സൂര്യയോ അതാരാ എന്ന് ചോദിച്ച ആളാണ് ബോളിവുഡ് താരം കരീന കപൂർ. ഒടുക്കം വിവാദമായപ്പോൾ സൂര്യയെ എനിക്ക് നന്നായി അറിയാം എന്ന് പറഞ്ഞ് ഒഴിവായി. ഇപ്പോൾ നടിയുടെ പൊതുവിഞ്ജാനം ആണ് ചർച്ചയായിരിക്കുന്നത്. സൂര്യ എന്ന് പറഞ്ഞപ്പോൾ വാ പൊളിച്ചതുപോലെയാണ് മംഗൾയാൻ എന്ന് കേട്ടപ്പോഴും കരീന വാ പൊളിച്ചിരിക്കുകയാണ്. മംഗൾയാൻ ചൊവ്വയിൽ എത്തിയതിനു തൊട്ടടുത്ത ദിവസമാണ് ഒരു ചടങ്ങിനിടെ മാദ്ധ്യമ പ്രവർത്തകരിൽ ഒരാൾ ഇതേക്കുറിച്ച് പ്രതികരണം ആവശ്യപ്പെട്ടത്. ഉത്തരം വ്യക്തമായി അറിയാതെ ചമ്മിനിൽക്കുന്ന കരീനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ താരം.

ഒരു ഹെയർകെയർ പ്രൊഡക്റ്റിസിന്റെ പ്രമോഷൻ ചടങ്ങിനിടെ മംഗൾയാൻ വിജയത്തെ കുറിച്ചെന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ ആദ്യം കരീന ഒന്ന് മിഴിച്ചു. പിന്നെ ചോദ്യം ഒന്നുകൂടെ ആവർത്തിക്കാൻ പറഞ്ഞു. താരത്തിന് സംഗതി പിടികിട്ടിയില്ല. മംഗൾയാൻ എന്ന് ഇതിന് മുമ്പ് കേട്ടിട്ടില്ലാത്ത പോലെയായിരുന്നു കരീനയുടെ പ്രതികരണം. എന്നാൽ അത് തന്ത്രത്തിൽ മറികടന്ന് ഹിന്ദിയിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് ഇംഗ്ലീഷിൽ തർജിമ ചെയ്തു നൽകണമെന്ന് കരീന ആവശ്യപ്പെട്ടു.

തുടർന്ന് കരീന ഉത്തരം പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട് സംഘാടകരിൽ ഒരാൾ അവസരോചിതമായി ഇടപെട്ട് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. ആകെ വിളറി വെളുത്ത കരീന പിന്നെ എങ്ങനെയും തലയൂരുന്നതിനാണ് ശ്രമിച്ചത്. ഈ ചോദ്യം തനിക്ക് മറുപടി പറയാൻ കഴിയുന്നതിനപ്പുറമുള്ള ശാസ്ത്രവിഷയമാണെന്നായിരുന്നു കരീനയുടെ പ്രതികരണം. ഭൂമിക്ക് പുറത്തും ഒരു ജീവിതമുണ്ട്. ഒരു നാൾ എനിക്കും ചൊവ്വയിൽ പോകണം. അതും ഒറ്റയ്ക്ക് എന്നായി താരത്തിന്റെ മറുപടി. 'അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയറഞ്ഞാഴി' എന്ന് പറഞ്ഞതുപോലെയായല്ലോ കരീനേ എന്നായിപ്പോയി കേട്ടവർ.

എന്നാൽ കാര്യങ്ങൾ ഇവിടം കൊണ്ട് തീർന്നില്ല. ചമ്മൽ മറച്ചുവയ്ക്കാൻ കൂടുതൽ വിശദീകരണം കരീന ഈ ചോദ്യത്തിന് നൽകി. എനിക്കും ബഹിരാകാശത്തേക്ക് പോകാൻ ആഗ്രഹമുണ്ട്... എന്നെയും കൂടി കൊണ്ടുപോകുമോ... എന്നൊക്കെ ചോദിച്ചു തടിതപ്പാൻ നോക്കിയ കരീനയെ മാദ്ധ്യമപ്രവർത്തകർ വീണ്ടും കുരുക്കി. ഉടൻ എത്തി അടുത്ത ചോദ്യം. ബഹിരാകാശയാത്രയിൽ ഭർത്താവിനെയും ഒപ്പം കൂട്ടുമോ എന്ന്?. സെയിഫ് ഇപ്പോഴെ ബഹിരാകാശത്താണ്, എനിക്കൊപ്പം വരുമെന്നു തോന്നുന്നില്ല എന്നായിരുന്നു ഇതിനുള്ള കരിനയുടെ മറുപടി. എന്തായാലും ഒരു വിധം അവിടുന്ന് രക്ഷപ്പെടുകയായിരുന്നു കരീന. ചമ്മി നിൽക്കുന്ന കരീനയുടെ ചിത്രവും ഫേസ്‌ബുക്കിൽ പ്രചരിക്കുകയാണ്. അടുത്തിടെ ടെലിവിഷൻ ഷോയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരുചോദിച്ചപ്പോൾ പൃഥ്വിരാജ് ചൗഹാനല്ലേ എന്നു തിരിച്ചു ചോദിച്ച ആലിയ ഭട്ടിനൊരു കൂട്ടായിരിക്കുകയാണ് കരീനയും.