- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ ഒരുപാട് രസിപ്പിച്ചു ഈ ചിത്രം; ഒരു സൂപ്പർഹീറോ ചിത്രം എന്ന നിലയിൽ പതിവു വഴികളിൽ നിന്നുള്ള മാറിനടത്തവുമാണ്; അഭിനന്ദനങ്ങൾ; ഒരുപാട് സന്തോഷം'; മിന്നൽ മുരളിയെക്കുറിച്ച് ടൊവീനോയോട് കരൺ ജോഹർ
മുംബൈ: ലോകത്ത് ഏറ്റവും ആരാധകരുള്ള ഫിലിം ഴോണർ ആണ് സൂപ്പർഹീറോ ചിത്രങ്ങൾ. മലയാളത്തിലെ ഏറ്റവുമാദ്യത്തെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തതും ഈ സാധ്യത മുന്നിൽ കണ്ടുകൊണ്ടായിരുന്നു. മുൻപ് ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും പ്രേക്ഷക സമൂഹത്തെയാണ് ടൊവീനോ ചിത്രം മിന്നൽ മുരളി നേടിയിരിക്കുന്നത്.
നെറ്റ്ഫ്ളിക്സിന്റെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം അവരുടെ ഗ്ലോബൽ റാങ്കിംഗിൽ പോയവാരം മൂന്നാംസ്ഥാനത്തായിരുന്നു. നിരവധി ഭാഷകളിൽ മൊഴിമാറ്റ പതിപ്പുകളും മറ്റനേകം ഭാഷകളിൽ സബ് ടൈറ്റിലുകളുമായി എത്തിയിരിക്കുന്ന ചിത്രം 30 രാജ്യങ്ങളിലെ ട്രെൻഡിങ് ലിസ്റ്റിലും കഴിഞ്ഞ വാരം ഇടംപിടിച്ചിരുന്നു.
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് കൂടുതൽ സിനിമാപ്രേമികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ . ചിത്രം തന്നെ ഏറെ രസിപ്പിച്ചെന്ന് ടൊവീനോയ്ക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ കരൺ പറഞ്ഞു.
'ടൊവീനോ, മിന്നൽ മുരളി കാണാനുള്ള അവസരം എനിക്ക് ഇന്നലെ രാത്രിയാണ് ലഭിച്ചത്. എന്നെ ഒരുപാട് രസിപ്പിച്ചു ഈ ചിത്രം. ഏറ്റവും സമർഥമായ രീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ആദ്യാവസാനം അതിന്റെ രസച്ചരട് നിലനിർത്തുന്നുണ്ട്. ഒരു സൂപ്പർഹീറോ ചിത്രം എന്ന നിലയ്ക്ക് പതിവു വഴികളിൽ നിന്നുള്ള വഴിമാറിനടത്തവുമാണ് ഇത്. തീർച്ഛയായും നിങ്ങൾ ഏറെ നന്നായിരുന്നു. അഭിനന്ദനങ്ങൾ. ഒരുപാട് സന്തോഷം', ടൊവീനോയ്ക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ കരൺ മനസ് തുറന്നു.
നമ്മൾ ചെയ്യുന്ന ജോലിയെ മുഴുവൻ ലോകവും അഭിനന്ദിക്കുക എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ലെന്നും കരൺ ജോഹറിനെപ്പോലെ ഒരു പ്രമുഖ സംവിധായകനിൽ നിന്നും ഇത്തരത്തിൽ ഒരു അഭിനന്ദന സന്ദേശം ലഭിക്കുമ്പോൾ അത് സ്വപ്നതുല്യമായി തോന്നുന്നുവെന്നും ടൊവീനോ ഈ മെസേജ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സമീപകാലത്ത് മറ്റൊരു ഇന്ത്യൻ ചിത്രത്തിനും നൽകാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റിയാണ് നെറ്റ്ഫ്ളിക്സ് മിന്നൽ മുരളിക്ക് നൽകിയത്. നെറ്റ്ഫ്ളിക്സിന്റെ പ്രതീക്ഷയെ യാഥാർഥ്യമാക്കുന്നതാണ് ഇപ്പോൾ ആഗോള തലത്തിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം സൂചിപ്പിക്കുന്നത്.
വരും വാരങ്ങളിലും ലോക പ്രേക്ഷകരിലേക്ക് ചിത്രം കൂടുതൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഏഷ്യ കൂടാതെ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കഴിഞ്ഞ വാരം ചിത്രം നെറ്റ്ഫ്ളിക്സിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു.
ന്യൂസ് ഡെസ്ക്