പെരുമ്പാവൂർ: അയൽക്കാരിയും ബന്ധുക്കളും വീട്ടിലെത്തി ബഹളം വച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് പരാതി നൽകി.ഒത്തുതീർപ്പിനിടെ ഭാര്യയുടെ വെളിപ്പെടുത്തൽ പൊല്ലാപ്പായി.പരാതിക്കാരനായ സൂപ്പർമാർക്കറ്റുടമ പീഡനക്കേസിൽ അറസ്റ്റിൽ.തൃശൂർ സ്വദേശിയും പട്ടിമറ്റം ചേലക്കുളം എഫ് എൻ ഫാമിലി മാർട്ട് ഉടമയുമായ ഫിറോസ്ഖാ(42)നാണ് ഭാര്യയുടെ കണ്ണുംപൂട്ടിയുള്ള 'വെളിപ്പെടുത്ത'ലിനെത്തുടർന്ന് പീഡനക്കേസിൽ അറസ്റ്റിലായത്.

കേസിന്റെ പശ്ചാത്തലത്തെക്കുറിച്ച് പട്ടിമറ്റം പൊലീസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ.തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഭർത്താവുമായി പിരിഞ്ഞുതാമസിക്കുന്ന അയൽവാസിയായ സ്ത്രീ ഫിറോസ്ഖാന്റെ വീട്ടിലെത്തി.അല്പസമയം കഴിഞ്ഞപ്പോൾ ഇത് ചോദ്യം ചെയ്ത് യുവതിയുടെ ബന്ധുക്കൾ ഇയാളുടെ വീട്ടിലെത്തി.പിന്നെ ഇരുകൂട്ടരും തമ്മിൽ ഒച്ചപ്പാടായി.ബഹളമായി.ഇതിന് പിന്നാലെ ഫിറോസ്ഖാൻ പരാതിയുമായി പട്ടിമറ്റം പൊലീസിനെ സമീപിച്ചു.തന്നെയും കുടുംബത്തെയും യുവതിയും ബന്ധുക്കളും അപമാനിച്ചെന്നും മേലിൽ ഇത് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യണമെന്നും അവശ്യപ്പെട്ടാണ് ഇയാൾ പൊലീസിനെ സമീപിച്ചത്.

ഇതേത്തുടർന്ന് സിഐ ജെ കുര്യക്കോസ് വിഷയം സംസാരിക്കാൻ ഇരുകൂട്ടരോടും സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു.ഇതുപ്രകാരം ചൊവ്വാഴ്ച സ്‌റ്റേഷനിലെത്തിയ ഇരുകൂട്ടരും സിഐ യുടെ മുറിയിൽ വാദപ്രതിവാദത്തിലേർപ്പെട്ടു.ഇതിനിടിൽ അയൽവീട്ടിലെ പെൺകുട്ടിയുമായി തന്റെ ഭർത്താവ് ഫോൺവിളിയും കളിയും ചിരിയുമൊക്കെ ഉണ്ടെന്നും അവർ പരാതിപ്പെട്ടിട്ടില്ലന്നും മറ്റും ഇയാളുടെ ഭാര്യ തട്ടിവിട്ടു.ഒരു വിധത്തിൽ സി ഐ ഇരുകൂട്ടരെയും സമാധാനിപ്പിച്ച് പറഞ്ഞയച്ചു.പിന്നീടാണ് കേസിന്റെ ഗതിമാറ്റം.മകളെപ്പറ്റി സ്റ്റേഷനിൽ നടന്ന ചർച്ചകൾ ഫിറോസ്ഖാന്റെ സുഹൃത്തുകൂടിയായ പെൺകുട്ടിയുടെ പിതാവിന്റെ ചെവിയിലുമെത്തിയിരുന്നു.പിതാവ് വിവരങ്ങളാരാഞ്ഞപ്പോൾ വർഷങ്ങൾക്കുമുമ്പ് ഫിറോസ്ഖാനിൽ നിന്നും നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് പെൺകുട്ടി മനസ്സുതുറന്നു.

ഇതോടെ വീട്ടുകാർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കുകയും പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസ് ചാർജ്ജുചെയ്യുകയുമായിരുന്നു.ഇന്നലെ വൈകിട്ടാണ് ഫിറോസ്ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.തന്റെ കൈയിൽക്കയറി പിടിച്ചെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള അയൽവാസിയായ യുവതിയുടെ പരാതിയിൽ മറ്റൊരു കേസും ഇയാൾക്കെതിരെ ചാർജ്ജ് ചെയ്തിട്ടുണ്ടെന്ന് സി ഐ അറിയിച്ചു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കരാട്ടെ അഭ്യാസിയായ ഇയാൾ നിരവധി കുട്ടികളെ കരാട്ടെ പഠിപ്പിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.