തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. ബൈപ്പാസ് സർജറിക്കുശേഷം ആറു മാസമായി വിശ്രമത്തിലായിരുന്നു. നാടകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം കരകുളം കലാഗ്രാമത്തിനടുത്തുള്ള വസതിയായ 'അജന്തയിൽ' പൊതുദർശനത്തിനു വച്ചു.

ഏറ്റവും മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡും (2008), മികച്ച സീരിയൽ നടനുള്ള സംസ്ഥാന സർക്കാരിന്റെ സ്‌പെഷൽ ജൂറി പുരസ്‌കാരവും അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ആറു പതിറ്റാണ്ടിനിടയിൽ കെപിഎസിയുടേതുൾപ്പെടെ അൻപതോളം നാടകങ്ങളിൽ അഭിനയിച്ചു. 'അജന്ത'യുൾപ്പെടെ 118 നാടകങ്ങൾ സംവിധാനം ചെയ്തു. അഞ്ചു സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. കേരള സർക്കാരിന്റെ നാലു സംസ്ഥാന അവാർഡുകൾ (1997, 1998, 1999, 2000) ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാടിനടുത്തുള്ള കരകുളത്ത് നെല്ലിവിള വീട്ടിൽ നാരായണപിള്ളയുടേയും വിശാലാക്ഷി അമ്മയുടേയും മകനായി 1950 ഏപ്രിൽ 19 നാണ് ജനനം. നാലാം വയസിൽ നാട്ടിൻപുറത്തെ വായനശാലയിലെ നാടകത്തിൽ ബാലനടനായി തുടക്കം. പ്രഫ. ജി.ശങ്കരപിള്ളയുടെ നാടകകളരിയിൽ വിദ്യാർത്ഥിയായി 1968ൽ നാടകരംഗത്തു സജീവമായി. വയലാ വാസുദേവൻ പിള്ളയുടെ 'തീർത്ഥാടന'മാണ് ആദ്യ പ്രഫഷനൽ നാടകം.

1970 മുതൽ 1981 വരെ കെപിഎസിയിൽ പ്രവർത്തിച്ചു. യന്ത്രം സുദർശനം, ഭരതക്ഷേത്രം, മന്വന്തരം, എനിക്കു മരണമില്ല, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, ലയനം, കൈയും തലയും പുറത്തിടരുത് തുടങ്ങി കെപിഎസിയുടെ പത്തോളം നാടകങ്ങളിൽ അഭിനയിച്ചു. കാമ്പിശേരി, ഒ.മാധവൻ, കെ.എസ്.ജോർജ്, സുലോചന എന്നിവരോടൊപ്പം അഭിനയിച്ചു. 1985 ൽ കൊല്ലത്തുനിന്ന് 'അജന്ത' എന്ന നാടക പ്രസ്ഥാനത്തിനു രൂപം നൽകി. ഇരുപതോളം നാടകങ്ങൾ അജന്ത അവതരിപ്പിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡും (2008) നേടി. എൻപതിലേറെ സംസ്ഥാനതല പുരസ്‌കാരങ്ങൾക്കും അർഹനായി. ഭാര്യ: സൂസൻ ചന്ദ്രൻ. മക്കൾ: നിതീഷ് ചന്ദ്രൻ (മലയാള മനോരമ), നിതിൻ ചന്ദ്രൻ (മനോരമ ഓൺലൈൻ).