- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിക്കു വേണ്ടി രാജസ്ഥാൻ ഹൈക്കോടതിയിൽ പോരാടി വിജയിച്ചു; ബിജെപി സർക്കാരിനെ താഴെയിറക്കാനായി മണിപ്പൂരിൽ പാർട്ടിക്കുവേണ്ടി നിലകൊള്ളുന്നു; 30 വർഷത്തിനിടെ ഒരിക്കൽപ്പോലും ബിജെപിക്ക് അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല; എന്നിട്ടും ഇപ്പോൾ ഞങ്ങൾ ബിജെപി അനുകൂലികളായി അല്ലേ? രാഹുൽ ഗാന്ധിക്കെതിരെ പൊട്ടിത്തെറിച്ച് കപിൽ സിബൽ; ബിജെപിയുമായി ചേർന്നാണ് കത്തയച്ചതെന്ന് തോന്നിയെങ്കിൽ രാജിവെക്കാൻ തയ്യാറെന്ന് ഗുലാം നബി ആസാദും; കോൺഗ്രസിനുള്ളിൽ ഉരുൽപൊട്ടൽ
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ തീർത്തും ദുർബ്ബലമായ കോൺഗ്രസിനുള്ളിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് ചേർന്ന് വർക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചതെന്ന രാഹുൽഗാന്ധിയുടെ പരാമർശമാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്. രാഹുലിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചു കൊണ്ട് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തെത്തി. ട്വിറ്ററിലൂടെയാണണ് സിബൽ തുറന്നടിച്ചത്. വൈകാരിക പ്രതികരണമാണ് സിബലിൽ നിന്നും ഉണ്ടായിരിക്കുന്നത്.
'ഞങ്ങൾ ബിജെപിയുമായി കൂടിയാലോചന നടത്തിയെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. പാർട്ടിക്കുവേണ്ടി രാജസ്ഥാൻ ഹൈക്കോടതിയിൽ പോരാടി വിജയിച്ചു. ബിജെപി സർക്കാരിനെ താഴെയിറക്കാനായി മണിപ്പൂരിൽ പാർട്ടിക്കുവേണ്ടി നിലകൊള്ളുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ഒരിക്കൽപ്പോലും ബിജെപിക്ക് അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നിട്ടും ഞങ്ങളിപ്പോൾ ബിജെപിയുമായി കൂടിയാലോചന നടത്തിയവരായി', കപിൽ സിബൽ ട്വീറ്റ് ചെയ്തു.
ബിജെപിയുമായി എനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാൽ ആ നിമിഷം രാജിവെച്ച് പുറത്ത് പോകുമെന്നാണ് ഗുലാം നബി ആസാദ് പ്രതികരിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.'ബിജെപിയുമായി എനിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്നോ ഞാൻ അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നോ ആർക്കെങ്കിലും തെളിയിക്കാനായാൽ ഞാൻ ആ നിമിഷം കോൺഗ്രസിൽനിന്നും രാജിവെച്ച് പുറത്ത് പോകും', ഗുലാം നബി ആസാദ് പറഞ്ഞതിങ്ങനെ.
ഇത്തരത്തിലൊരു കത്ത് ബിജെപിക്ക് സഹായകരമായെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, ബിജെപിയുടെ നിർദേശത്തോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്ന തോന്നൽ ആരിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടിയിൽ നിന്നും രാജിവെച്ച് പുറത്തുപോകുന്നതിൽ മടിയില്ല' എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്. കത്തയച്ച സമയത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെയായിരുന്നു ഗുലാം നബി ആസാദ് വൈകാരികമായി പ്രതികരിച്ചത്.
അമ്മയ്ക്ക് സുഖമില്ലാതായ അവസരത്തിൽ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച കത്തുകൾ അയച്ചതെന്തിനാണെന്നായിരുന്നു രാഹുൽ പ്രവർത്തക സമിതി യോഗത്തിൽ ചോദിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധികൾ നേരിടുന്ന അവസരമായിരുന്നു. ആ അവസരത്തിലാണ് അമ്മയ്ക്ക് സുഖമില്ലാതായത്. അപ്പോൾ തന്നെ ഈ കത്ത് അയക്കേണ്ട കാര്യമെന്തായിരുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി സോണിയ ഗാന്ധിയുടെ തീരുമാനം പുറത്തായതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഈ പ്രതികരണം.
ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള 23 നേതാക്കളാണ് കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്യ ഇതിന് പിന്നാലെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടത്. കത്തയച്ച സമയത്തെ ചോദ്യം ചെയ്ത രാഹുൽ, കത്ത് ബിജെപിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന ഗുരുതര വിമർശനവും ഉന്നയിച്ചിരുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ വിമത നീക്കങ്ങളിൽ പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോഴും സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ എന്തിനാണ് കത്ത് അയച്ചത്? ബിജെപിയുമായുള്ള രഹസ്യധാരണയിലൂടെയാണ് കത്ത് തയ്യാറാക്കിയത് എന്നായിരുന്നു കത്തിനെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