ന്യൂഡൽഹി: എംപിയുടെ കാൽ കഴുകിയ വെള്ളം ബിജെപി പ്രവർത്തകൻ കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസ വർഷവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് കപിൽ സിബൽ. വെള്ളം കുടിച്ച സംഭവത്തെ ന്യായീകരിച്ച് ഗൊഡ്ഡ എംപിയായ നിഷികാന്ത് ദുബേ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ സിബൽ ട്വീറ്റ് ഇട്ടത്.

എംപിയുടെ കാലുകഴുകി വെള്ളം കുടിച്ചത് തന്നോടുള്ള പാർട്ടി പ്രവർത്തകന്റെ സ്‌നേഹമാണ് കാണിക്കുന്നതെന്നാണ് ദുബേ പറയുന്നത്. അങ്ങനെയെങ്കിൽ മോദിയുടെ കാലു കഴുകിയ ദുബേ വെള്ളം കുടിക്കുമോ? അങ്ങനെ ചെയ്യാതിരുന്നാൽ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലെന്നല്ലേ അർഥം?- കപിൽ സിബൽ ചോദിക്കുന്നു.

ഝാർഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബേ തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിജെപി പ്രവർത്തകനായ പവൻ ഷാ ദുബേയുടെ കാലു കഴുകി വെള്ളം കുടിച്ചത്. ഈ സമയം പവൻഭായ് സിന്ദാബാദ് എന്ന് അനുയായികൾ മുദ്രാവാക്യം മുഴക്കി.

സംഭവത്തെക്കുറിച്ച് നിഷികാന്ത് ദുബേ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിക്കുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തു. 'പാർട്ടിയിലെ പരിചയസമ്പന്നനായ പ്രവർത്തകൻ പവൻസിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാൽ കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി ആ വെള്ളം കുടിക്കും'. പവൻ അയാളുടെ വാഗ്ദാനം നിറവേറ്റിയെന്നും ദുബേ കുറിച്ചു.