്നു പറയുന്ന അഹമ്മദ് ഖസ്രജിയുടെ മുടികൾക്ക് വ്യക്തമായ നിഴലും കാണാൻ സാധിക്കുന്നതാണ്.

ഇതിനുള്ളിൽ ഉള്ള ചില കള്ളത്തരങ്ങൾ കൂടി വ്യക്തമായി തുറന്നു കാണിക്കാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്ലിം ലോകം ആധികാരികമായി അംഗീകരിക്കുന്ന ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി. അതിൽ വ്യക്തമായി വന്ന ഹദീസാണ് നബിതിരുമേനി തങ്ങൾ പറയുന്നു എന്റെ പേരിൽ മനപ്പൂർവ്വം ഒരാൾ കള്ളം പറഞ്ഞു കഴിഞ്ഞാൽ അവൻ നരകത്തിൽ ഇരിപ്പിടം ഉറപ്പിക്കട്ടെ. ഇനി ആരാണ് കള്ളം പറഞ്ഞത് എന്നു കൂടി കാണുക. ഈ മുടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോട്ടക്കലിൽ വെച്ച് നടന്ന ഉലമ കോൺഫറൻസ് എന്ന പരിപാടിയിൽ കാന്തപുരം പച്ചയായി ജാലിയവാല തന്നു എന്നു പറഞ്ഞുകൊണ്ട് വായിക്കുന്ന ആദ്യ സനദ് വായന കാണുക.

യഥാർത്ഥത്തിൽ അങ്ങനെ ഉള്ള ഒരു മുഴുനീളൻ സനദ് ജാലിയവാല കൊടുത്തിട്ടില്ല എന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചതാണ് അദ്ദേഹം കൊടുത്ത സാക്ഷി പത്രത്തിൽ കേവലം അദ്ദേഹത്തിന്റെ പേര് അതുപോലെ ഉറുദുവിൽ തിരുകേശം എന്നെഴുതി അതിൽ സ്റ്റാമ്പും മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നെ എങ്ങനെ അദ്ദേഹത്തിന് പേരിൽ ഇല്ലാത്ത ഒരു വ്യാജ സനദ് (പ്രവാചകരുടെ അടുക്കൽ വരെ മുട്ടുന്ന പരമ്പര) കാന്തപുരത്തിന് വായിക്കാൻ കഴിയും? മുഴുനീളൻ സനദ് കൊടുത്തില്ല എന്ന് അദ്ദേഹം പറയുന്നത് ഇനി ഒന്ന് നമുക്ക് നോക്കാം.

കാന്തപുരത്തിന് മുടികൾ കിട്ടുന്നതിനു മുമ്പ് അബുദബി അഹമ്മദ് ഖസ്രജിയുടെ വീട്ടിൽ വീട്ടിൽ ജോലി ചെയ്തിരുന്ന ഒരുസഖാഫി (അദ്ദേഹം ഇന്നും കാന്തപുരത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിൽ ജോലിചെയ്യുന്നു). ഖത്തറിൽ വെച്ച് അദ്ദേഹവുമായി ഉണ്ടായ സൗഹൃദത്തിൽ അദ്ദേഹം വ്യക്തമായി എന്നോട് പറഞ്ഞതുമാണ് അഹമ്മദിന്റെ പിതാവിന്റെ കാലത്ത് അങ്ങനെയുള്ള മുടികൾ അവിടെ ഉണ്ടായിരുന്നില്ല എന്ന്. പിന്നീട് ഇതേ മുടികൾ സാക്ഷാൽ ജാലിയാവാലയിൽ നിന്നും അഹമ്മദ് വാങ്ങുന്നതിന്റെ ഫോട്ടോയും ഞങ്ങൾ പുറത്തുവിട്ടതാണ്.

ബോംബയിൽ നിന്നും കൊണ്ട് പോയി അബുദാബി വഴി വീണ്ടും കേരളത്തിലേക്ക് ...പഴയ വീഞ്ഞ്‌പുതിയ കുപ്പിയിൽ എന്ന് പറയുന്നത് പോലെ. കാന്തപുരത്തിന് മുടികൾ ലഭിച്ച ലഭിച്ച കേന്ദ്രമായ ബോംബെയിലെ ജാലിയവാല രണ്ടുവർഷം മുമ്പ് കാരന്തൂർ മർകസിന് ഏകദേശം കുറഞ്ഞ ദൂരങ്ങൾ മാത്രം ദൂരമുള്ള കുരുവട്ടൂർ എന്ന സ്ഥലത്ത് വന്നിരുന്നു. ഏഴ് ദിവസത്തോളം അദ്ദേഹം കേരളത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നു. അദ്ദേഹം ഒരുപാട് പ്രവാചകരുടെ ശേഷിപ്പുകൾ എന്നുപറഞ്ഞുകൊണ്ട് ഒരുപാട് കാര്യങ്ങളും ഇവിടെ കൊണ്ടുവന്നിരുന്നു. പക്ഷെ കാന്തപുരവും കൂട്ടരും അദ്ദേഹം കൊണ്ട് വന്ന വസ്തുക്കൾ പുണ്യം നേടാൻ ( ബറകത്ത് ) വേണ്ടി അവിടെ പോയില്ല എന്ന് മാത്രമല്ല 

