കൊച്ചി: ഫസൽ വധക്കേസ് പ്രതിയും സി.പി.എം നേതാവുമായ കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാൻ സിബിഐ പ്രത്യേക കോടതി താൽക്കാലിക അനുമതി നൽകി. ഏറെ കാലമായി ജാമ്യവ്യവസ്ഥയുടെ ഭാഗമായി എറണാകുളത്താണ് താമസം.

കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികൾ ജില്ല വിട്ടുപോകരുതെന്നു മുൻപു കോടതി നിർദേശിച്ചിരുന്നു. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള അച്ചടി സ്ഥാപനത്തിൽ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാൽ തിരുവനന്തപുരത്തു താമസിക്കാൻ അനുവാദം വേണമെന്നു രാജൻ കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിനെ സിബിഐ കോടതിയിൽ എതിർത്തില്ല. ചില വ്യവസ്ഥകളോടെയാണു ജില്ല വിടാൻ അനുവാദം നൽകിയത്.

തിരുവനന്തപുരത്തു തങ്ങുന്ന സ്ഥലത്തിന്റെ വിശദാംശം രാജൻ കോടതിക്കു കൈമാറണം. അവിടെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ഇതു സംബന്ധിച്ചു കോടതി പൊലീസിനോടു റിപ്പോർട്ട് തേടും. തലശ്ശേരി ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജൻ. സി.പി.എം നിയന്ത്രണത്തിലുള്ള 'ചിന്ത' പബ്ലിക്കേഷനിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിക്കുന്നതിന് തിരുവനന്തപുരത്തേക്ക് പോകാൻ അനുമതി തേടിയാണ് കാരായി രാജൻ അപേക്ഷ നൽകിയത്. ഏറെ നാളായി എറണാകുളത്തുള്ള കാരായി രാജന് ഇതോടെ മറ്റൊരു സ്ഥലത്തേക്ക് പോകാനാകും.

സി.പി.എം ആസ്ഥാനമായ എകെജി സെന്ററിന് തൊട്ടടുത്താണ് ചിന്തയുടെ ഓഫീസ്. അതുകൊണ്ട് തന്നെ ഇനി കാരായി രാജൻ എകെജി സെന്റർ കേന്ദ്രീകരിച്ചാകും പ്രവർത്തിക്കുക. സംസ്ഥാന നേതൃത്വത്തിൽ കാരായിയെ സജീവമാക്കാനാണ് പാർട്ടി തീരുമാനം. കണ്ണൂർ രാഷ്ട്രീയത്തിന്റെ നേതൃത്വം കാരായിയിലേക്ക് വരുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കും. എകെജി സെന്ററിലെ പ്രവർത്തനം ഇതിന് സഹായകമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.

അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം ജില്ല വിട്ടുപോകുന്നത് കോടതി വിലക്കിയിരുന്നു. ഇതിനിടെ, 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച കാരായി രാജനെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തെങ്കിലും എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളിയതോടെ രാജിവെക്കേണ്ടിവന്നിരുന്നു.

കേസിലെ യഥാർഥ പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ നൽകിയ ഹരജി കോടതിയുടെ പരിഗണനയിലാണ്. താനും മറ്റു ആർ.എസ്.എസ് പ്രവർത്തകരും ചേർന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷാണ് മാസങ്ങൾക്കുമുമ്പ് പൊലീസിനോട് വെളിപ്പെടുത്തിയത്. 2006 ഒക്‌ടോബറിലാണ് എൻ.ഡി.എഫ് പ്രവർത്തകനായ തലശ്ശേരി മാഠപീടികയിൽ ഫസൽ കൊല്ലപ്പെട്ടത്.