തിരുവനന്തപുരം: ചിലരെ കുറച്ചുകാലത്തേക്ക് പറ്റിക്കാം.എന്നാൽ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവിലല്ലോ. കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കൈയിലുള്ള തിരുകേശത്തെചൊല്ലിയുള്ള വിവാദവും ഇങ്ങനെ തന്നെയാണ്. ആത്മീയ ചൂഷണങ്ങളെ എക്കാലവും എതിർക്കുന്ന മാധ്യമ ധർമ്മംവെച്ച് മറുനാടൻ മലയാളി ഈ വാർത്ത കൊടുത്തപ്പോഴൊക്കെ, കാന്തപുരത്തിന്റെ അനുയായികൾ കൂട്ടത്തോടെ ഓഫീസിലേക്ക് ഫോൺചെയ്ത് തെറിപറഞ്ഞും, ഫേസ്്ബുക്കിലൂടെയും മറ്റും സൈബർ ലിഞ്ചിങ്ങ് നടത്തുകയും ഞങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുകേശത്തിന്റെ മുഴവൻ ഉള്ളുകള്ളികളും മനസ്സിലാക്കാനും ഈ തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമം തുടങ്ങിയത്. അതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ് ഈ പരമ്പര.

മാതാ അമൃതാനന്ദമയിയുടെ അടക്കമുള്ള ആധ്യാത്മിക ചൂഷണങ്ങളുടെ വ്യാപ്തി പുറംലോകമറിഞ്ഞത് അവരുടെ സന്തത സഹചാരിയായ ഗെയിൽ ട്രെഡ്‌വെൽ എഴുതിയ വിശുദ്ധനരകം എന്ന പുസ്തകത്തിലൂടെയാണ്. അതിന്റെ വിവാദങ്ങൾ ഇപ്പോഴും പൂർണ്ണമായും അവസാനിച്ചിട്ടില്ല. അതായത് കൂടെ നിന്നവർക്ക് മാത്രമേ അകത്തെ ഭീകരത അറിയാൻ കഴിയൂ. ലോകത്തെ ഞെട്ടിപ്പിച്ച പല വെളിപ്പെടുത്തലും ഉണ്ടായത് ഇങ്ങനെയാണ്. പതിനഞ്ചുവർഷമായി കാന്തപുരത്തിന്റെ സന്തതസഹചാരിയായിരുന്നു ജിഷാൻ മാഹി. തിരുകേശം തട്ടിപ്പാണെന്ന് തന്റെ അന്വേഷണങ്ങളിൽനിന്ന് മനസ്സിലായതോടെ ഇദ്ദേഹവുമായുള്ള ബന്ധം വിഛേദിച്ചിരിക്കയാണ് ജിഷാൻ. ഇതുപോലുള്ള ആധ്യാത്മിക ചൂഷണങ്ങൾ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സമൂഹത്തെ പിറകോട്ടടിപ്പിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്നവരെ തുറന്നുകാട്ടുകയുമാണ് തന്റെ ലക്ഷ്യമെന്നും ജിഷാൻ തുറന്നടിക്കുന്നു.

കാന്തപുരവും തിരുകേശത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ഒരു അനുഭവക്കുറിപ്പ്

കേരളത്തിലെ ഒരു കോടിയിൽ താഴെ വരുന്ന മുസ്ലിങ്ങളിൽ 90 ശതമാനവും സുന്നികളാണ്. ഇതിൽ അറിയപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സമസ്ത ഇ കെ വിഭാഗവും, കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എപി വിഭാഗവും. 1989ൽ സമസ്തയിൽ രൂപംകൊണ്ട തർക്കങ്ങൾക്ക് ശേഷം രൂപീകൃതമാവുകയും, പിന്നീടങ്ങോട്ട് നീണ്ട വർഷങ്ങൾ സംഘടനാപരമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായതാണ് എപി -ഇകെ ചരിത്രം .പക്ഷേ ഈ തർക്കങ്ങളുടെ ഒക്കെ പാരമ്യത്തിൽ എത്തിച്ചത് 2005- 2006 കാലഘട്ടങ്ങളിൽ കാന്തപുരം പ്രവാചകൻ മുഹമ്മദ് നബിയുടെതാണെന്ന് പറഞ്ഞുകൊണ്ട് വന്ന (അദ്ദേഹത്തിന്റെ വാദപ്രകാരം) തിരുകേശങ്ങൾ കൊണ്ടാണ്.

