ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രുക്ഷമായ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സോണിയാഗാന്ധിയുടെ ശ്രമത്തിനിടെ വീണ്ടും വെടിപൊട്ടിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. ഒന്നര വർഷക്കാലം ഒരു നേതൃത്വമില്ലാതെ എങ്ങനെയാണ് ദേശീയ പാർട്ടിക്ക് പ്രവർത്തിക്കാനാകു എന്നാണ് ഇന്ത്യാ ടുഡേ ടീവിക്ക് വേണ്ടി പ്രശസ്ത മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറയുന്നത്. 'ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത് രാഷ്ട്രീയ സ്വേച്ഛാധിപതികളും സാമ്പത്തിക പ്രഭുക്കന്മാരുമാണ്, പോരാട്ടം അവർക്കെതിരെയാണ്. മുഴുവൻ പ്രതിപക്ഷവും നശിപ്പിക്കപ്പെടുന്നു, അതിനാലാണ് കോൺഗ്രസ് പാർട്ടി മുന്നോട്ടുള്ള വഴിയിൽ ഒരു സംഭാഷണമെങ്കിലും ആരംഭിക്കേണ്ടത്', കപിൽ സിബൽ ചൂണ്ടിക്കാട്ടി.

'ഒന്നരവർഷം മുൻപ് രാഹുൽ പറഞ്ഞു, അദ്ദേഹത്തിന് പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന്. ഗാന്ധി കുടുംബത്തിൽ നിന്നുള്ളയാളെ ആ സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷക്കാലം ഒരു നേതൃത്വമില്ലാതെ എങ്ങനെയാണ് ദേശീയ പാർട്ടിക്ക് പ്രവർത്തിക്കാനാകുക?അതിനെക്കുറിച്ചൊന്നും ഒരു കാര്യവും പിന്നീട് സംസാരിച്ചില്ല. ആരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. പാർട്ടി ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് വേണം.2017 ൽ രാഹുൽ പ്രസിഡണ്ട് സ്ഥാനത്തേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്.പാർട്ടിയിൽ കൂടുതൽ അംഗങ്ങളെ ചേർക്കാൻ കഴിയുന്നില്ലെങ്കിൽ, സംഘടനപരമായി ശക്തിയില്ലെങ്കിൽ, താഴെത്തട്ടിൽ നിന്ന് മുകളിൽ വരെ തെരഞ്ഞെടുപ്പ് നടത്താനാകുന്നില്ലെങ്കിൽ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല.'- കബിൽ സിബൽ വ്യക്തമാക്കി.

തോൽവികൾ അടിക്കടി ആവർത്തിക്കുന്ന കോൺഗ്രസിൽ രൂക്ഷമായ പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ സമവായ ശ്രമവുമായി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. വിമത നേതാക്കളായ നാല് പേരെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തിയാണ് സോണിയയുടെ പുതിയ നീക്കം.ദേശീയ സുരക്ഷ, വിദേശകാര്യം, സാമ്പത്തിക കാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാർട്ടിയുടെ പ്രത്യേക സമിതികളിലാണ് വിമത നേതാക്കളെ ഉൾപ്പെടുത്തിയിരിക്കുന്നത്.സാമ്പത്തിക സമിതിയിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ഉൾപ്പെടുത്തി. വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരുമാണുള്ളത്.
നേരത്തെ 23 നേതാക്കൾ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിൽ പി. ചിദംബരം ഉണ്ടായിരുന്നില്ല.ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം കപിൽ സബലിന്റെ അഭിപ്രായപ്രകടനങ്ങളെ പിന്തുണച്ചുകൊണ്ട് സമാന നിലപാട് പ്രകടിപ്പിച്ച് ചിദംബരം രംഗത്തെത്തിയിരുന്നു.ബീഹാറിലെ തിരിച്ചടിയും ഉപതെരഞ്ഞെടുപ്പിലെ തോൽവിയും കോൺഗ്രസിനെ ബദലായി ജനങ്ങൾ കാണുന്നില്ലെന്നതിന്റെ തെളിവാണെന്ന് കപിൽ സിബൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരസ്യ പ്രതികരണം എത്തിയത്.