ക്വാലലംപൂർ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കബാലി മലേഷ്യയിൽ പ്രദർശിപ്പിക്കുക ചിത്രം മാറ്റങ്ങളോടെ. കുറ്റകൃത്യങ്ങൾ പാടില്ല എന്ന സന്ദേശത്തോടെയാകണം സിനിമ അവസാനിപ്പിക്കേണ്ടതെന്ന് നിർമ്മാതാക്കൾക്കു സെൻസർ ബോർഡ് നിർദ്ദേശം നൽകി. ഈ സാഹചര്യത്തിലാണ് മാറ്റം. ഇത് രജനി ആരാധകരെ നിരാശരാക്കുകയാണ്.

കബാലി അവസാനിക്കുന്നതു കഥ സംബന്ധിച്ച് ആസ്വാദകർക്കു ചില വ്യാഖ്യാനങ്ങൾക്കു സൗകര്യം നൽകിയാണ്. എന്നാൽ, മലേഷ്യൻ ആസ്വാദകർ ചിത്രം കണ്ടിറങ്ങുമ്പോൾ അത് വേണ്ടെന്നാണ് നിർദ്ദേശം. ക്ലൈമാക്‌സിൽ നിന്ന് നല്ല സന്ദേശമേ പ്രേക്ഷകർക്ക് കിട്ടാവൂ. അതിന് അനുസരിച്ച മാറ്റമാണ് വരുത്തുന്നത്. എല്ലാം സുവ്യക്തമായിരിക്കണം. കൂടാതെ സിനിമയിലെ ചില ഭാഗങ്ങളിൽ കത്രിക വച്ചിട്ടുമുണ്ട്. വളരെ ചെറിയ മുറിക്കലാണു നടത്തിയിരിക്കുന്നതെന്നും അതു കഥയെ തെല്ലും ബാധിക്കില്ലെന്നും സെൻസർ ബോർഡ് വിശദീകരിക്കുന്നു.

മലേഷ്യയിലെ ഇന്ത്യൻ വംശജരെ അടിച്ചമർത്തപ്പെട്ട വിഭാഗമായി ചിത്രീകരിച്ചുവെന്ന് അവിടത്തെ പത്രങ്ങൾ വിമർശിച്ചിരുന്നു. അതെല്ലാം നീക്കി സുന്ദരമുഖത്തോടെയാകും ചിത്രം മലേഷ്യയിൽ സിനിമ എത്തുക.