ന്യൂഡൽഹി: രാജ്യത്ത് ബീഫ് നിരോധനത്തെ കോൺഗ്രസ് അതിശക്തമായി എതിർക്കുന്നതിന് പിന്നിലുള്ളത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബിലിന്റെ ബിസിനസ് സാമ്രാജ്യം പൊളിയുമെന്ന ആശങ്കയോ? വിദേശ രാജ്യങ്ങളിലേക്ക് വർഷം കോടികളുടെ മാംസം കയറ്റുമതി ചെയ്യുന്ന വൻ എക്‌സ്‌പോർട്ടിങ് കമ്പനിയുടെ ഉടമ കപിൽ സിബലിന്റെ രണ്ടാംഭാര്യ പ്രോമില സിബലും അളിയൻ അരുൺ ഖോസ്ലയും ആണെന്ന വിഷയം ദേശീയ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ് ഇപ്പോൾ.

ഇന്ത്യയിൽനിന്ന് വിദേശങ്ങളിലേക്ക്, പ്രത്യേകിച്ച് ഗൾഫ് മേഖലയിലേക്ക് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന ആർഷിയ എക്‌സ്‌പോർട്‌സിന്റെയും അരിഹന്ത് ഫാംഹൗസിന്റെയും ഉടമയാണ് പ്രൊമില സിബിൽ. 1987ൽ ആരംഭിച്ച അരിഹന്ത് ഫാംഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മൂന്ന് ആക്റ്റീവ് ഡയറക്ടർമാരിൽ പ്രധാനിയാണ് പ്രോമില സിബൽ. പ്രിയ മാർവ, അരുൺ ഖോസ്ല എന്നിവരാണ് മറ്റു രണ്ട് ഡയറക്ടർമാർ. അരുൺ ഖോസ്ലയുടെ നേതൃത്വത്തിൽ ഹാക്കൽ ഇലക്ട്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും നടക്കുന്നുണ്ട്.

1987ൽ ആരംഭിച്ച അരിഹന്ദ് ഫാംഹൗസ് അക്കാലം മുതലേ മാംസ കയറ്റുമതി രംഗത്ത് സജീവമായിരുന്നു. 20 ലക്ഷം രൂപ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനം ഇന്ന് കോടികളുടെ ബിസിനസ് നടത്തുന്ന സ്ഥാപനമാണ്. 1987 ഫെബ്രുവരി 23ന് ആരംഭിച്ച സ്ഥാപനം ഇപ്പോൾ മറ്റു ബിസിനസ് രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. അരിഹന്ത് എക്‌സ്പോർട്സ് എന്നായിരുന്നു കയറ്റുമതി സ്ഥാപനത്തിന്റെയും പേരെങ്കിലും മാംസം കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനത്തിന് ആ പേരിട്ടതിനെ ജെയിൻ സമൂഹം എതിർത്തതോടെ എക്‌സ്‌പോർട്ടിങ് സ്ഥാപനത്തിന്റെ പേര് ആർഷിയ എക്‌സ്പോർട്സ് എന്നാക്കി മാറ്റി. ഫാംഹൗസിന് പഴയ പേരും നിലനിർത്തി. അഹിംസയെന്ന അർത്ഥമുള്ള അരിഹന്ത് എന്ന നാമം ഉപയോഗിക്കുന്നതിനെതിരെയാണ് ജെയിൻ വിഭാഗക്കാർ ശബ്ദമുയർത്തിയത്.

