ഹരിദ്വാർ: ഹരിദ്വാറിനെ മഹാമാരിയുടെ ഹോട്ട്‌സ്‌പോട്ട് ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഈ വർഷത്തെ കാൻവാർയാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാമത്തെ തവണയാണ് കാൻവാർ യാത്ര റദ്ദാക്കുന്നത്. മുന്മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തും ഹരിദ്വാർ അടക്കമുള്ള പുണ്യ സ്ഥലങ്ങളിൽ നിന്ന് ഗംഗാ ജലം ശേഖരിക്കാനായുള്ള വിശ്വാസികളുടെ യാത്രയായ കാൻവാർ യാത്ര റദ്ദ് ചെയ്തിരുന്നു.

പുതിയ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും ഈ തീരുമാനം തന്നെയാണ് സ്വീകരിച്ചത്. കോവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ഡെൽറ്റ പ്ലസ് വകഭേദമടക്കമുള്ളവ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദ്വാറിനെ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആക്കാൻ സാധിക്കില്ലെന്നും പുഷ്‌കർ സിങ് ധാമി ചൊവ്വാഴ്ച വ്യക്തമാക്കി. ആളുകളുടെ ജീവന് പ്രാധാന്യമുള്ളതാണ്. അത് അപകടത്തിലാക്കുന്ന തീരുമാനങ്ങൾ പറ്റില്ല. മഹമാരിക്കാലത്ത് ആളുകളുടെ ജീവൻ നഷ്ടമാകുന്നതിനോട് ദൈവത്തിനും ഇഷ്ടമാകില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിശദമാക്കി.

കാൻവാർ യാത്ര നടത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ ഒരുക്കങ്ങൾ ചെയ്യണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കാൻവാർ യാത്രാനുമതി സംബന്ധിച്ച് തീരുമാനത്തിൽ വിവിധ തലങ്ങളിൽ നിന്ന് ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇത്തരം ആശങ്കയ്ക്ക് വിരാമമിട്ടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ തീരുമാനമെത്തുന്നത്. ഈ വർഷം നടന്ന കുംഭ മേളയിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിക്കപ്പെട്ടില്ലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. വ്യാജ കോവിഡ് പരിശോധനകൾ അടക്കമുള്ള സംഭവങ്ങള് കുംഭമേളയ്ക്കിടെ നടന്നിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യാപകമായ പിന്തുണയാണ് സംസ്ഥാനത്ത് നിന്ന് ഉയരുന്നത്.