മുംബൈ: മാധ്യമങ്ങളുടെ പ്രിയതാരമാണ് കരീന കപൂർ സെയ്ഫ് അലിഖാനും. ഇവർക്ക് ജനിച്ച മകൻ തൈമൂർ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പട്ടൗഡിയിലെ കൊട്ടാരത്തിൽ വെച്ചു തന്നെയാണ് തൈമൂറിന്റെ പിറന്നാൾ ആഘോഷം. ഈ മാസം 20നാണ് പിറന്നാൾ. പിറന്നാൾ ആഘോഷം ഹരിയാനയിലെ പട്ടൗഡി പാലസിൽ വച്ചാണ്. വിഖ്യാത രാജകുടുംബമായ പട്ടൗഡി കുടുംബത്തിൽപ്പെട്ടയാളാണ് സെയ്ഫ്.

ഇരുവരും കുഞ്ഞിനെയും കൊണ്ട് വിമാനത്താവളത്തിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരീനയും സെയ്ഫും കൈകോർത്താണ് നടക്കുന്നത്. കുഞ്ഞിനെ സെയ്ഫാണ് എടുത്തിരിക്കുന്നത്. ഉറക്കം തൂങ്ങിയാണ് തൈമൂർ അച്ഛന്റെ കൈകളിൽ ഇരിക്കുന്നത്. ഇടയ്ക്ക് മാധ്യമപ്രവർത്തകർക്ക് നേരെ കൈവീശിപ്പിക്കാൻ തൈമൂറിനെക്കൊണ്ട് സെയ്ഫ് ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് അത്ര നല്ല മൂഡിലായിരുന്നില്ല.

'തൈമൂറിന്റെ പിറന്നാൾ ആഘോഷം ഞങ്ങൾക്ക് അത്രയേറെ പ്രത്യേകതയുള്ള നിമിഷമാണ്. കുടുംബം മുഴുവൻ വളരെ സന്തോഷത്തിലാണ്. ചെറിയ രീതിയിൽ ഒരു കുടുംബസംഗമം കൂടിയാണ് തൈമൂറിന്റെ പിറന്നാൾ'', കരീനയുടെ സഹോദരി കരീഷ്മ പറഞ്ഞു.

2011 ഒക്ടോബറിലാണ് പട്ടൗഡി നവാബ് സ്ഥാനം സെയ്ഫ് അലി ഖാനിലേക്ക് എത്തുന്നത്. 2014ൽ സെയ്ഫ് ചുമതലയേറ്റെടുത്തു. അതിന് ശേഷം സെയ്ഫിന്റെ മാതാവ് ഷർമിള ടാഗോറും കരീനയും ചേർന്ന് കൊട്ടാരം പുനരലങ്കരിച്ചിരുന്നു. 10 മുറികളുള്ളതാണ് കൊട്ടാരം. സെയ്ഫും കരീനയും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചതും പട്ടൗഡി പാലസിൽ വച്ചാണ്. 2012ലായിരുന്നു ഇരുവരുടെയും വിവാഹം.