- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കോലിയുടെ ആ വാക്കുകൾ കേട്ട് എനിക്ക് അദ്ഭുതം തോന്നി; കളിക്കളത്തിൽ ടീമിന്റെ ശരീരഭാഷ ഇങ്ങനെയാണെങ്കിൽ എന്തു ചെയ്യും; ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ് താരങ്ങൾ; പോരാടി തോറ്റാൽ മനസിലാക്കാം'; കോലിയുടെ 'ഭീരുത്വ' പ്രസ്താവനയെ വിമർശിച്ച് കപിൽ ദേവ്
ന്യൂഡൽഹി: ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡിന് എതിരായ തോൽവിക്ക് ശേഷമുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രതികരണത്തെ നിശിതമായി വിമർശിച്ച് മുൻ നായകനായ ഇതിഹാസ താരം കപിൽ ദേവ്. വളരെ ദുർബലമായ പ്രതികരണമാണ് കോലി നടത്തിയത് എന്നാണ് കപിലിന്റെ നിരീക്ഷണം.
കിവീസിന് എതിരായ മത്സരത്തിൽ ഫീൽഡിംഗിന് ഇറങ്ങുമ്പോൾ 'ഭയം തോന്നിയെന്ന' വിരാട് കോലിയുടെ ഏറ്റുപറച്ചിലാണ് വിമർശന വിധേയമായത്. വിരാട് കോലിയേപ്പോലൊരു വലിയ താരത്തിന്റെ വായിൽനിന്നു വരേണ്ട വാക്കുകളാണോ ഇതെന്ന് കപിൽ ചോദിച്ചു. ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യ പുറത്താകലിന്റെ വക്കിലാണ്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ജയിച്ചാലും സെമി സാധ്യത വിദൂരമാണ്.
കോലിയുടെ വാക്കുകൾ
'ടീം ഇന്ത്യക്കായി കളിക്കുമ്പോൾ ഏറെ പ്രതീക്ഷകളുണ്ടാകും. ആരാധകരിൽ നിന്ന് മാത്രമല്ല, താരങ്ങളിൽ നിന്നും. അതിനാൽ തീർച്ചയായും നമ്മുടെ മത്സരങ്ങൾക്ക് സമ്മർദമുണ്ടാകും. എന്നാലത് വർഷങ്ങളായി മറികടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് ഉൾക്കൊള്ളണം. രണ്ട് മത്സരങ്ങളിൽ സമ്മർദം അതിജീവിക്കാനായില്ല. ഇനിയുമേറെ ക്രിക്കറ്റ് ഞങ്ങളിൽ ബാക്കിയുണ്ട്. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല' എന്നും കോലി കൂട്ടിച്ചേർത്തു.
കോലിയുടെ ഈ ഏറ്റുപറച്ചിലിനെ വിമർശിച്ചാണ് 1983 ൽ ഇന്ത്യയെ ആദ്യ ലോകകപ്പ് നേട്ടത്തിലെത്തിച്ച കപിൽ ദേവ് രംഗത്തെത്തിയത്. വിരാട് കോലിയേപ്പോലൊരു വലിയ താരത്തെ സംബന്ധിച്ച് വളരെ ദുർബലമായ പരാമർശമാണിത്. കളിക്കളത്തിൽ ടീമിന്റെ ശരീരഭാഷ ഇങ്ങനെയാണെങ്കിൽ എന്തു ചെയ്യും? ആ ടീമിന്റെ നായകന്റെ മനസ്സിലെ ചിന്തകൾ ഇതൊക്കെയാണെങ്കിൽ ടീമിനു പ്രചോചദനം നൽകാൻ കഴിയുമോ? കോലിയുടെ ആ വാക്കുകൾ കേട്ട് എനിക്ക് അദ്ഭുതം തോന്നി. കോലി അങ്ങനെയൊരു കളിക്കാരനല്ലെന്നും കപിൽ ദേവ് ചൂണ്ടിക്കാട്ടി.