തിരുകേശം ആണെന്നും, അല്ല എന്നുമുള്ള വാദങ്ങളും ,ചർച്ചകളും സംവാദങ്ങളും നീണ്ട വർഷങ്ങൾ തന്നെ കടന്നുപോയി. ഈ ചർച്ചകൾ ഏറ്റവും കൊടുമ്പിരികൊണ്ട സമയത്തായിരുന്നു അബൂദാബിക്കാരൻ അഹമ്മദ് ഖസ്റജി മറ്റൊരു കേശം കൂടി കാന്തപുരത്തിന് കൈമാറുന്ന ഘട്ടം. അതിന്റെ പേരിൽ ഒരു 40 കോടിയുടെ പള്ളി പ്രഖ്യാപനവും, കോടികളുടെ പിരിവും പിന്നീട് അത് കോടതി വരെ കാര്യങ്ങൾ കയറി .ഇതിനെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് സമസ്ത ഇ കെ വിഭാഗവും രംഗത്തുവന്നു. 2015 വരെ ഈ തർക്കങ്ങൾ സ്റ്റേജുകളിലും, പേജുകളിലും, സോഷ്യൽമീഡിയയിലും ഇരുവിഭാഗം സുന്നികളും നിലനിർത്തിപ്പോന്നു.

പിന്നീടങ്ങോട്ട് ഒരു ചെറിയ കാലയളവ് ഒരൽപ്പം ശാന്തത കണ്ടുവെങ്കിലും 2018 ഇരു സുന്നി വിഭാഗങ്ങളും പരസ്പരം ഐക്യപ്പെടുന്നതിന്റെ ഭാഗമായി ഐക്യ ചർച്ചകൾ തകൃതിയായി നടക്കുന്നതിനിടെയാണ് മലപ്പുറത്ത് 'കുണ്ടൂർ ഉറൂസ് 'എന്ന പരിപാടിയിൽ വെച്ച് മറ്റൊരു വെളിപ്പെടുത്തൽ കൂടി കാന്തപുരം മുസ്ലിയാർ നടത്തിയത്. അദ്ദേഹത്തിന് മറ്റൊരു തിരുകേശം മദീനയിൽ നിന്ന് വീണ്ടും ലഭിച്ചു എന്നായിരുന്നു അത്. ഇതോടുകൂടി ശാന്തതയിൽ ആയിരുന്ന സമസ്ത ഇ കെ വിഭാഗം നേതാക്കൾ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. തിരുകേശത്തിന് എതിരായ പ്രതിഷേധം ആയിരുന്നില്ല, മറിച്ച് മുമ്പ് കേരളക്കരയിൽ പ്രഖ്യാപനം നടത്തപ്പെട്ട കേശങ്ങൾ പോലും സ്ഥിരപ്പെടുത്താൻ കഴിയാതെ വീണ്ടും മറ്റൊരു കേശവുമായി വന്ന കാന്തപുരത്തിന്റെ അവ്യക്തതയിൽ പ്രതിഷേധിച്ചു കൊണ്ട് തന്നെ.

