മസ്‌കറ്റ്: ഗൾഫിഫിലെ പ്രമുഖ മലയാളി വ്യവസായിയെ അഞ്ചുമാസമായി കാണാനില്ലെന്നു പരാതി. കുവൈറ്റ്, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങി പ്രമുഖ ഗൾഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും അറിയപ്പെടുന്ന മലയാളി വ്യവസായിയുമായ വ്യക്തിയെ കാണാനില്ലെന്നാണ് ഗൾഫിലെ സംഘടനകളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.

ഗൾഫിലാകമാനം 35 ലേറെ ശാഖകളുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജീവനക്കാരാരും അദ്ദേഹത്തെ കണ്ടിട്ടില്ല.

അടുത്ത ബന്ധുക്കളിൽ ചിലരാണ് സ്ഥാപനങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്നതെങ്കിലും അദ്ദേഹം എവിടെയെന്ന കാര്യത്തിൽ വ്യക്തമായ ഒരുത്തരം നൽകാൻ അവർ തയാറല്ലെന്ന് പറയുന്നു. ജീവനക്കാരോ സുഹൃത്തുക്കളോ അഞ്ചു മാസത്തിലധികമായി ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും പറയുന്നു.

നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. ഇദ്ദേഹം അപ്രത്യക്ഷനായതുമുതൽ ഇത്തരം പ്രവർത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്.

ഗൾഫിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗൽഭരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാനോ എവിടെയുണ്ടെന്നറിയാനോ മാസങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ സഹായം തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗൾഫിലെ സാമൂഹ്യ പ്രവർത്തകർ.

നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളാണ് ഈ വ്യവസായി. അതേസമയം ചില കുടുംബ പ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നതായും പറയപ്പെടുന്നു.