പ്രധാന ഓഫീസ് പ്രവർത്തിക്കുന്നതും ഡൽഹിയിലാണ്. സ്ഥാപനത്തിന്റെ അറവുശാലയുടെ പ്രവർത്തനം യുപിയിലെ ഗസ്സിയാബാദിലും. ഇവയുൾപ്പെടെ നാല് കമ്പനികളുടെ ഡയറക്ടറാണ് പ്രൊമില ഇപ്പോഴെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ആദ്യഭാര്യ നിന സിബലിന്റെ നിര്യാണത്തിനുശേഷം 2005ൽ കപിൽ സിബൽ പ്രൊമിലയെ വിവാഹം കഴിച്ചതോടെ ഈ വലിയ ബിസിനസ് സാമ്രാജ്യം അദ്ദേഹത്തിന്റെ വരുതിയിലായി. ഇതോടെ അളിയന്റെയും ഭാര്യയുടെയും പേരിലുള്ള ബിസിനസ് വിപുലപ്പെടുകയും ചെയ്തു.
മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ രാജ്യത്ത് ബീഫ് നിരോധനത്തിനായി ശ്രമങ്ങൾ തുടങ്ങിയതോടെ കോൺഗ്രസ് അതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നിലെ ചേതോവികാരം കോൺഗ്രസിന്റെ മുൻനിരനേതാവിനൊപ്പം നിയമ വിദഗ്ധൻകൂടിയായ സിബലിനെ സംരക്ഷിക്കാനും കൂടെ നിർത്താനുമുള്ള തന്ത്രമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതിനിടെ ചാന്ദ്‌നി ചൗക്കിൽ നിന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കപിൽസിബൽ ഭാര്യയുടെ പേരിൽ കമ്പനിയുള്ള കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് മറച്ചുവച്ചതായും ആരോപണം ഉയരുന്നുണ്ട്. മാംസാഹാരം കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനിയുടെ ഉടമയാണ് ഭാര്യയെന്ന വിവരം പുറത്ത് പ്രചരിച്ചാൽ അത് തിരഞ്ഞെടുപ്പിൽ വലിയ ക്ഷീണമുണ്ടാകുമെന്നതിനാൽ ആയിരുന്നു ഈ നീക്കമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

ഇന്ത്യ വെജിറ്റേറിയൻ രാജ്യമാണെന്ന പ്രചരണം ബിജെപി പ്രയോഗിക്കുമ്പോൾ കോൺഗ്രസിന്റെ മുതിർന്ന നേതാവിന് ബീഫ് കച്ചവടമാണെന്ന പ്രചരണമുണ്ടാകുമെന്ന് പ്രശ്‌നമാകുമെന്ന കോൺഗ്രസ് ഭയപ്പെട്ടിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് ഉജ്വല ജയമുണ്ടാകുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ബീഫിന് നിരോധനമുണ്ടാകുയും ചിലയിടങ്ങളിൽ ഗോവധം നിരോധിക്കുകയും ചെയ്തു.

ഇതോടെ കപിൽസിബലിന്റെ കച്ചവടം പൂട്ടുമോയെന്ന ആശങ്കയുണ്ടായെന്നും ദേശീയ തലത്തിൽ നിരോധനം വന്നാൽ അത് കമ്പനിയുടെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നും മനസ്സിലാക്കിയാണ് കോൺഗ്രസ് ബീഫ് നിരോധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. യുപിഎ സർക്കാരിന്റെ കാലത്ത് മട്ടൺ സബ്‌സിഡി സർക്കാർ അനുവദിച്ചതും സിബിലിന്റെ കച്ചവടത്തെ സഹായിക്കാനായിരുന്നുവെന്ന വാദവും ഉയരുന്നുണ്ട്.

ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദുക്കളും ഗോവധത്തിന് എതിരാണെന്നതിനാൽ അതിനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസിലും നേരത്തേ എതിർപ്പുയർന്നിരുന്നു. ഇത്തരമൊരു വിഷയത്തിൽ എതിർപ്പു പ്രകടിപ്പിക്കുന്നത് ബിജെപി എതിർക്കുന്നതിന്റെ ഭാഗമായി ആണെങ്കിൽപോലും അത് കോൺഗ്രസിന് രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തുമെന്ന ആക്ഷേപം പാർട്ടിക്കകത്തു നിന്നുതന്നെ ഉണ്ടായി. എന്നിട്ടും കോൺഗ്രസ് ബീഫ് നിരോധനത്തിനും ഗോവധ നിരോധനത്തിനും എതിരെ ശക്തമായ നിലപാടെടുത്തത് സിബലിന്റെ താൽപര്യം സംരക്ഷിക്കാനായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ പ്രബലമാകുന്നത്.