യുഎഇയിൽ വീണ്ടും കണ്ണ്യാർകളിക്കാലം

പാലക്കാട് ജില്ലയുടെ പരമ്പരാഗത കലാരുപമായ കണ്ണ്യാർകളി ഷാർജയിൽ ഒരുങ്ങുന്നു. ഫ്യൂഷൻ ഇവന്റ് ഓർഗനൈസേര്‌സിന്റെ സംഘടനാ പങ്കാളിത്തത്തോടെ മേളം ദുബായാണ് കണ്ണ്യാർക്കളി മേള ഒരുക്കുന്നത്.

19നാണു ഷാർജ മർഹബ റിസോർട്ടിൽ കണ്ണ്യാർക്കളി മേള നടക്കുന്നത്. പരമ്പരാഗത തനിമയിൽ സജ്ജീകരിക്കുന്ന കളിപ്പന്തലിൽ രാവിലെ 9 നു കേളികൊട്ടോടെ മേള ആരംഭിക്കും.

പുതിയങ്കം മേതിൽ സതീശന്റെ ദേശ വന്ദന സ്തുതിക്കു ശേഷം പാലക്കാട് ജില്ലയിലെ ഇരുപതോളം ദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ പുറാട്ട് വേഷങ്ങൾ അവതരിപ്പിക്കും.

കുഴൽമന്ദം, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, വട്ടേക്കാട്, എലവഞ്ചേരി, നെമ്മാറ, ചിറ്റിലഞ്ചേരി, പുതിയങ്കം, കാട്ടുശ്ശേരി, വാനൂർ, അയിലൂർ, ചേരാമംഗലം, വടവന്നൂർ എന്നീ ദേശങ്ങളാണ് ഇത്തവണത്തെ മേളയിൽ വേഷങ്ങൾ അവതരിപ്പിക്കുന്നത്.

നാട്ടിൽ നിന്നുള്ള പ്രശസ്തരായ കളി ആശാന്മാരായ രഘുനാഥൻ നെന്മാറ, വാസുദേവൻ പല്ലശ്ശേന, ജയശങ്കർ പുതിയങ്കം, രവി പല്ലശ്ശേന, സുമന്ത്, രാമചന്ദ്രൻ നെമ്മാറ, ജയപ്രസാദ് നെമ്മാറ, മുരളീധരൻ കുഴൽമന്ദം എന്നിവരും നിരവധി കളിക്കാരും മേളയിൽ പങ്കെടുക്കും.

മേളയോടനുബന്ധിച്ചു 'ചിത്രകേളി' എന്ന പേരിൽ മേതിൽ കുമാറിന്റെ ഫോട്ടോ പ്രദർശനവും ചെണ്ടമേളവും അരങ്ങേറും. 'കളിക്കൊന്ന' എന്ന പേരിൽ ഒരു സ്മരണികയും പുറത്തിറക്കുന്നുണ്ട്. മേളയുടെ നടത്തിപ്പിനായി മഹേഷ് ചിറ്റിലഞ്ചേരി, പ്രദീപ് നെമ്മാറ എന്നിവർ ജനറൽ കൺ വീനർമാരയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട് .

വിവരങ്ങൾക്ക്: മേതിൽ സതീശ്- 056 6907957, വിവേക് കാങ്ങത്ത് +91 9742565583, ഇ-മെയിൽ: Kangath@gmail.com