കുട്ടിക്കാലം മുതൽക്കുതന്നെ കാന്തപുരം വിഭാഗത്തിന് കൂടെനിന്ന് അവരുടെ നേതാക്കന്മാരുമായി വളരെ നല്ല ബന്ധം അടുത്ത സൂക്ഷിച്ച ഒരു വ്യക്തി എന്ന നിലക്ക് തന്നെ, 2010 കാലഘട്ടം മുതൽക്ക് ഈ കേശവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ അന്വേഷണം ഞാൻ നടത്തുകയുണ്ടായി. അതിനുവേണ്ടി ബോംബെയിൽ വരെ പോയി കാന്തപുരത്തിന് ആദ്യ മുടികൾ സമ്മാനിച്ച ഇഖ്ബാൽ മുഹമ്മദ് ജാലിയവാലയെ വരെ രണ്ടു തവണകളായി നേരിട്ടുകണ്ടു. അദ്ദേഹത്തിന് സാമ്പത്തികമായ ചിലതുകൊടുത്തും സന്തോഷങ്ങൾ വാഗ്ദാനം ചെയ്തതുകൊണ്ട് തന്നെ കാന്തപുരത്തിന് മുടികൾ ലഭിച്ച അതേ വ്യക്തിയിൽനിന്ന് തന്നെ 18 മുടികൾ സ്വന്തമാക്കാൻ ഈ ലേഖകനും കഴിഞ്ഞു.

കേരളത്തിലെ പൊതുസമൂഹത്തെയും വിശിഷ്യ മുസ്ലിങ്ങളെയും ഒരുപോലെ കബളിപ്പിച്ചുകൊണ്ട് മുമ്പോട്ട് നീങ്ങുന്ന കാന്തപുരം അടക്കമുള്ള നേതാക്കൾ ഈ വിഷയത്തിൽ നടത്തിയ കൃത്രിമത്വവും വഞ്ചനയും പൊതുസമൂഹത്തിനു മുമ്പിൽ കൊണ്ടുവരാൻ ലഭിച്ച ഒരവസരം എന്നുള്ള നിലക്ക് മുമ്പ് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഈ വിഷയങ്ങളെ സംബന്ധിച്ച് സ്റ്റേജുകളിലും ,ഫേസ്‌ബുക്ക് പേജുകളിലും ചില വെളിപ്പെടുത്തലുകൾ ഞാൻ നടത്തിയിരുന്നു. ഇന്ന് കേരളീയ പൊതുസമൂഹം മണ്ഡലത്തിൽ തിരുകേശത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകൾ തുറന്ന് പങ്കുവെക്കാൻ 'മറുനാടൻ മലയാളി' സന്ധമായപ്പോൾ ഇനിയൊട്ടും വൈകിക്കൂടാ എന്ന് വ്യക്തമായ ബോധ്യം വ്യക്തിപരമായി എനിക്കും വന്നു. അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് വ്യക്തമായി ഈ വിഷയത്തിൽ നടന്ന വഞ്ചന, ചൂഷണം എന്നിവ പൊതുസമൂഹത്തിനു മുമ്പിൽ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു.

എന്താണ് തിരുകേശം?

എന്താണ് തിരുകേശം? ഇസ്ലാമിലെ അവസാന പ്രവാചകരായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുമായി ബന്ധപ്പെട്ട എന്തും മുസ്ലിങ്ങൾക്ക് മഹത്വമേറിയതാണ് .നബിയുടെ വിയർപ്പ്, ഉമിനീർ ,അംഗസ്നാനം ചെയ്യുമ്പോൾ ഉറ്റി വീഴുന്ന ജലത്തുള്ളികൾ ഇതൊക്കെ തന്നെ വളരെ പ്രാധാന്യത്തോടെ ശേഖരിക്കുകയും സൂക്ഷിച്ചുവെക്കുകയും ഒക്കെ ചെയ്ത ചരിത്രങ്ങൾ മുഹമ്മദ് നബിയുടെ പ്രിയപ്പെട്ട അനുചരന്മാരായ സ്വഹാബത്തിൽ നിന്ന് വ്യക്തമായി സ്ഥിരപ്പെട്ടു വന്നതാണ് ( ബുഹാരി ,മുസ്ലിം ).അതിൽ മുസ്ലിംകൾക്ക് ആർക്കും ഒരു തർക്കവുമില്ല ഹജ്ജത്തുൽ വദാഇൽ അബൂത്വൽഹ എന്ന സ്വഹാബിയെ വിളിച്ചുകൊണ്ട് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഹജ്ജിന്റ വേളയിൽ നീക്കം ചെയ്ത നബിയുടെ പുണ്യ കേശങ്ങൾ ആ സഹാബിയെ വിളിച്ചുകൊണ്ട് അദ്ദേഹത്തിന് കൊടുക്കുകയും അത് മറ്റ് അനുചരന്മാർക്ക് വീതിച്ചു കൊടുക്കാൻ നബി (സ ) കൽപിക്കുകയും ചെയ്തു് .ഇത് വ്യക്തമായി ഹദീസിൽ സ്ഥിരപ്പെട്ടതാണ്.