കപിലിന്റെ വാക്കുകൾ
'കോലിയെ പോലൊരു വലിയ താരത്തിൽ നിന്ന് വളരെ ദുർബലമായ പ്രസ്താവനയാണിത്. ഇത്തരത്തിലാണ് ടീമിന്റെ ശരീരഭാഷയും നായകന്റെ ചിന്തയുമെങ്കിൽ തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാകും. കോലിയുടെ വാക്കുകൾ എനിക്ക് വിചിത്രമായി തോന്നി. കോലി അത്തരമൊരു താരമല്ല. അയാളൊരു പോരാളിയാണ്. ധൈര്യമില്ലായിരുന്നു എന്ന് ഒരു നായകൻ പറയാൻ പാടില്ല. നിങ്ങൾ രാജ്യത്തിന് വേണ്ടി അഭിനിവേശത്തോടെ കളിക്കുന്നയാളാണ്. അതിനാൽ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ചൂണ്ടിക്കാണിക്കപ്പെടും.
എനിക്ക് വാക്കുകളില്ല. ഏതുവരെ നമുക്ക് വിമർശിക്കാം. ഐപിഎൽ കളിച്ച അതിന് ശേഷം പരിശീലനം നടത്തിയ ടീം ഇത്തരം മോശം പ്രകടനങ്ങൾ നടത്തിയാൽ വിമർശനങ്ങളുണ്ടാകും. പ്രതീക്ഷിച്ച പ്രകടനമല്ല ടീമിൽ നിന്നുണ്ടായത്. പോരാടി തോറ്റാൽ മനസിലാക്കാം. എന്നാൽ സന്തോഷം നൽകുന്ന ഒരു വ്യക്തിഗത മികവ് പോലും ന്യൂസിലൻഡിനെതിരെ ഉണ്ടായില്ല' എന്നും കപിൽ കൂട്ടിച്ചേർത്തു.
ഇത്തവണ ലോകകപ്പിൽ ഏറ്റവും കിരീടസാധ്യതയുള്ള ടീമുകളിൽ ഒന്നായിരുന്നെങ്കിലും, ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പുറത്താകലിന്റെ വക്കിലാണ് ഇന്ത്യ. അതേക്കുറിച്ചും കപിൽ മനസ്സു തുറന്നു.
'എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. എത്രത്തോളം നമുക്കു വിമർശിക്കാൻ പറ്റും? ഐപിഎൽ പോലൊരു വേദിയിൽ കളിച്ചുതെളിഞ്ഞ് ലോകകപ്പിനെത്തിയവർ ഇങ്ങനെ കളിച്ചാൽ വിമർശനം സ്വാഭാവികമാണ്. ഒരു ടീം ജയിക്കുമ്പോൾ അവരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. അതുപോലെ ഈ ടീമിന്റെ തോൽവിയിൽ എത്ര വിമർശിച്ചാലും അധികമാകില്ല. കാരണം, പ്രതീക്ഷയോടു നീതി പുലർത്തുന്ന പ്രകടനമല്ല ഇന്ത്യൻ ടീമിന്റേത്. മത്സരത്തിൽ പോരാടി തോൽക്കുന്നത് മനസ്സിലാക്കാം. പക്ഷേ, ഈ മത്സരത്തിൽ നമുക്ക് കൊള്ളാമെന്നു തോന്നിയ ഒരു പ്രകടനം പോലും കണ്ടില്ല' കപിൽ പറഞ്ഞു.
ഇന്ത്യ നിർണായക മത്സരത്തിൽ എട്ട് വിക്കറ്റിന് ന്യൂസിലൻഡിനോട് തോൽക്കുകയായിരുന്നു. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരിൽ മിച്ചൽ- കെയ്ൻ വില്യംസൺ സഖ്യം മത്സരം തട്ടിയെടുക്കുകയായിരുന്നു. മിച്ചൽ 49 റൺസിലും ഗുപ്റ്റിൽ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാൽ വില്യംസണും(33*), ദേവോൺ കോൺവേയും(2*) ടീമിനെ ജയിപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പടയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 110 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തിൽ 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്കോറർ. നായകൻ വിരാട് കോലി ഒൻപത് റൺസിൽ പുറത്തായി. കിവികൾക്കായി ബോൾട്ട് മൂന്നും സോധി രണ്ടും മിൽനെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.
സ്പോർട്സ് ഡെസ്ക്