ന്യൂഡൽഹി: കോൺഗ്രസിനെ സംസ്ഥാനത്ത് ശക്തിപ്പെടുത്തിയാൽ മാത്രമേ കേന്ദ്രം തിരിച്ചു പിടിക്കാൻ കഴിയൂ. ഇതിന് വേണ്ടത് ജനകീയരായ നേതാക്കളാണ്. സിപിഐ നേതാവ് കനയ്യ കുമാറിനെയും ഗുജറാത്തിലെ എംഎൽഎയും പ്രമുഖ ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് നീക്കം സജീവമാക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇവർ പാർട്ടിയിൽ എത്തിയാൽ ബീഹാറിലും ഗുജറാത്തിലും കോൺഗ്രസിന് പുതുജീവനാകും.

ഇതിനെല്ലാം പിന്നിൽ പ്രശാന്ത് കിഷോറാണ്. കനയ്യയെയും മേവാനിയെയും പാർട്ടിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് അനുകൂല നിലപാടാണ്. ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ വഴിയാണ് മേവാനിയുമായി കോൺഗ്രസ് ആശയവിനിമയം നടത്തുന്നത്. കനയ്യയുമായി കഴിഞ്ഞ ദിവസം രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലുമായി അടുത്ത ബന്ധമാണ് പ്രശാന്ത് കിഷോറിനുള്ളത്. ഇതാണ് കനയ്യ അടക്കമുള്ളവർക്ക് വേണ്ടി കോൺഗ്രസിനെ രംഗത്തിറക്കാൻ സ്വാധീനിക്കുന്നതും.

ബിഹാറിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കനയ്യ കുമാറിനെ കൊണ്ടുവരണമെന്നത് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പദ്ധതിയാണ്. ബിഹാറുകാരനാണ് പ്രശാന്ത് കിഷോറും. രാഹുൽ കനയ്യ കൂടിക്കാഴ്ചയിൽ മധ്യസ്ഥനായതും പ്രശാന്ത് കിഷോറാണ്. ഗുജറാത്തിൽ ഹാർദിക് പട്ടേലാണ് മുന്നിൽ നിൽക്കുന്നതെങ്കിലും തന്ത്രങ്ങൾക്ക് പിന്നിലെ ചാലക ശക്തി പ്രശാന്ത് കിഷോറാണ്. കുറച്ചു നാളായി രാഹുൽ ബ്രിഗേഡിലെ പ്രധാനിയാണ് പ്രശാന്ത് കിഷോർ. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രശാന്തും താമസിയാതെ എത്തുമെന്നും സൂചനയുണ്ട്.

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. പാർട്ടി പുനരുജ്ജീവനത്തിനായി കൂടുതൽ ജനകീയ നേതാക്കളെ കോൺ?ഗ്രസിലെത്തിക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കനയ്യ കുമാറിനെ കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന കനയ്യ സിപിഐ നേതൃത്വവുമായി അത്ര രസത്തിലല്ല.

അതേസമയം, കനയ്യ സിപിഐ വിടില്ലെന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. സിപിഐ നിർവാഹക സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കനയ്യ പാർട്ടിയുടെ കരുത്തുറ്റ നേതാവാണ്. മറ്റു രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്. സീതാറാം യച്ചൂരിയെ കനയ്യ കണ്ടാലും ഇതുപോലുള്ള പ്രചാരണങ്ങളുണ്ടാവുമോ? രാജ ചോദിച്ചു.

എന്നാൽ കനയ്യ കോൺഗ്രസിലെത്തുമെന്ന് തന്നെയാണ് രാഹുൽ ഗാന്ധിയോട് ചേർന്ന് നിൽക്കുന്നവർ നൽകുന്ന സൂചന. കനയ്യ കോൺഗ്രസിലെത്തിയാൽ ബിഹാറിൽ പാർട്ടിയുടെ നേതൃനിരയിൽ അദ്ദേഹത്തെ കൊണ്ടുവരും. ബിഹാർ പിസിസി പ്രസിഡന്റായി മുൻ കേന്ദ്രമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന മീരാ കുമാറിനെ നിയമിക്കുന്നതും പരിഗണനയിലുണ്ട്.

ഗുജറാത്തിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇക്കുറി ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുള്ള സാഹചര്യത്തിൽ ഗുജറാത്ത് പോര് കടുക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വഡ്ഗാം മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച മേവാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. രാജീവ് സതവിന്റെ മരണത്തെത്തുടർന്ന് ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. യുവനേതാവ് സച്ചിൻ പൈലറ്റിനെ ആ ചുമതലയേൽപിച്ചേക്കും.