- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ നേതാവ് അനസിനെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി ശരിവച്ചു; അനസിനെതിരെ നിലവിലുള്ളതുകൊലപാതകവും സ്ത്രീകളെ തട്ടിക്കൊണ്ടു പോകലും അടക്കം 11 കുറ്റകൃത്യങ്ങൾ
പെരുമ്പാവൂർ: ഗുണ്ടാ നേതാവ് അനസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ച നടപടി ഹൈക്കോടതി ശരിവച്ചു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെങ്ങോല വില്ലേജ് നെടുംതോട് കരയിൽ, പാലയ്ക്കൽ വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ അൻസീറിനെ(അനസ്സ് 36) എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണ്.
പെരുമ്പാവൂർ, കുറുപ്പംപടി, എടത്തല, ആലുവ ഈസ്റ്റ്, നോർത്ത് പറവൂർ, തിരുവനന്തപുരം ജില്ലയിലെ വലിയതുറ, കർണ്ണാടക സംസ്ഥാനത്തെ ഉപ്പിനങ്ങാടി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, ആയുധ നിയമ പ്രകാരമുള്ള കേസ്സ്, ദേഹോപദ്രവം, കഠിന ദേഹോപദ്രവം, ന്യായ വിരോധമായി സംഘം ചേരൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി 11 കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായിട്ടാണ് പൊലീസ് റിപ്പോർട്ട്.
കാപ്പ ഉത്തരവിനെതിരെ അനസ് കാപ്പ അഡൈ്വസറി ബോർഡിനെയും, കേരള സർക്കാരിനേയും സമീപിച്ചിരുന്നെങ്കിലും കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിശദമായ വാദം കേട്ട ശേഷം കാപ്പ ചുമത്തി ജയിലിൽ അടച്ച നടപടി ശരിവയ്ക്കുകയായിരുന്നു. ഇതോടെ ഈ മാർച്ച് മാസം വരെ അനസിന് ജയിലിൽ തന്നെ കഴിയേണ്ടിവരും.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മെയ് മുതൽ ജയിലിൽ കഴിഞ്ഞ് വരവെയാണ് ഗുണ്ട ആക്ട് പ്രകാരം നടപടി സ്വീകരിച്ചത്. മാർച്ച് മാസത്തിൽ ജയിൽ മോചിതനായി പുറത്തിറങ്ങുന്ന അനസ് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ ഒരു വർഷം വരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.