അതുകൊണ്ടുതന്നെ ജീവിതകാലത്തും, പ്രവാചകരുടെ കാലശേഷവും അത് കൈവശം വെച്ചിരുന്ന മുഹമ്മദ് നബിയുടെ അനുചരന്മാർ ചിലർ ഉദാഹരണത്തിന് സ്വഹാബിയായ മുആവിയ (റ) അവരെ പോലുള്ളവർ അവരുടെ വഫാത്ത് ത്തോടു (മരണത്തോട്) കൂടി അത് ശരീരത്തോട് ചേർത്തു വച്ചു ഖബറടക്കം ചെയ്യാൻ വേണ്ടി ബന്ധുക്കളോട് വസ്വിയ്യത്ത് ചെയ്തിരുന്നു. ലോക പ്രശസ്ത ചരിത്രപണ്ഡിതനായ ഹാഫിള് ഇബ്നു കസീർ അദ്ദേഹത്തിന്റെ 'അൽ ബിദായത്തു വന്നിഹായ' ഇത് രേഖപ്പെടുത്തിയതായി കാണാം. മറ്റ് സഹാബികൾ അത് അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ കാലങ്ങൾ കഴിയുന്തോറും തിരുകേശത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടേ ഇരുന്നു ഒരു വിശ്വാസി ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഒന്നായി കരുതുന്ന പ്രവാചകകേശം ഒന്നുകിൽ തന്റെ മരണശേഷം സ്വന്തം ശരീരത്തോട് ചേർത്ത് കബറടക്കാൻ ഇഷ്ടപ്പെട്ടു, അല്ലെങ്കിൽ അത് അവരുടെ അടുത്ത തലമുറക്ക് കൈമാറ്റം ചെയ്തു .അതുകൊണ്ടുതന്നെ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ചില മുസ്ലിം പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ തിരുകേശത്തെ പറ്റിയുള്ള ചർച്ചകളിൽ ആ കാലഘട്ടത്തിൽ 20 തിരുകേശങ്ങൾ വരെ ഇന്ത്യയിൽ ഉള്ളതായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.

