- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനം; കപിൽ സിബലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്; വീടിന് നേരെ തക്കാളിയെറിഞ്ഞു; കാർ കേടാക്കി
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരായി മുതിർന്ന നേതാവ് കപിൽ സിബലിന്റെ വിമർശനത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. കബിൽ സിബലിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. 'വേഗം സുഖം പ്രാപിക്കുക' എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
വീടിന് നേരെ തക്കാളി എറിയുകയും അദ്ദേഹത്തിന്റെ കാറ് കേടാക്കുകയും ചെയ്തു. 'പാർട്ടി വിടുക', 'ബോധത്തിലേക്ക് തിരിച്ചു വരുക', 'രാഹുൽ ഗാന്ധി സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങളും കോൺഗ്രസ് പ്രതിഷേധത്തിൽ ഉയർന്നു.
പഞ്ചാബ് പ്രശ്നം കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഇന്ന് വാർത്താസമ്മേളനം നടത്തിയ കപിൽ സിബൽ ഉയർത്തിയത്. കോൺഗ്രസിന് ഇതുവരെ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ലെന്നും പാർട്ടിയിൽ ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപിൽ സിബൽ പറഞ്ഞിരുന്നു.
ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. എന്നിരുന്നാലും പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉന്നംവച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങളെന്നാണ് കരുതപ്പെടുന്നത്. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ 'ജി ഹുസൂർ-23' (ശരി അങ്ങുന്നേ) അല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ സമഗ്ര പരിഷ്‌കാരം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിർന്ന 23 നേതാക്കളുടെ കൂട്ടായ്മയാണ് ജി-23 അഥവാ ഗ്രൂപ്പ് 23. കഴിഞ്ഞ കൊല്ലമാണ് ജി 23 കത്തെഴുതിയത്.
പാർട്ടിയിലെ തുടർച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പ്രവർത്തക സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ജി 23-ൽ ഉൾപ്പെട്ട മറ്റൊരു നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം സോണിയാ ഗാന്ധിക്ക് കത്തുനൽകിയിരുന്നു.
ന്യൂസ് ഡെസ്ക്