തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാൻഡ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതാണ് കാച്ചാണിക്കാരൻ അജിത്തിനെ പൊലീസ് പിടികൂടി. പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ - ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യവെ മന്ത്രിയാണ് ഭീഷണിക്കാര്യം പുറത്തു വിട്ടത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ അതിവേഗ നടപടി.

മോശം കാര്യങ്ങൾ ചെയ്യുന്നതു തടയാൻ തുടങ്ങിയതോടെ എതിർപ്പുകൾ ശക്തമാകുകയാണെന്നും ഒരു ഇടനിലക്കാരൻ ഓഫിസിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഭീഷണികൊണ്ടു പിന്തിരിയില്ല. മാന്യമായി പ്രവർത്തിക്കുന്നവരെ സർക്കാർ പിന്തുണയ്ക്കും. കയ്യിട്ട് വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ അത്തരത്തിൽ നേരിടുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഇതിന് ശേഷം പൊലീസിൽ പരാതിയും നൽകി.

തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസിൽ ലാൻഡ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്ന് വ്യക്തമായിരുന്നു. ഇടനിലക്കാരനായിനിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാൾക്കെതിരെ പരാതി നൽകിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിക്കുകയും ചെയ്തു.

തിരുവനന്തപുരം കോർപറേഷനിൽ നാല് സാമ്പത്തിക വർഷങ്ങൾക്കിടെ പട്ടിക ജാതി വിഭാഗക്കാർക്ക് അനുവദിച്ച വിവിധ സഹായ പദ്ധതികളിൽനിന്ന് 76.45 ലക്ഷം രൂപ ഉദ്യോഗസ്ഥ സംഘം തട്ടിച്ചതായാണ് പൊലീസിന്റെ പ്രാഥമിക കണക്ക്. പട്ടികജാതി വകുപ്പിലെ രണ്ട് സീനിയർ ക്ലർക്കുമാർ, എസ്.സി പ്രമോട്ടർമാർ, അറസ്റ്റിലായ രാഹുലിന്റെ ബന്ധുക്കൾ, സുഹൃത്തുകൾ എന്നിവരുൾപ്പെടെ രണ്ട് കേസുകളിലായി 11 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

16 പേരുടെ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും പൊലീസ് കണ്ടെത്തി. ലാപ്‌ടോപ്പും മൊബൈലും ഉപയോഗിച്ചാണ് തട്ടിപ്പിനുള്ള വ്യാജരേഖകൾ തയാറാക്കിയതെന്നും അവ ഡൽഹിയിൽ വിറ്റെന്നുമാണ് രാഹുലിന്റെ മൊഴി. ആഭ്യന്തര ഓഡിറ്റ് നടത്തി എത്ര പണം നഷ്ടമായെന്ന് അറിയിക്കാൻ പിന്നാക്ക ക്ഷേമ വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം അനുവദിക്കുന്നവരുടെ അക്കൗണ്ട് നമ്പറിനു പകരം മറ്റൊരു അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണം മാറ്റുകയായിരുന്നു. രണ്ട് പട്ടികജാതി വികസന ഓഫിസർമാരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് എസ്.സി പ്രമോട്ടർമാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന് അടക്കം പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവ് അല്ല, ആരായാലും തട്ടിപ്പിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് തിരിമറി ഒളിച്ചുവക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.