തിരുകേശ ചർച്ചയിൽ കാന്തപുരത്തിന്റെ രംഗപ്രവേശം

2005 ,2006 കാലഘട്ടത്തിലാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് തിരുകേശം എന്നപേരിൽ 3 മുടികൾ ലഭിക്കുന്നത്. ഈ കേശങ്ങൾ ലഭിച്ച ആദ്യകാലഘട്ടങ്ങളിൽ വലിയ കൊട്ടിഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇതിന്റെ സ്രോതസ്സിനെ സംബന്ധിച്ചു സമസ്ത ഇ കെ വിഭാഗം നേതാവായിരുന്ന അമ്പലക്കടവ് ഹമീദ് ഫൈസി നേരിട്ട് കാന്തപുരത്തോട് ഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ ഇതിനു തെളിവുണ്ടെന്നും അത് ഫോണിലൂടെ പറയാൻ പറ്റില്ല എന്നും നേരിട്ട് അവിടെ വരണമെന്നും പറഞ്ഞു ഒഴിഞ്ഞുമാറി. പിന്നീട് മറുഭാഗം സുന്നികൾ ഇത് ഒരു ചർച്ചയാക്കി മാറ്റിയപ്പോൾ കാന്തപുരം ആ കാലഘട്ടത്തിൽ പ്രസംഗിച്ചിരുന്നത് 'ഡൽഹിയിൽ നിലകൊള്ളുന്ന ഖുതുബുദ്ധീൻ ഫിർദൗസി വഴിക്ക് മർഹരാ ശരീഫിലെ ബറക്കാത്തി സാദാത്തീങ്ങളിലൂടെ എനിക്ക് ലഭിച്ച തിരുകേശങ്ങൾ' എന്നാണ് പ്രൗഢമായ പേരുകൾ കേട്ടതുകൊണ്ട് തന്നെ സംഘടനക്ക് അകത്തും, പുറത്തുമുള്ള പലരും ഇതൊക്കെ യാഥാർത്ഥ്യങ്ങൾ ആണെന്ന് ധരിച്ചു. പക്ഷേ അന്നും അതിന് വ്യക്തമായ ഉറവിടം തുറന്നു പറയാൻ അദ്ദേഹം തയ്യാറായില്ല.

അങ്ങനെ ആദ്യവട്ടം ലഭിച്ച മൂന്ന് മുടികൾ അദ്ദേഹം കൈവശം വെച്ചിരിക്കെ ആ കാലഘട്ടത്തിൽ യുഎഇയിൽ നിന്ന് വന്ന സമ്പന്നനായ ഒരു അറബി കാന്തപുരത്തിന്റെ കൈകളിലുള്ളത് യദാർഥ തിരുകേശമാണെന്നു വിശ്വസിച്ചുകൊണ്ട് അതിലൊരു കേശം എനിക്ക് വേണം എന്ന് ആവശ്യപ്പെടുന്നു. അതു തട്ടിമാറ്റാൻ കാന്തപുരത്തിനും കഴിഞ്ഞില്ല. കാരണം സാമ്പത്തികമായി കാന്തപുരത്തിന്റെ സ്ഥാപനത്തിന് പലപ്പോഴും താങ്ങും ,തണലുമാണ് ഈ അറബി പ്രമുഖൻ. അങ്ങനെ ഒരു മുടി കാരന്തൂർ മർക്കസിൽ നിന്നും ഗൾഫിലേക്ക് പറന്നു. ഈ മുടി കൊണ്ടുപോയ അറബി പിന്നീട് ഈ മുടിയുടെ കൈമാറ്റ പരമ്പര കാന്തപുരത്തോട് ആവശ്യപ്പെട്ട സമയത്താണ് ആദ്യ ക്ലൈമാക്സ് ഉണ്ടാകുന്നത്. സ്വന്തം ശിഷ്യന്മാരോട് അറബിയുടെ ആവശ്യം ബോധ്യപ്പെടുത്തുകയും അതിനനുസരിച്ച് ഒരു കൃത്രിമ രേഖ നിർമ്മിക്കാൻ കാന്തപുരം ചുമതലപ്പെടുത്തുകയും ചെയ്തു. 

ജിഷാൻ മാഹി സംസാരിക്കുന്നു.

 

വ്യാജമായ കേശത്തിന് വേണ്ടി വ്യാജ സനദ്

ഈ കാര്യങ്ങൾ മർക്കസിലെ മുൻ അദ്ധ്യാപകനും കാന്തപുരത്തിന്റെ പ്രിയ ശിഷ്യനുമായിരുന്ന മലയമ്മ മുഹമ്മദ് സഖാഫി പത്രസമ്മേളനം നടത്തി തന്നെ വെളിപ്പെടുത്തിയിരുന്നു. അതിനുപുറമേ സ്വാലിഹ് സഖാഫി (കാന്തപുരത്തിന്റെ മറ്റൊരു ശിഷ്യൻ) ആ കാലഘട്ടത്തിൽ അദ്ദേഹം ഞാനുമായി സംസാരിക്കുന്ന സമയം ന്യൂസിലൻഡിൽ ആയിരുന്നു. അദ്ദേഹവും ഈ കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. അങ്ങനെയാണ് ആദ്യമായി വ്യാജമായ ഒരു കേശത്തിന് വേണ്ടി വ്യാജ സനദ് നിർമ്മിക്കപ്പെടുന്നത്.