അദ്ദേഹത്തെ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല എന്നതായിരുന്നു വസ്തുത. കാരണം അവർക്കുതന്നെ അറിയാം ഇതൊരു തട്ടിപ്പാണെന്ന് .അല്ലെങ്കിൽ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാം. അദ്ദേഹം കൊടുത്ത രണ്ടു കഷണം മുടികൾ കാണാൻ പതിനായിരങ്ങൾ മർക്കസിലേക്ക് വർഷംതോറും വരുന്നു. ആ മുടികൾ കൊടുത്ത സാക്ഷാൽ ജാലിയവാല തന്നെ കാന്തപുരത്തിന്റെ സ്ഥാപനത്തിന് തൊട്ടടുത്ത് വന്നിട്ടുപോലും ഇവരാരും തിരിഞ്ഞുനോക്കിയില്ല. എന്തൊരു വിരോധാഭാസം.

ഇതുകൊണ്ടും കഴിയുന്നില്ല, കഴിഞ്ഞവർഷമാണ് ജാലിയവാല മരണപ്പെടുന്നത്. അദ്ദേഹം മരണപ്പെടുന്ന സമയത്ത് പോലും കാന്തപുരം ഒരു പരിപാടിയുടെ ഭാഗമായി ബോംബെയിൽ ഉണ്ടായിരുന്നു. എന്നിട്ടുപോലും മരണപ്പെട്ട ഈ ജാലിയവാലയെ സന്ദർശിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. കേവലം ഒരു സാധാരണ പ്രവർത്തകൻ മരണപ്പെട്ടാൽ പോലും ഇവരുടെ പത്രമായ സിറാജിൽ അദ്ദേഹത്തിനുവേണ്ടി നേതാക്കളുടെ പ്രാർത്ഥന ആഹ്വാനവും മറ്റും ഉണ്ടാവാറുണ്ട്. എന്നാൽ ജാലിയവാലയുടെ വിഷയത്തിലും അദ്ദേഹം മരണപ്പെട്ടതിന് ശേഷം ഉള്ള ദിവസങ്ങളിൽ ഒരു പ്രാർത്ഥനാ ആഹ്വാനം പോലും കാന്തപുരം വിഭാഗം നടത്തിയില്ല.

ഈ വിഷയം ഞങ്ങൾ സോഷ്യൽമീഡിയയിൽ ഒന്ന് നന്നായി അലക്കിയപ്പോൾ ഏകദേശം ഒരാഴ്ച ആയ സമയത്താണ് സിറാജ് പത്രത്തിൽ ഒരു പെട്ടിക്കോളം ന്യൂസിൽ അദ്ദേഹം മരണപ്പെട്ട വിവരവും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന നടത്തണമെന്ന് ആഹ്വാനവും വരുന്നത്. ഷാർജ ഷെയ്ക്കും മന്ത്രിമാരും വരുമ്പോൾ ഓടിപ്പോകുന്ന കാന്തപുരം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപിടിപ്പുള്ള എന്ന് വിശ്വസിക്കുന്ന തിരുകേശം കാന്തപുരത്തിന്റെ വാദപ്രകാരം ലഭിച്ച ഒരു വ്യക്തിയെ എങ്ങനെ പരിചരിച്ചു എന്നതാണ് നാം മുകൾ വരികളിലൂടെ വായിച്ചറിഞ്ഞത്. ഇവർക്കാർക്കും അതിന്റെ ഉള്ളിനുള്ളിൽ വിശ്വാസം ഇല്ല എന്നതാണ് പരമാർത്ഥം. എന്നിട്ട് പാവപ്പെട്ട ജനങ്ങളെ ആത്മീയമായും സാമ്പത്തികമായും ചൂഷണം ചെയ്യൽ തുടരുകയും ചെയ്യുന്നു.