കണ്ണൂർ: വോട്ടെടുപ്പു ദിവസവും കാരായിമാർതന്നെ താരങ്ങൾ. കണ്ണൂർ ജില്ലയിലെ പാട്യം പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന കാരായി രാജനാണ് തനിക്കുള്ള ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

പുല്ല്യോടി യു.പി.സ്‌ക്കൂളിലെ ബൂത്തിൽ ഒന്നാമനായി എത്തിയ കാരായി രാജൻ ആദ്യ വോട്ട് രേഖപ്പെടുത്തി അനുയായികളെ ആവേശം കൊള്ളിച്ചു. രാജൻ വോട്ടു ചെയ്യാനെത്തിയ ആവേശത്തിൽ പാർട്ടി പ്രവർത്തകരും അണികളും തുടർച്ചയായി വോട്ട് ചെയ്യാനെത്തി.

ഉച്ചതിരിഞ്ഞ് വോട്ടു ചെയ്യാൻ നിശ്ചയിച്ച സ്ത്രീകളടക്കമുള്ളവരും ഉടൻ പോളിങ് ബൂത്തിലേക്ക് കുതിച്ചു. പാട്യം ഡിവിഷനിലെ വിവിധ പോളിങ് സ്‌റ്റേഷൻ സന്ദർശിച്ച രാജനെ അനുയായികൾ അഭിവാദ്യം ചെയ്യുന്നതും പ്രത്യഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. കാരായി രാജനെ വോട്ട് ചെയ്ത് മടങ്ങുന്നവർ ഹസ്തദാനം ചെയ്തും ആശംസകളർപ്പിച്ചുമാണ് പോളിങ് സ്‌റ്റേഷൻ വിട്ടത്.

തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു കാരായി രാജനും ചന്ദ്രശേഖരനും. കേസിലെ ജാമ്യ വ്യവസ്ഥ അനുസരിച്ച് ഇരുവർക്കും എറണാകുളം ജില്ല വിട്ട് വരാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശഭരണ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിനാൽ തെരഞ്ഞെടുപ്പിന് തലേദിവസവും തിരഞ്ഞെടുപ്പു ദിവസവും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ എറണാകുളം സിബിഐ.കോടതി അനുമതി നൽകിയിരുന്നു.

ഇന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നാളെ കോടതിയിൽ ഹാജരാകണമെന്നാണ് എറണാകുളം കോടതിയുടെ വ്യവസ്ഥ. ഇക്കാര്യം അവർ കോടതിയിൽ നല്കിയ അപേക്ഷയിലും വ്യക്തമാക്കിയിരുന്നു. നേരത്തെ നാമ നിർദേശപ്പത്രിക സമർപ്പിക്കാനും കോടതി അംഗീകാരത്തോടെയാണ് ഇരുവരും കണ്ണൂരിലെത്തിയത്.

കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗര സഭയിലെ ചെള്ളക്കര വാർഡിലാണ് മത്സരിക്കുന്നത് രാവിലെ ഏഴുമണിക്ക് മുമ്പ് തന്നെ പോളിങ് ബൂത്ത് പരിസരത്ത് പ്രാദേശിക നേതാക്കൾക്കൊപ്പമാണ് ചന്ദ്രശേഖരനെത്തിയത്. ചന്ദ്രശേഖരനെ അഭിവാദ്യം ചെയ്തും ഹസ്തദാനം ചെയ്തും അണികൾ ചുറ്റും കൂടി. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കാതെ അണികളോട് മാറിനിൽക്കാൻ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. അണികളും പ്രവർത്തകരും ചന്ദ്രശേഖരനെ അനുസരിക്കുകയായിരുന്നു. ചന്ദ്രശേഖരന് വോട്ട് ചെയ്യാനുള്ള ആവേശത്തിൽ ബൂത്തിന് മുമ്പിൽ ക്യൂ നീണ്ടു.

കോടതി അനുമതിയോടെ തെരഞ്ഞെടുപ്പിന് തലേദിവസമെത്തിയ കാരായിമാർ പരമാവധി പ്രവർത്തകരെ നേരിട്ടും ടെലിഫോൺ വഴിയും ബന്ധപ്പെട്ടിരുന്നു. ചിലരെ വീടുകളിൽ പോയി വോട്ടഭ്യർഥിച്ചു. സിപിഐ.(എം) തട്ടകമായ പാട്യം ഡിവിഷനിലും തലശ്ശേരി ചെള്ളക്കര വാർഡിലും മറ്റു പ്രവർത്തനങ്ങളൊക്കെ പാർട്ടി നിർവഹിച്ചിരുന്നു.

സ്ഥാനാർത്ഥികളുടെ സാന്നിധ്യമില്ലാത്തതിനാൽ വാട്ട്‌സാപ്പും ഫേസ്‌ബുക്കും എസ്.എം.എസും വഴിയാണ് കാരായിമാരുടെ തെരഞ്ഞെടുപ്പു പ്രചാരണം പാർട്ടി പ്രവർത്തകർ നിർവ്വഹിച്ചത്. വാട്ട്‌സാപ്പ് വീഡിയോ വഴി വോട്ടർമാർക്ക് ഷെയർ ചെയ്തുള്ള പ്രചാരണം പൊടി പൊടിച്ചതും കാരായിമാർക്കുവേണ്ടിയാണ്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോ വഴിയാണ് പ്രചാരണം പ്രധാനമായും നടന്നത്. സ്ഥാനാർത്ഥികളുടെ അസാന്നിധ്യത്തിൽ ചിഹ്നവും ചിത്രവും ഉൾക്കൊള്ളിച്ച പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിക്കാട്ടിയുള്ള പ്രചാരണവും അരങ്ങേറിയിരുന്നു. ഗൃഹസന്ദർശനത്തിൽ പ്ലക്കാർഡുകൾ ഏന്തിയാണ് സ്ത്രീകളടക്കമുള്ളവർ കാരായിമാരുടെ വിജയത്തിനായി പ്രവർത്തിച്ചത്.

യു.ഡി.എഫും ബിജെപി.യും കൊലക്കേസ് പ്രതികളായവരെ സിപിഐ.(എം). സ്ഥാനാർത്ഥികളാക്കുന്നതിൽ വിവാദങ്ങളുയർത്തിയിരുന്നു. എന്നാൽ സിപിഐ.(എം). ജില്ലാ കമ്മിറ്റി തീരുമാനിച്ച നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. മത്സരിക്കുന്ന പ്രദേശത്ത് കാരായിമാരുടെ നിറസാന്നിധ്യം തിരഞ്ഞെടുപ്പു ദിവസം അണികൾക്ക് ആവേശം പകർന്നു.