വർഷം തോറും ഈ ഈ കേശങ്ങൾ മുക്കിയ വെള്ളം വിതരണം ചെയ്തുകൊണ്ട് കാന്തപുരം മുമ്പോട്ടുപോയി. അങ്ങനെയാണ് ആദ്യ മുടികൾ കിട്ടി നാലു വർഷങ്ങൾക്കു ശേഷം മർകസ് സമ്മേളനത്തിൽ വെച്ച് അബുദാബികാരനായ ഷെയ്ക്ക് അഹമ്മദ് ഖസ്റജി വലിയ കൊട്ടി ഘോഷങ്ങൾ നടത്തിക്കൊണ്ട് ലക്ഷങ്ങളെ സാക്ഷി നിർത്തി മറ്റൊരു പ്രവാചക തിരുകേശം എന്ന പേരിൽ കാന്തപുരത്തിന് മറ്റൊരു മുടി കൈമാറുന്നത് . യുഎഇയിലെ മുന്മന്ത്രിയുടെ മകനായതുകൊണ്ട് തന്നെ അതിന് വലിയ പ്രചാരം കിട്ടി. മറു വിഭാഗം സുന്നികൾ പോലും കണ്ണ് മിഴിച്ചു പോയ സമയം ആയിരുന്നു യഥാർത്ഥത്തിൽ അത് കാരണം അത് കിട്ടിയ സദസ്സ് ആണെങ്കിൽ ലോകത്തിലെ വിവിധരാജ്യങ്ങളിലെ പണ്ഡിതന്മാർ അണിനിരക്കുന്ന ഒരു വലിയ സദസ്സും.

ആ സദസ്സിൽ വെച്ച് തന്നെ അഹമ്മദ് ഖസ്റജിയുടെ കൂടെവന്ന തിരുകേശത്തിന്റെ കൈമാറ്റ പരമ്പര എന്നപേരിൽ ഒരു സനദ് കൂടി വായിച്ചു രംഗം നന്നായി കൊഴുപ്പിച്ചു .അതുവരെ ധരിച്ചിരുന്നത് അഹമ്മദ് ഖസ്റജി സൂക്ഷിച്ച അദ്ദേഹത്തിന്റെ കൈവശമുള്ള തിരുകേശം അദ്ദേഹം കാന്തപുരത്തിന് കൈമാറി എന്നായിരുന്നുവെങ്കിൽ സാക്ഷാൽ അഹമ്മദിന്റെ വീട്ടിൽ വർഷത്തിൽ രണ്ടുതവണ അദ്ദേഹം നടത്തുന്ന കേശ പ്രദർശനം ആ പരിപാടിയിൽ കേരളത്തിലെ മലയാളി സമൂഹം സംബന്ധിച്ചതോടെയാണ് മറ്റൊരു ക്ലൈമാക്സിലേക്ക് കാര്യങ്ങൾ കടക്കുന്നത്. പോയവർ പോയവർ ഞെട്ടി.കാരണം അവിടെ കെട്ടു കണക്കിന് മുടികൾ ആണ്. പ്രവാചകരുടെ പേരിൽ കണ്ണാടി കൂട്ടിൽ തൂക്കിയിട്ട് നീളം കൂടിയ മുടികൾ സൂക്ഷിക്കപ്പെട്ടിരിക്കയാണ്!.

( തുടരും).